കാലവർഷം അടുത്ത 36 മണിക്കൂറിൽ; നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവര്‍ഷം അടുത്ത 36 മണിക്കൂറിനുള്ളില്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അറബിക്കടലിൽ‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ഞായറാഴ്ചയോടെ ശക്തി പ്രാപിക്കുമെന്നും ഇത് കേരള കര്‍ണ്ണാടക തീരത്ത് വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയുണ്ട്.

സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ കൊല്ലം, ആലപ്പുഴ ജില്ലകളിലും, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ജൂൺ 9 ന് ഓറഞ്ച് അലര്‍ട്ടായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയുണ്ട്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ആവശ്യപ്പെട്ടു. കടലിലെ ന്യൂനമർദ്ദം കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന ജാ​ഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.