അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മീനിൽ ഫോർമലിൻ സാന്നിധ്യം; കണ്ണടച്ച് സ്റ്റേറ്റ് അനലിറ്റിക്കൽ ലാബ്

തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലെത്തിച്ച മീനിൽ ഗുരുതര ആരോഗ്യപ്രശ്‌നമുണ്ടാക്കുന്ന ഫോർമലിൻ സാന്നിധ്യം കണ്ടെത്തിയിരുന്നു. കൊച്ചിയിലെ സെൻട്രൽ ഫിഷറീസ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സിഫ്ട്) പരിശോധനയിലാണ് ഇത് തിരിച്ചറിഞ്ഞത്. എന്നാൽ തിരുവനന്തപുരത്തെ സ്റ്റേറ്റ് അനലിറ്റിക്കൽ ലാബിൽ നടത്തിയ പരിശോധനയിൽ ഇതേ സാംപിളിൽ ഫോർമലിൻ ഇല്ലെന്നായിരുന്നു റിപ്പോർട്ട്. ഇതാണ് ഇപ്പോൾ സംശയത്തിന് വഴിവച്ചിരിക്കുന്നത്. ദേശീയ അംഗീകാരമുള്ള (എൻ.എ.ബി.എൽ.) തിരുവനന്തപുരത്തെ സ്റ്റേറ്റ് അനലിറ്റിക്കൽ ലാബ് ഇപ്പോൾ സംശയത്തിന്റെ നിഴലിലായി.

മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലെത്തിക്കുന്ന മീൻ ഏതാനും ദിവസങ്ങളായി ഭക്ഷ്യ സുരക്ഷാവകുപ്പ് വ്യാപകമായി പരിശോധിക്കുന്നുണ്ട്. അമരവിള ചെക്പോസ്റ്റ് വഴി കഴിഞ്ഞദിവസം ഹൈദരാബാദിൽനിന്ന് കേരളത്തിലേക്കെത്തിച്ച 6000 കിലോ മീനിലാണ് ഫോർമലിൻ സാന്നിധ്യം കണ്ടെത്തിയത്. സിഫ്ടിന്റെ പേപ്പർ പരിശോധനയിലായിരുന്നു ഇത്.

നിയമനടപടികളുടെ ഭാഗമായി കൂടുതൽ രേഖകൾക്കായാണ് അനലിറ്റിക്കൽ ലാബിൽ സാംപിൾ പരിശോധനയ്ക്കയച്ചത്. ഫോർമലിൻ സാന്നിധ്യം ഇല്ലെന്നായിരുന്നു ഇവിടത്തെ റിപ്പോർട്ട്. ഇതേത്തുടർന്ന് കൂടുതൽ പരിശോധനയ്ക്കായി കൊച്ചി സിഫ്ടിലേക്ക് സാംപിൾ കൈമാറി. സിഫ്ടിലെ പരിശോധനയിൽ ഒരു കിലോ മീനിൽ 63.6 മില്ലീഗ്രാം ഫോർമലിനുണ്ടെന്ന് കണ്ടെത്തി. രണ്ടുറിപ്പോർട്ടും വ്യത്യസ്തമായ സ്ഥിതിക്ക് കൂടുതൽ പരിശോധന നടത്താൻ തീരുമാനിച്ചതായി ഭക്ഷ്യ സുരക്ഷാവകുപ്പ് അസിസ്റ്റന്റ് കമ്മിഷണർ പറഞ്ഞു.

ഫോര്‍മാലിന്‍,എഥനോള്‍,മെഥനോള്‍ എന്നിവയുടെ രാസമിശ്രിതം മൃതശരീരങ്ങള്‍ അഴുകാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്നതാണ്. ഏറിയ അളവില്‍ ശരീരത്തില്‍ എത്തുന്ന ഫോര്‍മാലിന്‍ ശ്വാസകോശ അര്‍ബുദം, വിളര്‍ച്ച, കുടലിലെ അള്‍സര്‍ എന്നിവയ്ക്ക് കാരണമാകുന്നു.