ബിന്‍ ലാദന്റെ മകന്‍ ഹംസ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യു.എസ് ഇന്റലിജന്‍സ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ മരണം നടന്ന സ്ഥലത്തെ കുറിച്ചോ തിയതിയെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഇന്നു രാവിലെയായിരുന്നു ആദ്യ റിപ്പോര്‍ട്ട് വന്നതെങ്കിലും അപ്പോള്‍ വാര്‍ത്തയ്ക്ക് സ്ഥിരീകരണമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സ്ഥിരീകരണം ലഭിച്ചെന്ന് അവകാശപ്പെട്ടാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ യു.എസിനു പങ്കുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

സൗദി അറേബ്യക്കെതിരെ നിരന്തരം ഭീഷണിയുയര്‍ത്തിക്കൊണ്ടിരുന്ന ഹംസ പരസ്യ പ്രസ്താവനകളിലൂടെ ശ്രദ്ധേയനായിരുന്നു. ഒസാമയുടെ ഇരുപതുമക്കളില്‍ പതിനഞ്ചാമനായാരുന്നു ഹംസ. പിതാവിനൊപ്പം അല്‍ ഖ്വയ്ദയുടെ പ്രചാരണ വീഡിയോകളില്‍ ഹംസയും പ്രത്യക്ഷപ്പെട്ടിരുന്നു.

തുടര്‍ന്ന് മാര്‍ച്ചില്‍ ഹംസയുടെ പൗരത്വം സൗദി റദ്ദാക്കിയിരുന്നു. ഹംസ എവിടെയുണ്ടെന്നു പറഞ്ഞുകൊടുക്കുകയോ കുറഞ്ഞത് സൂചന നല്‍കുകയോ ചെയ്താല്‍ ഒരു മില്യണ്‍ യു.എസ് ഡോളറാണ് യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വാഗ്ദാനം ചെയ്തിരുന്നു.

30 വയസ്സുണ്ടെന്നു കരുതുന്ന ഹംസ സെപ്റ്റംബര്‍ 11-ലെ ആക്രമണത്തിനു മുന്‍പുവരെ അഫ്ഗാനിസ്ഥാനിലായിരുന്നു. തുടര്‍ന്നാണ് അല്‍ഖ്വെയ്ദയുടെ നേതൃത്വത്തിലേക്കു വരുന്നത്.