പ്രതിപക്ഷം കോവിഡ് പ്രതിരോധത്തെ അട്ടിമറിക്കാന്‍ ബോധപൂര്‍വമായ നീക്കം നടത്തുന്നതായി മുഖ്യമന്ത്രി

മൂന്നു കാര്യങ്ങള്‍ ശ്രദ്ധിക്കണം, ന്യൂ ഇംഗ്ലണ്ട് ജേര്‍ണലിനെ ഉദ്ധരിച്ചാണ് പിണറായിയുടെ അഭ്യര്‍ഥന

തിരുവനന്തപുരം: കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പിന്തുണ്ടരേണ്ട പ്രസക്തമായ മൂന്നു കാര്യങ്ങള്‍ ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിന്‍ എന്ന
പ്രശസ്തമായ മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നുത് ഉദ്ധരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഒന്ന്, വാക്‌സിനുകള്‍ വരുന്നതുവരെ പ്രതിരോധമാര്‍ഗം മാസ്‌ക് ധരിക്കുക എന്നതാണ്. മാസ്‌ക് ധരിക്കുന്നവരില്‍ രോഗബാധയുണ്ടായാല്‍ തന്നെ രോഗതീവ്രത
കുറവായിരിക്കുമെന്ന് ജേര്‍ണല്‍ പറയുന്നു.

രണ്ടാമത്തെ കാര്യം, നമുക്ക് ചുറ്റും ഒരു സുരക്ഷാവലയം തീര്‍ക്കുക എന്നതാണ്. നമ്മുടെ വീട്ടിലെ അംഗങ്ങള്‍ ഒഴികെ മറ്റെല്ലാവരും ആ സുരക്ഷാ വലയത്തിന്
പുറത്താണെന്ന് മനസ്സിലാക്കണം. ജോലി സ്ഥലങ്ങളില്‍ ഒപ്പമുള്ളവരും സുഹൃത്തുക്കളുമായി ഇടപഴകുമ്പോള്‍ അശ്രദ്ധ കാണിക്കരുത്. ഓരോരുത്തരും അവര്‍ക്കു
ചുറ്റും ഒരു സുരക്ഷാവലയം തീര്‍ത്തേ തീരൂ. അതുപോലെ, ജനക്കൂട്ടം ഒഴിവാക്കുക, അടഞ്ഞുകിടക്കുന്ന സ്ഥലങ്ങളില്‍ ഒരുമിച്ച് ഇരിക്കുന്നത് ഒഴിവാക്കുക
എന്നിവ പ്രധാനമാണ്.

രോഗവ്യാപനത്തിന്റെ ആദ്യത്തെ തരംഗം (വേവ്) പിന്നിട്ട മിഡില്‍ ഈസ്റ്റ്, യൂറോപ്യന്‍ രാജ്യങ്ങളിലൊക്കെ അടുത്ത വേവ് ഉടനെ സംഭവിക്കാന്‍ പോകുന്നു
എന്നാണ് വിദഗ്ധര്‍ പറയുന്നത്. കേരളത്തില്‍ ആദ്യത്തെ വേവില്‍ രോഗത്തെ ഉച്ചസ്ഥായിയിലെത്തിക്കാതെ നീട്ടിക്കൊണ്ടു പോകാന്‍ നമുക്ക് സാധിച്ചു. ഈ ജാഗ്രത
നഷ്ടപ്പെടാതെ മുന്നോട്ടു കൊണ്ടുപോയേ തീരൂ. മാസ്‌ക് ധരിച്ചും, സുരക്ഷാവലയം തീര്‍ത്തും, ശാരീരിക അകലം പാലിച്ചും ബ്രേയ്ക്ക് ദ ചെയിന്‍ ക്യാമ്പെയിന്‍
കൂടുതല്‍ ശക്തമാക്കണം.

