8 ജിബി റാം ശേഷിയുമായി വണ്‍ പ്ലസ് 5ടി നാളെ ഇറങ്ങും

ചൈനീസ് നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ വണ്‍ പ്ലസ് 5ടി നാളെ ഇറങ്ങും. ന്യൂയോര്‍ക്കിലായിരിക്കും ഫോണിന്റെ ലോഞ്ചിംഗ് നടക്കുക. അടുത്തിടെ ഇറങ്ങിയ വണ്‍പ്ലസ് 5ന്റെ പരിഷ്‌കൃത പതിപ്പാണ് പുതിയ വണ്‍പ്ലസ് 5ടി. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി ന്യൂയോര്‍ക്കില്‍ നടക്കുന്ന ലോഞ്ചിംഗ് ചടങ്ങില്‍ 40 ഡോളര്‍ ഏതാണ്ട് 2593 രൂപ നല്‍കി പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാം.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ഇതിന്റെ പ്രത്യേക സ്ട്രീമിംഗ് വണ്‍പ്ലസ് നടത്തുന്നുണ്ട്. ആമസോണിലൂടെ ഇന്ത്യയില്‍ നവംബര്‍ 21ന് വണ്‍പ്ലസ് 5ടി വില്‍പ്പനയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫ്‌ളാഷ് സെയില്‍ ആയിട്ടാകും ഫോണ്‍ ആദ്യം ഇന്ത്യയില്‍ എത്തുക. അതിനാല്‍ നവംബര്‍ 21ന് മുന്‍പായി ഈ ഫോണിനായുള്ള ബുക്കിംഗ് ആരംഭിക്കും എന്നാണ് പ്രതീക്ഷ.

ചൈനീസ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ വില പ്രകാരം ഇന്ത്യയില്‍ ഈ ഫോണിന് 40,000 രൂപയ്ക്ക് അടുത്ത് വില വരുമെന്നാണ് കരുതുന്നത്. 6ജിബി റാം ഫോണ്‍ എന്നതാണ് 5ടിയുടെ പ്രധാന പ്രത്യേകതയാകുക എന്നാണ് കരുതുന്നത്. ഇതിന് ഒപ്പം തന്നെ 8ജിബി പതിപ്പും പ്രതീക്ഷിക്കുന്നുണ്ട്. ഇതുവരെ ഒരു മൊബൈല്‍ കമ്പനിയും നല്‍കാത്ത റാം ശേഷി എന്നാണ് ഈ ഫോണിനെക്കുറിച്ച് വിപണിയിലെ വിശേഷണം.