പ്രവാസി നെഗറ്റിവ് ടെസ്റ്റ് പിന്‍വലിക്കുകയോ നീട്ടുകയോ ചെയ്യണമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: പ്രവാസികളുടെ വിമാനയാത്രക്ക് കൊവിഡ് നെഗറ്റിവ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ തീരുമാനം പിന്‍വലിക്കുകയോ ഒരു മാസത്തേക്കെങ്കിലും നീട്ടി
വയ്ക്കുകയോ ചെയ്യണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഉമ്മന്‍ചാണ്ടിയുടെ പത്രസമ്മേളനത്തിന്റെ പ്രസക്തഭാഗങ്ങള്‍ താഴെ:

വിദേശത്തു നിന്നും നാട്ടില്‍ മടങ്ങിയെത്തുവാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും മടക്കി എത്തിക്കാനായിരിക്കണം നമ്മുടെ മുന്‍ഗണന. കൂടുതല്‍
ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുവാദം നല്‍കിയും നോര്‍ക്ക തന്നെ മുന്‍കൈയെടുത്ത് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ആരംഭിച്ചും കൂടുതല്‍ വന്ദേഭാരത് മിഷന്‍
വിമാനങ്ങള്‍ ആരംഭിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദം ചെലുത്തിയും ഇതിന് സഹായകമായ സാഹചര്യം സംസ്ഥാന ഗവണ്‍മെന്റ് ഉണ്ടാക്കണം.
മടങ്ങിയെത്തുന്നവര്‍ക്ക് നേരത്തെ പ്രഖ്യാപിച്ചതുപോലെ ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ സൗകര്യം വിമാനത്താവള നഗരികളിലോ ജില്ലാ
കേന്ദ്രങ്ങളിലോ നോര്‍ക്കയും ദുരന്ത നിവാരണ വകുപ്പും ചേര്‍ന്ന് ഒരുക്കണം. ഇതൊന്നും ഇനി വൈകിക്കരുത്. കാരണം, ഗള്‍ഫില്‍ മരിക്കുന്നവരുടെ എണ്ണം
ദിനംപ്രതി കുതിച്ചുയരുകയാണ്. ഇന്നലെ വരെ 254 പേരാണ് അവിടെ മരിച്ചത്. കേരളത്തിലുണ്ടാകുന്ന മരണം പോലെ തന്നെ ഹൃദയഭേദകമാണ് ഗള്‍ഫിലെ
ഓരോ മലയാളിയുടെ മരണവും
.

3) ജൂണ്‍ 17 വരെ ലഭ്യമായ കണക്ക് പ്രകാരം 84,195 പ്രവാസികള്‍ നാട്ടില്‍ എത്തിയപ്പോള്‍ 713 പേര്‍ക്ക് മാത്രമാണ് രോഗം ഉണ്ടായത്. ഒരു
ശതമാനത്തില്‍ താഴെ (0.85%) മാത്രം. സമ്പര്‍ക്ക രോഗികളുടെ എണ്ണം നോക്കിയാലും രോഗവ്യാപനം നിയന്ത്രണാതീതമാണെന്ന് പറയാനാവില്ല.
സര്‍ക്കാര്‍ കണക്കു പ്രകാരം സമ്പര്‍ക്കരോഗികള്‍ 10%ല്‍ താഴെയാണ്
.

