ശബരിമല: ഒരു യുവതി കൂടി ശബരിമല ദര്‍ശനം നടത്തി മടങ്ങി

ശബരിമല: ഒരു യുവതി കൂടി ഇന്ന് ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തി മടങ്ങി. 48 വയസുള്ള സിങ്കാരി ശ്രീനിവാസാണ് ദര്‍ശനം നടത്തിയത്. തമിഴ്‌നാട് സ്വദേശിനിയായ യുവതി 11.30 നും 12. 30 നും ഇടയില്‍ ആണ് ദര്‍ശനം നടത്തിയത്. വിര്‍ച്വല്‍ ക്യൂ സംവിധാനത്തിന്റെ സഹായത്തോടെ ആണ് യുവതി ദര്‍ശനം നടത്തിയത്. രാവിലെ 9 ന് ഇവര്‍ പമ്പയിലെത്തി. പമ്പയിലെ ആഞ്ജനേയ അമ്പലത്തിന്റെ കൗണ്ടറില്‍ പോയതിന് ശേഷമാണ് ദര്‍ശനം നടത്തിയത്.

ബന്ധുക്കള്‍ക്കൊപ്പം ആണ് ഇവര്‍ എത്തിയത്. പമ്പയില്‍ നിന്നും ഇവര്‍ മടങ്ങക്കഴിഞ്ഞു. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ആണ് എത്തിയത്. ഇവര്‍ എത്തിയത് ആരും അറിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ പ്രതിഷേധം ഒന്നും ഉണ്ടായില്ല. വെര്‍ച്വല്‍ ക്യൂവില്‍ ഇവരുടെ പ്രായം 48 വയസാണ് വെച്ചിരിക്കുന്നത്. വൈകിട്ടാണ് ഇവര്‍ തിരികെ മടങ്ങിയത്.

വലിയ സന്തോഷമുണ്ടെന്നും, വര്‍ഷങ്ങളായി ഉള്ള കാത്തിരിപ്പാണ് സഫലമായതെന്നും അവര്‍ പറഞ്ഞു. ഇവര്‍ എത്തിയത് പൊലീസ് ഉദ്യോഗസ്ഥര്‍ പോലും അറിഞ്ഞിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ഭക്തര്‍ ആരും തന്നെ ഇവരെ തടഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്. നേരത്തെ കനക ദുര്‍ഗയും ബിന്ദുവും കയറിയപ്പോഴും ഭക്തര്‍ ആരും തന്നെ പ്രതിഷേധം അറിയിച്ചിരുന്നില്ല.