രാഹുല്‍ ഗാന്ധിയുടെ തീരുമാനം അംഗീകരിക്കുന്നു, ഏല്‍പ്പിച്ച ദൗത്യത്തോട് നൂറു ശതമാനം നീതി പുലര്‍ത്തും: ഉമ്മന്‍ചാണ്ടി

പുതുപ്പള്ളി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി തന്നെ നിയമിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ അംഗികരിക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി. രാഹുല്‍ ഗാന്ധി ഏല്‍പ്പിച്ച ദൗത്യത്തിന് നന്ദിയുണ്ടെന്നും ഏല്പിച്ച ഉത്തരവാദിത്വത്തോട് നൂറു ശതമാനം നീതി പുലര്‍ത്തുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പരാജയത്തെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടി സംസ്ഥാനത്തെ ചുമതലകളൊന്നും ഏറ്റെടുത്തിരുന്നില്ല. ഉമ്മന്‍ചാണ്ടിയെ കെ.പി.സി.സി. പ്രസിഡന്റായി നിയമിക്കണം എന്ന തീരുമാനം ഉരുത്തിരിഞ്ഞു വന്നിരുന്നുവെങ്കിലും ഉമ്മന്‍ ചാണ്ടി അതിനു വിസമ്മതം പ്രകടിപ്പിച്ചു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ആന്ധ്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് ദേശീയ രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പാടവം പ്രയോജനപ്പെടുത്താന്‍ രാഹുല്‍ ഗാന്ധി തീരിമാനിച്ചത്.

രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തില്‍ ആര്‍ക്കും അതൃപ്തി ഇല്ല. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് തലേന്നുള്ള ഈ നീക്കത്തില്‍ അസ്വാഭാവികത ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ രാഷ്ട്രീയത്തിലേക്ക് നിയോഗിക്കപ്പെട്ടുവെങ്കിലും സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും പൂര്‍ണമായി വിട്ടു നില്‍ക്കില്ലെന്നും പുതിയ നിയോഗം വെല്ലുവിളിയായി ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.