4) നാട്ടില്‍ അതിവേഗം എത്തുവാന്‍ വെമ്പല്‍കൊള്ളുന്ന പ്രവാസികള്‍ക്ക് വിവിധ സംഘടനകളുടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ വലിയ പ്രതീക്ഷയാണ് നല്‍കിയത്.
കോവിഡ്-19 നെഗറ്റീവ് ടെസ്റ്റ് കേരളത്തിലേയ്ക്കുള്ള സര്‍വീസുകളില്‍ നിര്‍ബന്ധമാക്കിയാല്‍ ഈ വിമാനങ്ങള്‍ മുടങ്ങും. കോവിഡ് പ്രതിരോധ ജാഗ്രതയില്‍ ഒരു
കുറവും വരുത്തുവാന്‍ പാടില്ലെന്നുതന്നെയാണ് പ്രതിപക്ഷത്തിന്റെയും നിലപാട്. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ ഉത്തരവ് വിവേചനപരമാണ്. ഗള്‍ഫില്‍
നിന്നും തമിഴ്‌നാട്ടിലേയ്‌ക്കോ ഡല്‍ഹിയിലേയ്‌ക്കോ (കേരളം ഒഴികെ മറ്റ് സംസ്ഥാനങ്ങളില്‍ ഒരിടത്തും) പോകാന്‍ നെഗറ്റീവ് ടെസ്റ്റ് ആവശ്യമില്ല.
കേരളത്തിലേയ്ക്കുള്ള ചാര്‍ട്ടേഡ് വിമാനങ്ങളില്‍ മാത്രം എന്തുകൊണ്ട് കോവിഡ് നെഗറ്റീവ് ടെസ്റ്റ് എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ കേരളത്തിലേയ്ക്കുള്ള
വന്ദേഭാരത് മിഷന്‍ ഫ്‌ളൈറ്റിലും അത് ബാധകമാക്കി! അങ്ങനെ ‘ഉള്ള കഞ്ഞിയിലും പാറ്റ വീഴ്ത്തി’. ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങളില്‍ മാത്രമാണ് കോവിഡ്
നെഗറ്റീവ് ടെസ്റ്റ് എന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വന്ദേഭാരത് മിഷന്‍ വിമാനങ്ങള്‍ക്കോ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കോ ഇത് ബാധകമല്ലെന്നും ഓര്‍ക്കണം.

5) യുഎഇയിലും ഖത്തറിലും കോവിഡ്- 19 ടെസ്റ്റിനുള്ള സൗകര്യമുണ്ടെന്നും അതുകൊണ്ട് ഈ മാതൃക മറ്റു രാജ്യങ്ങളിലും ഏര്‍പ്പാടാക്കണം എന്നുമാണ്
സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ഇത് തികച്ചും നിരര്‍ത്ഥകമാണെന്നു വ്യക്തമാകുന്ന കണക്കുകള്‍ പുറത്തുവന്നു. മുഖ്യമന്ത്രിയുടെ അവലോകന
യോഗത്തില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ട് പ്രകാരം 18-ാം തീയതിവരെ വിദേശത്തുനിന്ന് 1396 രോഗികളാണ് എത്തിയത്. ഇതില്‍
700 പേര്‍ ടെസ്റ്റ് നടക്കുന്ന രാജ്യങ്ങളില്‍ നിന്നാണ്. ടെസ്റ്റ് നടത്തിയാല്‍ രോഗികളെ ഒഴിവാക്കാമെന്ന സര്‍ക്കാരിന്റെ വാദമാണ് ചീട്ടുകൊട്ടാരം പോലെ
പൊളിഞ്ഞത്.

6) മുഖ്യമന്ത്രി നിര്‍ദേശിച്ച ട്രൂനാറ്റ് ടെസ്റ്റിന് വിദേശ സര്‍ക്കാരുകള്‍ അനുമതി നല്കുമോ എന്ന കാര്യത്തില്‍ സന്ദേഹമുണ്ട്. നമ്മള്‍ പറയുന്നതെല്ലാം ഗള്‍ഫ്
രാജ്യങ്ങളോ ഇന്ത്യന്‍ എംബസികളോ അനുസരിക്കുമെന്ന് മുഖ്യമന്ത്രി തെറ്റിദ്ധരിക്കരുത്. ഇന്ത്യാ ഗവണ്‍മെന്റിന്റെ ‘ഹെല്‍ത്ത് പ്രോട്ടോക്കോള്‍’ ആണ്
എംബസികള്‍ക്ക് ബാധകം. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അവരുടേതും. ചുരുക്കിപ്പറഞ്ഞാല്‍ ഇത്തരം നിയന്ത്രണങ്ങള്‍ മൂലം പ്രവാസി മലയാളികള്‍ക്ക് നാട്ടിലേയ്ക്ക്
വരാനുള്ള വഴി കേരള ഗവണ്‍മെന്റ് ബോധപൂര്‍വം കൊട്ടിയടയ്ക്കുകയാണ്.

