ഡോ. പി.എം.മാത്യു വെല്ലൂര്‍ അന്തരിച്ചു, കടന്നുപോയത് മനശ്ശാസ്ത്ര വിഷാരദന്‍

തിരുവനന്തപുരം: പ്രമുഖ മനഃശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ. പി.എം. മാത്യു വെല്ലൂര്‍ (87) അന്തരിച്ചു. പട്ടം പ്ലാമൂട് ചാരാച്ചിറയിലെ വീട്ടിലായിരുന്നു അന്ത്യം.
തിരുവനന്തപുരം മനഃശാസ്ത്ര ചികിത്സാകേന്ദ്രത്തിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റിന്റെയും ഡയറക്ടറായിരുന്നു. സര്‍വവിജ്ഞാനകോശത്തില്‍ മനഃശാസ്ത്രവിഭാഗത്തിന്റെ എഡിറ്ററായി അഞ്ചു വര്‍ഷം സേവനമനുഷ്ഠിച്ചു. നിരവധി മനഃശാസ്ത്ര ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്.
മാവേലിക്കരയ്ക്കടുത്ത് കരിപ്പുഴയില്‍ 1933 ജനുവരിയില്‍ പാലയ്ക്കല്‍താഴെ കുടുംബത്തിലാണ് ജനിച്ചത്. കേരള സര്‍വകലാശാലയില്‍നിന്ന് എം.എ. ബിരുദവും ഡോക്ടറേറ്റും നേടി. 1970 വരെ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മനോരോഗവിഭാഗത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായും മെഡിക്കല്‍ കോളേജില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചു. മനഃശാസ്ത്രം, കുടുംബജീവിതം എന്നീ മാസികകളുടെ ആദ്യകാല പത്രാധിപരായിരുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ മനഃശാസ്ത്രപരമായ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ‘രതിവിജ്ഞാനകോശം’ എന്ന ഗ്രന്ഥത്തിന്റെ എഡിറ്ററായിരുന്നു. ഭാര്യ: സൂസി മാത്യു. മക്കള്‍: ഡോ. സജ്ജന്‍, ഡോ. റേബാ, ലോല. ശവസംസ്‌കാരം ചൊവ്വാഴ്ച മാവേലിക്കരയില്‍ നടക്കും. നാടകാഭിനയം, ശില്പകല, കാര്‍ട്ടൂണ്‍ രചന എന്നിവയിലും വ്യാപരിച്ചു. ലെനിന്‍ രാജേന്ദ്രന്റെ ‘രാത്രിമഴ’, അടൂരിന്റെ ‘നിഴല്‍ക്കുത്ത്’, കെ.ജി.ജോര്‍ജിന്റെ ‘ഈ കണ്ണി കൂടി’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

പി. എം. മാത്യു വെല്ലൂരിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

പ്രശസ്ത മനഃശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ. പി. എം. മാത്യു വെല്ലൂരിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

മന:ശാസ്ത്ര പ്രശ്നങ്ങൾ ലളിതമായി അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ പംക്തികളും ലേഖനങ്ങളും ശ്രദ്ധേയമായിരുന്നു. മാനസികാരോഗ്യ കാര്യങ്ങളെക്കുറിച്ച് സാധാരണക്കാരിൽ അവബോധം സൃഷ്ടിക്കാൻ ഒരു അധ്യാപകനെപ്പോലെ അദ്ദേഹം പ്രയത്നിച്ചു. മന:ശാസ്ത്ര മേഖലക്ക് പി.എം. മാത്യു നൽകിയ സംഭാവനകൾ വിലപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൃതികള്‍

‘അച്ഛാ ഞാന്‍ എവിടെനിന്നു വന്നു?’, ‘കുമാരീകുമാരന്മാരുടെ പ്രശ്‌നങ്ങള്‍’, ‘കുടുംബജീവിതം’, ‘ബാല്യം കൗമാരം യൗവനം വാര്‍ദ്ധക്യം’, ‘അച്ഛന്‍ കുട്ടിയായിരുന്നപ്പോള്‍’, ‘നിങ്ങളുടെ ജീവിതപ്രശ്‌നങ്ങള്‍’, ‘അഴിയുന്ന കുരുക്കുകള്‍’, ‘മാനസിക പ്രശ്‌നങ്ങള്‍’, ‘എങ്ങനെ പഠിക്കണം പരീക്ഷ എഴുതണം? റാങ്ക് നേടാന്‍’, ‘ദാമ്പത്യം ബന്ധം ബന്ധനം’.