വോട്ടിംഗ് സമയം ദീര്‍ഘിപ്പിക്കാനും പോസ്റ്റല്‍ വോട്ടിനും ഓര്‍ഡിനന്‍സ് കൊണ്ടുവരും

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിക്കുന്നതിന് കേരള
മുനിസിപ്പാലിറ്റി ആക്ടിലും കേരള പഞ്ചായത്ത് രാജ് ആക്ടിലും ഭേദഗതി കൊണ്ടുവരാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ
ചെയ്യാന്‍ തീരുമാനിച്ചു. നിര്‍ദിഷ്ട ഭദഗതി അനുസരിച്ച് പോളിംഗ് സമയം രാവിലെ ഏഴു മണി മുതല്‍ വൈകീട്ട് ആറുമണി വരെയാണ്. കോവിഡ്-19 രോഗം
ബാധിച്ചവര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ട് ചെയ്യുന്നതിന് അവസരം ഉണ്ടായിരിക്കും.

കേരള സര്‍ക്കാരില്‍ സെക്രട്ടറിതല മാറ്റങ്ങള്‍, നിയമനങ്ങള്‍

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ഐ.എ.എസ് തലത്തില്‍ ചില അഴിച്ചുപണികള്‍ നടത്തി. അതിന്റെ വിവരങ്ങള്‍ ചുവടെ:

1. വനം-വന്യജീവി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആഷാ തോമസിനെ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ്
സെക്രട്ടറിയായി മാറ്റി നിയമിക്കും. പാര്‍ലമെന്ററി കാര്യ വകുപ്പിന്റെ അധിക ചുമതല കൂടി ഇവര്‍ വഹിക്കും.

2. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന രാജേഷ് കുമാര്‍ സിന്‍ഹയെ വനം-വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി
നിയമിക്കും. ഇന്‍ഡസ്ട്രീസ് (കാഷ്യൂ) പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല കൂടി ഇദ്ദേഹം വഹിക്കും.

3. സപ്ലൈക്കോ ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി. അശോകിനെ റോഡ് സേഫ്റ്റി അതോറിറ്റി കമ്മീഷണറായി മാറ്റി നിയമിക്കും.

4. തുറമുഖ വകുപ്പ് സെക്രട്ടറി സഞ്ജയ് എം. കൗളിനെ ആഭ്യന്തരവും വിജിലന്‍സും വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കും. ഇദ്ദേഹം നിലവില്‍
വഹിക്കുന്ന ചുമതലകള്‍ തുടര്‍ന്നും വഹിക്കും.

5. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് സെക്രട്ടറി കെ. ഗോപാലകൃഷ്ണ ഭട്ടിനെ സൈനിക ക്ഷേമ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കും.
പ്രിന്റിംഗ് & സ്റ്റേഷനറി വകുപ്പിന്റെ അധിക ചുമതല കൂടി ഇദ്ദേഹം വഹിക്കും.

6. ലാന്റ് റവന്യൂ കമ്മീഷണര്‍ സി.എ. ലതയെ ഫിഷറീസ് വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കും.

7. തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി കെ. ബിജുവിനെ ലാന്റ് റവന്യൂ കമ്മീഷണറായി മാറ്റി നിയമിക്കും. സ്‌പെഷ്യല്‍ സെക്രട്ടറി (ലാന്റ്
അക്വിസിഷന്‍) റവന്യൂ വകുപ്പിന്റെ അധിക ചുമതല തുടര്‍ന്നും വഹിക്കും.

8. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികിഷോര്‍ വിവര-പൊതുജന സമ്പര്‍ക്ക വകുപ്പ് ഡയറക്ടറുടെ അധിക ചുമതല കൂടി വഹിക്കും.

9. ഫിഷറീസ് ഡയറക്ടര്‍ എം.ജി. രാജമാണിക്യത്തെ കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടറായി മാറ്റി നിയമിക്കും.

10. വിവര-പൊതുജന സമ്പര്‍ക്ക വകുപ്പ് ഡയറക്ടര്‍ യു.വി. ജോസിനെ തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കും.
ഇദ്ദേഹം ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതല തുടര്‍ന്നും വഹിക്കും.

23 ഓര്‍ഡിനന്‍സുകള്‍ പുനഃവിളംബരപ്പെടുത്താന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