7) രോഗവ്യാപനം രൂക്ഷമാകുന്നതിന് മുന്‍പ് തന്നെ പ്രവാസികളെയും മറുനാടന്‍ മലയാളികളെയും നാട്ടില്‍ എത്തിക്കാന്‍ അവസരം ഉണ്ടാക്കണമായിരുന്നു.
അതിന് കഴിയാതെ പോയത് കേന്ദ്രഗവണ്‍മെന്റിന്റെ തെറ്റായ നിലപാട് മൂലമാണ്.

8) കുവൈറ്റ് യുദ്ധം ഉണ്ടായപ്പോള്‍ മുഴുവന്‍ ഇന്ത്യാക്കാരെയും സൗജന്യമായി ഇന്ത്യാ ഗവണ്‍മെന്റ് നാട്ടില്‍ എത്തിച്ചു. നിതാഖത്ത് സമയത്ത് യു.ഡി.എഫ്.
സര്‍ക്കാര്‍ ആവശ്യമായവര്‍ക്ക് സൗജന്യ ടിക്കറ്റും നാട്ടില്‍ എത്തിയശേഷം 2000 രൂപ വീതം പോക്കറ്റ് മണിയും നല്‍കി. പ്രവാസ ചരിത്രത്തിലെ ഏറ്റവും
ദുരന്ത പൂര്‍ണ്ണമായ ഈ കാലഘട്ടത്തില്‍ ഒരു പ്രവാസിക്കെങ്കിലും സൗജന്യ ടിക്കറ്റ് നല്‍കാന്‍ നോര്‍ക്കയ്ക്ക് കഴിഞ്ഞോ? ലോക കേരളസഭയ്ക്ക് വേണ്ടി കോടികള്‍
പൊടിപൊടിച്ച സര്‍ക്കാരാണിത്. തിരികെ എത്തിയ പ്രവാസികളില്‍ ജോലി നഷ്ടപ്പെട്ടവര്‍ നിലവില്‍ 35,327 പേരുണ്ട് എന്നാണ് സര്‍ക്കാരിന്റെ കണക്ക്.
അവര്‍ക്ക് ഒരുപൈസയുടെ സഹായമെങ്കിലും നല്‍കാന്‍ കേരള ഗവണ്‍മെന്റിന് കഴിഞ്ഞോ?

9) കേരളത്തെ കേരളമാക്കിയത് പ്രവാസികളാണെന്നു നാം അഭിമാനപൂര്‍വം സ്മരിക്കാറുണ്ടല്ലോ. 2016ല്‍ ഗള്‍ഫില്‍ നിന്നു കേരളത്തിലേക്ക് അയച്ചത്
1,35,609 കോടിയും 2017ല്‍ 1,52,348 കോടിയും 2018ല്‍ 1,69,944 കോടിയും (റിസര്‍വ് ബാങ്ക് അവലംബം) രൂപയാണ്. ഈ തുകയുടെ ഒരു
ശതമാനമെങ്കിലും തിരികെ കൊടുത്ത് അവരെ സഹായിക്കേണ്ട സന്ദര്‍ഭമാണ്. 1971 മുതലുള്ള 15 വര്‍ഷം കേരളത്തിന്റെ ശരാശരി സാമ്പത്തിക വളര്‍ച്ച
വെറും 2.1 ശതമാനം ആയിരുന്നിടത്തുനിന്ന് 1987-88 മുതല്‍ കേരളം കുതിച്ചു കയറിയത് പ്രവാസികളുടെ പണത്തിലാണ്.

