പ്രതിപക്ഷം എണ്ണം ഓർത്ത് ആശങ്കപ്പെടേണ്ട, ക്രിയാത്മകമായി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്- പ്രധാനമന്ത്രി

ഡൽഹി: പാര്‍ലമെന്റില്‍ അംഗബലം കുറവാണെന്നോര്‍ത്ത്‌ പ്രതിപക്ഷം ആശങ്കപ്പെടേണ്ടതില്ലെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ക്രിയാത്മകമായ പ്രതിപക്ഷത്തിന്‌ സവിശേഷ സ്ഥാനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. 17-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

“പ്രതിപക്ഷം അവരുടെ അംഗങ്ങളുടെ എണ്ണം ഓര്‍ത്ത്‌ ആശങ്കപ്പെടേണ്ട ആവശ്യമില്ല. അവര്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുമെന്നും പാര്‍ലമെന്റ്‌ നടപടികളില്‍ പങ്കെടുക്കുമെന്നും പ്രതീക്ഷിക്കുന്നു. പ്രതിപക്ഷത്തിന്റെ ഓരോ വാക്കും വിലപ്പെട്ടതാണ്‌”.

പാര്‍ലമെന്റിലേക്ക്‌ വന്നാല്‍ ഭരണപക്ഷവും പ്രതിപക്ഷവുമെല്ലാം നമ്മള്‍ മറക്കണം. നിഷ്‌പക്ഷമായി കാര്യങ്ങളെ നോക്കിക്കാണാനും രാജ്യതാല്‌പര്യമനുസരിച്ച്‌ പ്രവര്‍ത്തിക്കാനും തയ്യാറാകണമെന്നും മോദി അഭിപ്രായപ്പെട്ടു.

ദശകങ്ങള്‍ക്ക് ശേഷമാണ് ഒരു സര്‍ക്കാര്‍ കൃത്യമായ ഭൂരിപക്ഷത്തോടെ വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നത്. രാജ്യത്തെ സേവിക്കാനുള്ള അവസരം ജനങ്ങള്‍ ഒരിക്കല്‍കൂടി ഞങ്ങള്‍ക്ക് നല്‍കി. ജനങ്ങള്‍ക്ക് ഗുണകരമാകുന്ന തീരുമാനങ്ങളെ പിന്തുണയ്ക്കണമെന്ന് എല്ലാ പാര്‍ട്ടികളോടും അഭ്യര്‍ഥിക്കുന്നുവെന്നും മോദി പറഞ്ഞു.