ഇതുമായി ബന്ധപ്പെട്ട് മറ്റു ചില കാര്യങ്ങള്‍ കൂടി പറയാനുണ്ട്. രോഗം പടരാതിരിക്കാന്‍ നാടാകെ ശ്രമിക്കുകയാണ്. അതിനുവേണ്ടി ത്യാഗപൂര്‍ണമായി
മാസങ്ങളോളം നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്തുണ്ട്. സന്നദ്ധപ്രവര്‍ത്തകരും പൊലീസും സര്‍ക്കാര്‍ സംവിധാനങ്ങളും വിശ്രമമില്ലാതെ ഇടപെടുന്നുണ്ട്.
എന്നിട്ടും രോഗവ്യാപനം നമ്മെ വിഷമിപ്പിച്ചുകൊണ്ട് തുടരുകയാണ് എന്ന വസ്തുത ഓര്‍ക്കണം. ആ വ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കാനുള്ള ചില രാഷ്ട്രീയ
ഇടപെടലുകളെക്കുറിച്ച് നേരത്തേ തന്നെ നമ്മള്‍ ചര്‍ച്ച ചെയ്തിരുന്നു. രോഗം പടര്‍ത്താനുള്ള നേരിട്ടുള്ള ശ്രമങ്ങള്‍ ഇവിടെ നടന്നു. അത് ഇപ്പോള്‍ എല്ലാ
പരിധിയും വിട്ടിരിക്കുന്നു.
ഇന്ന് സംസ്ഥാന തലസ്ഥാനത്തടക്കം പല കേന്ദ്രങ്ങളിലും പ്രതിപക്ഷം കോവിഡ് പ്രതിരോധത്തെ അട്ടിമറിക്കാന്‍ ബോധപൂര്‍വമായ നീക്കമാണ്
നടത്തിയത്. സെക്രട്ടറിയറ്റിനു മുന്നിലെ സമരത്തെ സമരമെന്ന് പറയാനാകില്ല. കുറേ ആളുകളെ കൂട്ടിവന്നുള്ള സമരാഭാസമാണ് അത്. കോവിഡ്കാലത്ത്
ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകരുത് എന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. പ്രോട്ടോകോള്‍ ലംഘിച്ചുള്ള സമരങ്ങള്‍ ബഹുമാനപ്പെട്ട ഹൈക്കോടതി
വിലക്കിയതാണ്.
മാസ്‌ക് ധരിക്കാതെയും ശാരീരിക അകലം പാലിക്കാതെയും പൊതുസ്ഥലത്ത് ഇടപഴകാന്‍ നിയമപ്രകാരം ആര്‍ക്കും അനുവാദമില്ല. പരസ്യമായി
എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച് പൊലീസിനുനേരേ ചീറിയടുക്കുന്ന കുറേ ആളുകളെയാണ് അവിടെ കണ്ടത്. അവര്‍ സ്വന്തം സുരക്ഷയല്ല, ഈ നാടിന്റെ
തന്നെ സുരക്ഷയും സമാധാനവുമാണ് നശിപ്പിക്കുന്നത്. അത്തരം നീക്കങ്ങളെ ഒരു കാരണവശാലും അനുവദിക്കാനാവില്ല.
സമരം നടത്തുന്നതിന് സര്‍ക്കാര്‍ എതിരല്ല. എന്നാല്‍, കോവിഡ് പ്രതിരോധം തകര്‍ക്കാനും അതിലൂടെ നാടിന്റെ നിയമസമാധാനത്തിനൊപ്പം
ആരോഗ്യകരമായ നിലനില്‍പ്പുകൂടി അട്ടിമറിക്കാനുള്ള നീക്കം ഏതു ഭാഗത്തുനിന്നും ഉണ്ടായാലും അത് തടയുന്നത് സര്‍ക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്വമാണ്.
സങ്കുചിതമായ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുവേണ്ടി പന്താടാനുള്ളതല്ല ഇന്നാട്ടിലെ സാധാരണ ജനങ്ങളുടെ ജീവിതം. അത്തരം നീക്കങ്ങളില്‍ ജനപ്രതിനിധികള്‍ കൂടി
ഉണ്ടാകുന്നു എന്നത് നിസ്സാര കാര്യമല്ല. നാട്ടിലാകെ കോവിഡ് പരത്താനുള്ള ശ്രമത്തെ വെച്ചുപൊറുപ്പിക്കാനാവില്ല എന്ന് ആവര്‍ത്തിച്ചു പറയുന്നു.