1. 2020-ലെ കേരള എപിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ്
2. 2020-ലെ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (ഭേദഗതി) ഓര്‍ഡിനന്‍സ്
3. 2020-ലെ കേരള സ്റ്റേറ്റ് ഗുഡ്‌സ് ആന്റ് സര്‍വീസസ് ടാക്‌സ് (ഭേദഗതി) ഓര്‍ഡിനന്‍സ്.
4. 2020-ലെ കേരള വിദ്യാഭ്യാസ (ഭേദഗതി) ഓര്‍ഡിനന്‍സ്
5. 2020-ലെ കേരള മിനറല്‍സ് (വെസ്റ്റിംഗ് ഓഫ് റൈറ്റ്‌സ്) ഓര്‍ഡിനന്‍സ്.
6. 2020-ലെ കേരള അഗ്രകള്‍ച്ചറല്‍ വര്‍ക്കേഴ്‌സ് (ഭേദഗതി) ഓര്‍ഡിനന്‍സ്.
7. 2020-ലെ കേരള ലേബര്‍ വെല്‍ഫയര്‍ ഫണ്ട് (ഭേദഗതി) ഓര്‍ഡിനന്‍സ്.
8. 2020-ലെ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സ്, ഇന്നോവേഷന്‍ ആന്റ് ടെക്‌നോളജി ഓര്‍ഡിനന്‍സ്.
9. 2020-ലെ കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് (രണ്ടാം ഭേദഗതി) ഓര്‍ഡിനന്‍സ്.
10. 2020-ലെ കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ഓര്‍ഡിനന്‍സ്.
11. 2020-ലെ പേമെന്റ് ഓഫ് സാലറീസ് ആന്റ് അലവന്‍സസ് (ഭേദഗതി) ഓര്‍ഡിനന്‍സ്.
12. 2020-ലെ കേരള ഡിസാസ്റ്റര്‍ ആന്റ് പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി (സ്‌പെഷ്യല്‍ പ്രൊവിഷന്‍സ്) ഓര്‍ഡിനന്‍സ്.
13. 2020-ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ഓര്‍ഡിനന്‍സ് (2020-ലെ 31)
14. 2020-ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ഓര്‍ഡിനന്‍സ് (2020-ലെ 32)
15. 2020-ലെ കേരള ജനറല്‍ സെയില്‍സ് ടാക്‌സ് (ഭേദഗതി) ഓര്‍ഡിനന്‍സ്.
16. 2020-ലെ കേരള ആഭരണ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ഓര്‍ഡിനന്‍സ്.
17. 2020-ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ്‌സ് (വെസ്റ്റിംഗ് ആന്റ് അസൈന്‍മെന്റ്) (ഭേദഗതി) ഓര്‍ഡിനന്‍സ്.
18. 2020-ലെ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട അധിക ചുമതലകള്‍) ഓര്‍ഡിനന്‍സ്.
19. 2020-ലെ കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ഓര്‍ഡിനന്‍സ്.
20. 2020-ലെ കേരള സ്റ്റേറ്റ് ഗുഡ്‌സ് ആന്റ് സര്‍വീസസ് ടാക്‌സ് (രണ്ടാം ഭേദഗതി) ഓര്‍ഡിനന്‍സ്.
21. 2020-ലെ കേരള പ്രൊവിഷണല്‍ കളക്ഷന്‍ ഓഫ് റവന്യൂസ് (ഭേദഗതി) ഓര്‍ഡിനന്‍സ്.
22. 2020-ലെ കേരള ധനസംബന്ധമായ ഉത്തരവാദിത്ത (ഭേദഗതി) ഓര്‍ഡിനന്‍സ്.
23. 2020-ലെ കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ഓര്‍ഡിനന്‍സ്.

ശമ്പള പരിഷ്‌കരണം

കേരള സിറാമിക്‌സ് ലിമിറ്റ്ഡ് കമ്പനിയിലെ ഓഫീസര്‍മാരുടെ ശമ്പള പരിഷ്‌കരണം ധനകാര്യ വകുപ്പും പബ്ലിക് എന്റര്‍പ്രൈസസ് ബോര്‍ഡും നിഷ്‌കര്‍ഷിച്ചുട്ടുള്ള
വ്യവസ്ഥകള്‍ക്കു വിധേയമായി 01-04-2011 മുതല്‍ അഞ്ചു വര്‍ഷത്തേക്ക് നടപ്പാക്കും. ശമ്പളപരിഷ്‌കരണത്തിന്റെ സാമ്പത്തിക ആനുകൂല്യങ്ങള്‍ക്ക് ഉത്തരവ്
തീയതി മുതല്‍ മാത്രമേ പ്രാബല്യമുണ്ടായിരിക്കുകയുള്ളൂ.

തസ്തികകള്‍

2010-ല്‍ അനുവദിച്ചതും 2011-12 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചതുമായ സംസ്ഥാനത്തെ അഞ്ച് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ 3
എച്ച്.എസ്.എസ്.ടി തസ്തികകളും 8 എച്ച്.എസ്.എസ്.ടി ജൂനിയര്‍ തസ്തികകളും സൃഷ്ടിക്കാനും 6 എച്ച്.എസ്.എസ്.ടി ജൂനിയര്‍ തസ്തികകള്‍ അപ്‌ഗ്രേഡ്
ചെയ്യുന്നതിനും തീരുമാനിച്ചു. കൊല്ലം ഗവ. ജവഹര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍, അണക്കര ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍, മഞ്ചേരി ഗവ. ഗേള്‍സ്
ഹയര്‍സെക്കന്ററി സ്‌കൂള്‍, തിരൂര്‍ ബി.പി. അങ്ങാടി ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍, വെസ്റ്റ് കല്ലട ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നീ
സ്‌കൂളുകളിലായിരിക്കും തസ്തികകള്‍ അനുവദിക്കുക.

ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ നിന്നും തുക അനുവദിച്ചു

കോഴിക്കോട് തോട്ടകടവത്ത് വൈഷ്ണവത്തില്‍ വിഷ്ണുവിന് കൃത്രിമക്കാല്‍ ഘടിപ്പിക്കുന്നതിന് മാനുഷിക പരിഗണന നല്‍കി ഒരു പ്രത്യേക കേസായി
പരിഗണിച്ച് 1,97,000 രൂപ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ നിന്നും അനുവദിക്കാന്‍ തീരുമാനിച്ചു.

പിഴ ശിക്ഷ ഒഴിവാക്കും

കോഴഞ്ചേരി മൈലപ്ര മേക്കോഴൂര്‍ തടത്തില്‍ വീട്ടില്‍ മോഹനന് പത്തനംതിട്ട അഡീഷണല്‍ ജില്ലാ ആന്റ് സെഷന്‍സ് കോടതി ചുമത്തിയ ഒരു ലക്ഷം രൂപ പിഴ
ഒഴിവാക്കി നല്‍കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ നല്‍കാന്‍ തീരുമാനിച്ചു. മോഹനന്‍ മരണപ്പെട്ട സാഹചര്യത്തില്‍ ഭാര്യ ശാന്ത സമര്‍പ്പിച്ച അപേക്ഷ
പരിഗണിച്ചാണിത്.