വണ്‍ പ്ലസ് വൺ ഫോണിന് തീപിടിച്ചു; അന്വേഷിക്കാമെന്ന് കമ്പനി

ദില്ലി: വണ്‍പ്ലസിന്‍റെ ആദ്യ സ്മാര്‍ട്‌ഫോണ്‍ മോഡലായ ആയ വണ്‍ പ്ലസ് വണ്ണിന് തീപിടിച്ചു. രാരാഹുല്‍ ഹിമലിയന്‍ എന്നയാളാണ് താന്‍ ഉപയോഗിക്കുന്ന വണ്‍പ്ലസ് വണ്‍ സ്മാര്‍ട്‌ഫോണ്‍ തീപ്പിടിച്ചതായ പരാതിയുന്നയിച്ചത്. തീപ്പിടിച്ച് പുക ഉയര്‍ന്നപ്പോള്‍ താന്‍ വെള്ളമൊഴിച്ച് അണയ്ക്കുകയായിരുന്നുവെന്ന് രാഹുല്‍ പറയുന്നു.

ചാര്‍ജ് ചെയ്യാന്‍ കുത്തിയിട്ട ഫോണ്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പുകഞ്ഞ് തീപിടിച്ചത്. ശ്വാസംമുട്ടലനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് രാഹുല്‍ എണീറ്റത്. സംഭവം നടക്കുമ്പോള്‍ ഫോണ്‍ ചാര്‍ജ് ചെയ്യുകയായിരുന്നില്ലെന്നും സ്വിച്ച് ഓണ്‍ ആയിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഫോണ്‍ ആണ് ഇതെന്നും രാഹുല്‍ പറഞ്ഞു. പ്രശ്‌നം ഉണ്ടായതിനെ തുടര്‍ന്ന് വണ്‍പ്ലസിന്‍റെ കസ്റ്റമര്‍ സപ്പോര്‍ട്ട് വിഭാഗത്തിന് ഇ-മെയില്‍ വഴി രാഹുല്‍ പരാതി അറിയിക്കുകയായിരുന്നു. ഇ-മെയിലിനൊപ്പം കേടുവന്ന ഫോണിന്‍റെ ചിത്രങ്ങളും നല്‍കിയിട്ടുണ്ട്. നിര്‍മിതിയിലുണ്ടായ പിഴവാണ് തീപ്പിടിത്തത്തിന് കാരണം. വണ്‍ പ്ലസും ആമസോണും ഇതില്‍ ഉത്തരവാദിയാണെന്നും ഫോണ്‍ ഉടമ മെയിലില്‍ ആരോപിക്കുന്നു.

ഇത്തരം വിഷയങ്ങള്‍ ഗൗരവതരമായാണ് തങ്ങള്‍ പരിഗണിക്കുന്നതെന്നും വണ്‍പ്ലസ് അധികൃതര്‍ ഉപയോക്താവിനെ കണ്ടുവെന്നും വിഷയം അന്വേഷിച്ചുവരികയാണെന്നും വണ്‍പ്ലസ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.