കോവിഡ് 19 അസാധാരണമായ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. ഈ മഹാമാരി സൃഷ്ടിച്ചതിന് സമാനമായ മറ്റൊരു സാഹചര്യം ലോകം മുന്‍പ്
നേരിട്ടത് 1918ലെ സ്പാനിഷ് ഫഌ ആയിരുന്നു. നാലുവര്‍ഷം കൊണ്ട് ഏതാണ്ട് 50 കോടി ആളുകള്‍ക്ക് രോഗബാധയുണ്ടാവുകയും അഞ്ചുകോടിയോളം
മനുഷ്യര്‍ മരിക്കുകയും ചെയ്തു. ആ കാലവുമായി താരതമ്യം ചെയ്യുമ്പോള്‍ ശാസ്ത്രം ബഹുദൂരം പുരോഗമിച്ച ഇന്നത്തെ സാഹചര്യത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട
രീതിയില്‍ കോവിഡിനെ ചെറുക്കാന്‍ മനുഷ്യരാശിക്ക് സാധിച്ചിട്ടുണ്ട്. എന്നിട്ടും ഏതാണ്ട് മൂന്നു കോടി പേര്‍ക്ക് രോഗബാധയുണ്ടാവുകയും പത്തു ലക്ഷം പേര്‍
മരണമടയുകയും ചെയ്തു. ഇന്ത്യയില്‍ മാത്രം ഇതുവരെ ഏകദേശം 50 ലക്ഷം പേര്‍ രോഗബാധിതരായി. മരണം എണ്‍പതിനായിരം കവിഞ്ഞു.
സ്പാനിഷ് ഫഌ പോലെ തന്നെ കുറച്ചുസമയം കഴിയുമ്പോള്‍ കോവിഡും അപ്രത്യക്ഷമായേക്കാം. മറക്കാന്‍ പാടില്ലാത്ത കാര്യം, അഞ്ചുകോടി
മനുഷ്യരുടെ ജീവന്‍ കവര്‍ന്ന ചരിത്രം ആവര്‍ത്തിക്കാതിരിക്കാന്‍ നമുക്ക് ഉത്തരവാദിത്വമുണ്ട് എന്നതാണ്. നമ്മുടെ കഴിവിന്റെ കഠിനാധ്വാനത്തിന്റേയും
പരമാവധി ഉപയോഗിച്ച് മനുഷ്യരുടെ ജീവന്‍ രക്ഷിക്കുക എന്ന ചരിത്രപരമായ കടമ സമൂഹം എന്ന നിലയില്‍ നിറവേറ്റിയേ തീരൂ.
ഇത് ഇവിടെ പറയാന്‍ കാരണം സംസ്ഥാനത്ത് പല മേഖലകളിലും ജാഗ്രതക്കുറവ് കാണുന്നു എന്ന റിപ്പോര്‍ട്ടുകളാണ്. മാസ്‌ക് ധരിക്കാത്ത 5901
സംഭവങ്ങള്‍ ഇന്നു മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റൈന്‍ ലംഘിച്ച ഒമ്പതുപേര്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്. ഇതിനര്‍ത്ഥം സ്വയം നിയന്ത്രണം
പാലിക്കാന്‍ പലരും മടികാണിക്കുന്നു എന്നാണ്. അതോടൊപ്പം ചില പ്രചാരണങ്ങളും നടക്കുന്നുണ്ട്. എന്നാല്‍, ആശങ്ക തുടരുകയാണ്. രോഗവ്യാപനം
അനിയന്ത്രിതമായി എന്നും മുന്‍കരുതലുകള്‍ പാലിക്കുന്നതില്‍ ഇനി വലിയ കാര്യമില്ല എന്നും പ്രചാരണം നടക്കുന്നുണ്ട്. വരുന്നിടത്തു വച്ചു നോക്കാം എന്ന
ചിന്താഗതിയും വളര്‍ത്തുന്നുണ്ട്. ഇത് അപകടകരമാണ്.
ലോകത്തെ മൊത്തം സാഹചര്യവുമായി താരതമ്യം ചെയ്താല്‍ മികച്ച രീതിയില്‍ രോഗവ്യാപനവും മരണങ്ങളും പിടിച്ചുനിര്‍ത്താന്‍ നമുക്കു
സാധിച്ചത് തുടക്കം മുതല്‍ കാണിച്ച ജാഗ്രതയും ഫലപ്രദമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും കാരണമാണ്. കേരളത്തില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് ഒരു
മാസത്തിനും ശേഷമാണ് നമ്മുടെ അയല്‍ സംസ്ഥാനങ്ങളില്‍ രോഗബാധയുണ്ടാകുന്നത്. തമിഴ്‌നാട്ടില്‍ അഞ്ചു ലക്ഷത്തിനു മുകളില്‍ കേസുകളും എണ്ണായിരത്തിനു
മുകളില്‍ മരണങ്ങളും ഇതുവരെയുണ്ടായി.
ലോകത്തിതു വരെ 10 ലക്ഷത്തില്‍ 119 പേരെന്ന നിരക്കിലാണ് മരണങ്ങളുണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ അത് 58 ആണ്. കര്‍ണ്ണാടകയില്‍ 120ഉം
തമിഴ്‌നാട്ടില്‍ 117ഉം ആണ് ഡെത്ത് പെര്‍ മില്യണ്‍. എന്നാല്‍ കേരളത്തില്‍ ഇപ്പോള്‍ അത് 13 ആണ്. ഇതു നമ്മുടെ പ്രവര്‍ത്തനങ്ങളുടെ മികവാണ്
തെളിയിക്കുന്നത്. നമ്മുടെ ചികിത്സാ സൗകര്യങ്ങളുടെ വിശദാംശം ഇന്നലെ ഇവിടെ പറഞ്ഞിരുന്നു. രോഗവ്യാപനത്തിന്റെ തോത് ചികിത്സാ സംവിധാനങ്ങള്‍ക്ക്
ഉള്‍ക്കൊള്ളാന്‍ പറ്റുന്നതിലും അധികമായാല്‍ മരണസംഖ്യയും കൂടും. അങ്ങനെ സംഭവിക്കില്ല എന്ന് നമ്മളെല്ലാവരും ഉറച്ച തീരുമാനമെടുക്കണം.