ചിദംബരത്തെ ചോദ്യം ചെയ്യുന്നു; പി. ചിദംബരത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ന്യൂഡൽഹി: ഇന്നലെ രാത്രിയോടെ അറസ്റ്റിലായ മുൻ ധനമന്ത്രി പി ചിദംബരത്തെ വ്യാഴാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. അതുവരെ ചിദംബരത്തെ ചോദ്യം ചെയ്യലിന് വിധേയനാക്കാനാണ് സിബിഐയുടെ തീരുമാനം. എന്നാൽ ചിദംബരം ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല. സിബിഐ ആസ്ഥാനത്തെ മൂന്നാം നമ്പർ ലോക്കപ്പിലാണ് ചിദംബരം ഇപ്പോഴുള്ളത്. ബുധനാഴ്ച രാത്രി ജോര്‍ബാഗിലെ വസതിയില്‍നിന്ന് അറസ്റ്റ് ചെയ്ത അദ്ദേഹത്തെ ഡല്‍ഹിയിലെ സി.ബി.ഐ. ആസ്ഥാനത്ത് ഒന്നരമണിക്കൂറോളം ചോദ്യംചെയ്തിരുന്നു.

പി. ചിദംബരത്തെ 14 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ സി.ബി.ഐ. സംഘം കോടതിയില്‍ ആവശ്യമുന്നയിക്കും. കേസില്‍ നേരത്തെ ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടും അദ്ദേഹം സഹകരിച്ചില്ലെന്നും വിശദമായ ചോദ്യംചെയ്യല്‍ ആവശ്യമുണ്ടെന്നും ചൂണ്ടിക്കാണിച്ചായിരിക്കും സി.ബി.ഐ. കസ്റ്റഡി അപേക്ഷ നല്‍കുക. ഇന്ദ്രാണി മുഖര്‍ജി പി. ചിദംബരത്തിനെതിരെ സുപ്രധാന മൊഴി നല്‍കിയിട്ടുണ്ടെന്നും കോടതിയെ അറിയിക്കും.

ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരം ഇതേ കേസുമായി ബന്ധപ്പെട്ട് ജാമ്യത്തിലാണ് കഴിയുന്നത്. കാർത്തിയുടെ ജാമ്യം റദ്ദാക്കാനായി സിബിഐ കോടതിയെ സമീപിക്കുമെന്ന സൂചനകളും വരുന്നുണ്ട്. കാർത്തി ചെന്നൈയിൽ നിന്ന് രാവിലെയോടെ ദില്ലിയിലെത്തിയിട്ടുണ്ട്. അതേസമയം, പി ചിദംബരവും ഇന്ന് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചേക്കും. നാളെയാണ് ചിദംബരത്തിന്‍റെ ജാമ്യഹർജി സുപ്രീംകോടതിയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇന്ന് തന്നെ ജാമ്യഹർജിയുമായി എത്താനാകുമോ എന്ന് കോൺഗ്രസ് വൃത്തങ്ങൾ ആലോചിക്കുന്നുണ്ട്.

അറസ്റ്റ് തടയാന്‍ സുപ്രീംകോടതി വിസമ്മതിച്ചതോടെ രാത്രി നാടകീയമായി എഐസിസി ആസ്ഥാനത്തെത്തി വാര്‍ത്താ സമ്മേളനം നടത്തി മടങ്ങിയതിന് പിന്നാലെയാണ് സിബിഐ സംഘം ചിദംബരത്തിന്‍റെ വീട്ടിലെത്തിയത്. ആദ്യം സിബിഐ കോൺഗ്രസ് ആസ്ഥാനത്തേക്ക് പുറപ്പെട്ടു, പിന്നീട് ചിദംബരത്തിന്‍റെ വീട്ടിലെത്തി. ഗേറ്റുകൾ രണ്ടും പൂട്ടിയ നിലയിലായിരുന്നു. സിബിഐ സംഘവും പിന്നീടെത്തിയ എൻഫോഴ്‍സ്മെന്‍റ് സംഘവും മതിൽ ചാടിയാണ് അകത്തേക്ക് പ്രവേശിച്ചത്.

ഐ.എന്‍.എക്‌സ് മീഡിയ എന്ന മാധ്യമക്കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന് പ്രതിഫലമായി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസ്. സി.ബി.ഐയുടെ വളരെ നാടകീയമായ അറസ്റ്റിനെതിരെ ഇന്നലെ ചിദംബരത്തിന്റെ വീടിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മോദി വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയിരുന്നു.

സംഭവത്തിൽ, ജമ്മു കശ്മീരിന്റെ പ്രത്യക പദവി റദ്ദാക്കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ വിഷയത്തില്‍ നിന്നും വ്യതിചലിപ്പിക്കാനാണ് ചിദംബരത്തിന്റെ അറസ്റ്റെന്നായിരുന്നു കാര്‍ത്തിയുടെ ആരോപണം.

ചിദംബരത്തിന്റെ അറസ്റ്റ് പ്രതികാര നടപടിയാണെന്നും കാര്‍ത്തി എ.എന്‍.ഐയോട് പ്രതികരിച്ചു.