‘മാറ്റി കുത്തിയാല്‍ മാറ്റം കാണാം’; വടകരയില്‍ ജയരാജനെതിരെ മുന്‍ സിപിഎം നേതാവ്

തലശ്ശേരി: വടകര മണ്ഡലത്തില്‍ പി ജയരാജനെതിരെ മുന്‍ സിപിഎം നേതാവ് സി.ഒ.ടി നസീര്‍ മത്സരിക്കാന്‍ ഒരുങ്ങുന്നു. ‘മാറ്റി കുത്തിയാല്‍ മാറ്റം കാണാം’ എന്നാണ് നസീര്‍ തെരഞ്ഞെടുപ്പില്‍ മുന്നോട്ട് വയ്ക്കുന്ന മുദ്രാവാക്യം. തലശ്ശേരി നഗരസഭാ മുന്‍ കൗണ്‍സിലറുമാണ് നസീര്‍. കണ്ണൂരില്‍ വച്ച് ഉമ്മന്‍ ചാണ്ടിക്കെതിരെ കല്ലെറിഞ്ഞ കേസിലെ പ്രതി കൂടിയാണ് സി.ഒ.ടി നസീര്‍

വര്‍ഗീതയും കൊലപാതകവും വര്‍ധിച്ച സാഹചര്യത്തില്‍ യുവാക്കളുടെ പിന്തുണയോടെ മണ്ഡലത്തില്‍ മത്സരിച്ചു ജയിക്കാനാവുമെന്നാണ് സിഒടി നസീറിന്റെ പ്രതീക്ഷ. മണ്ഡലത്തിലെ യുവജനങ്ങളും നാട്ടുകാരും തനിക്ക് അകമഴിഞ്ഞ പിന്തുണ നല്‍കുമെന്ന് നസീര്‍ കണക്കുകൂട്ടുന്നു.

പുതിയ ആശയം, പുതിയ രാഷ്ട്രീയം എന്നതാണ് താന്‍ മുന്നോട്ട് വയ്ക്കുന്ന ആശയം. സൗഹാര്‍ദ്ദപരമായ ഒരു രാഷ്ട്രീയം കേരളത്തിലെത്തണം. അതാണ് താന്‍ ലക്ഷ്യം വയ്ക്കുന്നത്. അക്രമമല്ല, സേവനമാണ് രാഷ്ട്രീയ പ്രവര്‍ത്തനം. ഒച്ചിന്റെ വേഗത്തിലല്ല കുതിരയുടെ വേഗത്തിലാണ് വികസനം വരേണ്ടത്, ഇതിനായിട്ടാവും തന്റെ പ്രവര്‍ത്തനങ്ങള്‍ എന്നും നസീര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു.

തലശ്ശേരി നഗരസഭ കൗണ്‍സിലറും സി.പി.എം. പ്രാദേശിക നേതാവും ആയിരുന്ന സി.ഒ.ടി. നസീര്‍ 2015 ലാണ് പാര്‍ട്ടിയുമായി അകന്നത്. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ ഷംസീറിനെതിരെ തലശ്ശേരിയില്‍ മത്സരിക്കാന്‍ തയ്യാറായിരുന്നു. പക്ഷേ, അവസാന നിമിഷം പിന്‍മാറുകയാണുണ്ടായത്.