41 ലക്ഷത്തില്‍ 2.6 ലക്ഷം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമില്ല, വലിയ സ്വീകാര്യത ലഭിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നമ്മുടെ സംസ്ഥാനത്ത് 41 ലക്ഷം കുട്ടികളാണ് ഒന്ന് മുതല്‍ 12-ാം ക്ലാസ്സ് വരെ പൊതുവിദ്യാലയങ്ങളുടെ ഭാഗമായുള്ളത്. പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടാതെയുള്ള കണക്കാണിത്. പ്ലസ്‌വണ്‍ പ്രവേശനം നടന്നിട്ടില്ല. ജൂണ്‍ മാസം കുട്ടികളുടെ ക്ലാസുകള്‍ ആരംഭിക്കുന്ന സമയമാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യം ഉടലെടുത്തു. ഈ പശ്ചാത്തലത്തിലാണ് നമ്മുടെ കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യമൊരുക്കാന്‍ തീരുമാനിച്ചത്. വിദ്യാഭ്യാസ വകുപ്പ് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുള്ള പദ്ധതികളാണ് തയ്യാറാക്കിയത്. വിക്‌ടേഴ്‌സ് ചാനല്‍ വഴിയും വിക്ടേഴ്‌സിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയും കുട്ടികളെ പഠിപ്പിക്കുകയെന്നതായിരുന്നു തീരുമാനം.
അതിന്റെ ഭാഗമായി ജൂണ്‍ 1ന് ഓണ്‍ലൈന്‍ പഠനം ആരംഭിച്ചു. വലിയ സ്വീകാര്യതയാണ് ഓണ്‍ലൈന്‍ പഠനത്തിന് ലഭിച്ചത്. പല ക്ലാസുകളും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നന്നായി ഇഷ്ടപ്പെട്ടു എന്നാണ് അവരുടെ പ്രതികരണങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്.
പൊതുവിദ്യാഭ്യാസ വകുപ്പ് ആദ്യമായാണ് ഇത്തരം ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. 41 ലക്ഷം കുട്ടികളെയും ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുപ്പിക്കുകയെന്ന വലിയ ഉത്തരവാദിത്വം നമ്മുടെ മുന്നില്‍ ഉണ്ടായിരുന്നു. ഓണ്‍ലൈനെ സംബന്ധിച്ച് തീരുമാനമെടുത്തപ്പോള്‍ തന്നെ എത്രത്തോളം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ സാധ്യമാകുമെന്ന പരിശോധനയും വിദ്യാഭ്യാസ വകുപ്പ് നടത്തിയിട്ടുണ്ട്. അധ്യാപകര്‍ തന്നെ കുട്ടികളും രക്ഷിതാക്കളുമായി ബന്ധപ്പെടാനും പരിശോധന നടത്താനുമായിരുന്നു തീരുമാനിച്ചത്.
വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക് പ്രകാരം 41 ലക്ഷത്തില്‍ 2,61,784 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമില്ല എന്ന് കണ്ടെത്തിയിരുന്നു. സര്‍ക്കാരിനെ സംബന്ധിച്ച് ഈ 2,61,784 കുട്ടികളും ഓണ്‍ലൈന്‍ സംവിധാനത്തിനൊപ്പം ചേര്‍ത്തു നിര്‍ത്തേണ്ടവര്‍ തന്നെയാണ്. ഇവര്‍ക്കും പഠനം സാധ്യമാക്കാം എന്ന ഉറപ്പ് സര്‍ക്കാരിനുണ്ട്.
ചില കുട്ടികള്‍ക്ക് വീട്ടില്‍ ടിവി ഉണ്ടാകില്ല. മറ്റ് ചിലര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ഉണ്ടാകില്ല തുടങ്ങിയ പ്രശ്‌നങ്ങളാണ് ഉണ്ടായിരുന്നത്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങളും വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ടായിരുന്നു.
ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭ്യമാകാത്ത കുട്ടികള്‍ക്ക് സൗകര്യമേര്‍പ്പെടുത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, അധ്യാപകര്‍, പിടിഎ, കുടുംബശ്രീ എന്നിവരുടെ നേതൃത്വത്തില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. ഇത്തരം കുട്ടികളുടെ കാര്യത്തില്‍ പഠന സൗകര്യമൊരുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് എല്ലാ എംഎല്‍എമാരുടെ പിന്തുണയും തേടിയിരുന്നു. ഭരണ-പ്രതിപക്ഷ വേര്‍തിരിവില്ലാതെ എംഎല്‍എമാര്‍ ഈ സംവിധാനം ഒരുക്കുന്നതിന് വേണ്ടി ശ്രമിച്ചിട്ടുമുണ്ട്.