10) നോര്‍ക്കയുടെ കണക്ക് പ്രകാരം തിരിച്ചെത്താനായി നാലര ലക്ഷം പ്രവാസികളും ഒന്നരലക്ഷം മറുനാടന്‍ മലയാളികളുമാണ് വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍
ചെയ്തത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് 40 ദിവസം കഴിഞ്ഞാണ് നാമമാത്രമായി വന്ദേഭാരത് മിഷന്‍ വിമാനങ്ങള്‍ ആരംഭിച്ചത്. ഇന്നത്തെ നിലയ്ക്ക് പോയാല്‍ 6
മാസം കൊണ്ടുപോലും പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കഴിയില്ല. ഗര്‍ഭിണികളായ സഹോദരിമാരുടെയും ജോലി നഷ്ടപ്പെട്ട് അലയുന്നവരുടെയും പ്രയാസങ്ങള്‍
കണ്ട് മനസ് വേദനിച്ചിട്ടാണ് കെ.എം.സി.സി., ഒ.ഐ.സി.സി., ഇന്‍കാസ്., മറ്റ് സാമൂഹ്യ-സാമുദായിക സംഘടനകള്‍, മാദ്ധ്യമങ്ങള്‍ എന്നിവ മുന്‍കൈയെടുത്ത്
ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിച്ചത്. അവരെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം ആ സര്‍വ്വീസുകള്‍ മുടക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ്
ശ്രമിച്ചത് ക്രൂരമായിപ്പോയി.

11) പ്രവാസികളുടെ നിലയ്ക്കാത്ത നിലവിളി ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത്
യുഡിഎഫ് ഉപവാസ സമരം നടത്തിയത്. ഞങ്ങള്‍ക്ക് രാഷ്ട്രീയ താല്പര്യങ്ങള്‍ ഇല്ല. എന്നാല്‍ പ്രവാസികളുടെ ദു:ഖവും വേദനയും നിസ്സഹായാവസ്ഥയും
കാണാതെ പോകാന്‍ മാത്രം കഠിനഹൃദയരല്ല. പ്രവാസികളോടുള്ള നിലപാട് സര്‍ക്കാര്‍ തിരുത്തുക തന്നെ വേണം.

12) കേരള ഗവണ്‍മെന്റ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലവും തുടര്‍ന്ന് നോര്‍ക്ക പുറപ്പെടുവിച്ച ഉത്തരവും കേരളത്തിന് ഒരിക്കലും
അംഗീകരിക്കാന്‍ കഴിയുന്നതല്ല. സുപ്രീംകോടതി തന്നെ ശ്രദ്ധേയമായ വിധിയിലൂടെ കുടിയേറ്റ തൊഴിലാളികള്‍ക്ക് (ാശഴൃമി േംീൃസലൃ)െ അടിസ്ഥാന
സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുവാനും അവരെ ജന്മനാട്ടില്‍ തിരിച്ചെത്തിക്കാനും കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രവാസികളും
ഒരര്‍ത്ഥത്തില്‍ കുടിയേറ്റ തൊഴിലാളികള്‍ അല്ലേ? മറ്റുള്ളവര്‍ ഇന്ത്യയ്ക്കകത്ത് കുടിയേറിയെങ്കില്‍ പ്രവാസികള്‍ അന്യരാജ്യങ്ങളില്‍ കുടിയേറിയെന്നു മാത്രം. രണ്ടു
കൂട്ടരും ജോലിക്കും ജീവിക്കാനും വേണ്ടിയാണിതു ചെയ്തത്. കേരളത്തില്‍ നിക്ഷേപവും തൊഴിലവസരങ്ങളും ഇല്ലാതെ വന്നതിനെ തുടര്‍ന്ന്
മണലാരണ്യത്തിലേക്കു പോകാന്‍ നിര്‍ബന്ധിതരായവരാണ് പ്രവാസികള്‍. അവരെ കുടിയേറ്റ തൊഴിലാളികളെപ്പോലെ പരിഗണിക്കാന്‍ കഴിയില്ലയെന്ന
മുഖ്യമന്ത്രിയുടെ ചുമതലയില്‍ ഉള്ള നോര്‍ക്കയുടെ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണം.

13) കോവിഡ്-19 ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിച്ചും പ്രായോഗികമായ നടപടികള്‍ സ്വീകരിച്ചും എത്രയും വേഗം പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന
സര്‍ക്കാര്‍ മുന്‍കൈ എടുക്കണം.