വായനശാല, അയല്‍പക്ക ക്ലാസ്സുകള്‍, പ്രദേശിക പ്രതിഭ കേന്ദ്രം, ഊര് വിദ്യാകേന്ദ്രം, സാമൂഹിക പഠന മുറികള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ ക്ലാസുകള്‍ കാണുന്നതിനുള്ള ക്രമീകരണമാണ് പുരോഗമിക്കുന്നത്. സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്.
കെഎസ്എഫ്ഇ പോലുള്ള സ്ഥാപനങ്ങള്‍ പദ്ധതികള്‍ തയ്യാറാക്കിയ കാര്യം കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ പൊതുനന്മ ഫണ്ട് ഉപയോഗിച്ച് 500 ടിവി സെറ്റുകള്‍ വാങ്ങി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിരവധി വിദ്യാര്‍ത്ഥി സംഘടനകളും, യുവജന സംഘടനകളും ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നുണ്ട്.
ഓണ്‍ലൈന്‍ ക്ലാസുകളുടെ സംപ്രേഷണ കാര്യത്തിലും എല്ലാവര്‍ക്കും പഠനം സാധ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരുന്നു. കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനത്തില്‍ ഇത് പറഞ്ഞിരുന്നതാണ്.ഇത്തരം കുട്ടികള്‍ക്ക് അവസരങ്ങള്‍ ലഭ്യമാക്കാന്‍ ആദ്യത്തെ രണ്ടാഴ്ച ട്രയല്‍ സംപ്രേഷണമാണ്. അപ്പോഴേക്കും എല്ലാ കുട്ടികളെയും ഇതിന്റെ ഭാഗമാക്കാനാകും. ഓണ്‍ലൈന്‍ ക്ലാസുകള്‍ വിദ്യാലയങ്ങള്‍ തുറക്കുന്നതുവരെയുള്ള താല്‍ക്കാലിക പഠനസൗകര്യമാണ്.
ഒരു മഹാമാരിയെ നേരിടുന്ന നാട് എത്രകാലം കൊണ്ടാണ് പൂര്‍വസ്ഥിതിയിലാവുക എന്ന് ഉറപ്പിച്ചുപറയാന്‍ പറ്റാത്ത നിലയുണ്ട്. ഒരു കാര്യത്തില്‍ യാതൊരു സംശയവുമില്ല. പഠനമെപ്പോഴും ക്ലാസ് മുറികളില്‍ തന്നെയാണ് നല്ലത്. പ്രത്യേകിച്ചും ചെറിയ കുട്ടികള്‍ക്ക്. അതിന് അവസരം വന്നാല്‍ അപ്പോള്‍തന്നെ സാധാരണ നിലയിലുള്ള ക്ലാസുകള്‍ ആരംഭിക്കും.
സ്‌കൂളുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ നമ്മുടെ കുട്ടികളെ വൈകാതെ പഠനാന്തരീക്ഷത്തിലേക്ക് കൊണ്ടുവരിക എന്നതാണ് പ്രധാനം. ഇത് സ്‌കൂള്‍ പഠനത്തിന് ബദലോ സമാന്തരമോ അല്ല എന്ന് കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. ഇത്തരമൊരു പരിപാടി കുട്ടികളുടെ മാനസികമായ വളര്‍ച്ചയ്ക്കും അനിവാര്യമാണെന്നാണ് വിലയിരുത്തിയത്. ഈ ലക്ഷ്യം പൂര്‍ണമായി ഉള്‍ക്കൊള്ളാതെയാണ് ഇപ്പോള്‍ ചില വിമര്‍ശനങ്ങള്‍ വരുന്നത്.
കുട്ടികള്‍ക്ക് വീണ്ടും കാണാന്‍ പറ്റുന്ന തരത്തില്‍ യൂട്യൂബ്, ഫെയ്‌സ്ബുക്ക് എന്നിവയില്‍ ക്ലാസുകളുടെ വീഡിയോ നല്‍കും. അതായത് മുഴുവന്‍ കുട്ടികള്‍ക്കും ക്ലാസ് നഷ്ടമാകാതെ അധ്യായനം സാധ്യമാക്കാനുള്ള നടപടികള്‍ ഒരുക്കിയിട്ടുണ്ട്.