നിപ്പ വൈറസ്; രോഗബാധിതനായിരുന്ന ഒരാള്‍ കൂടി മരിച്ചു: മരണം 12 ആയി

 

കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇതോടെ നിപ്പ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെങ്ങോരത്ത് സ്വദേശി മൂസ്സയാണ് മരിച്ചത്.

നിപ്പ വൈറസ് ബാധ ആദ്യം കണ്ടെത്തിയ ചെങ്ങോരത്തെ സഹോദരങ്ങളായ സാബിത്തിന്റെയും സാലിഹിന്റെയും പിതാവാണ് ഇയാള്‍. ചികിത്സയിലായിരുന്ന ഇയാള്‍ കുറച്ചു ദിവസങ്ങളായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഇതുവരെ 160 പേരുടെ രക്ത സാമ്പിളുകളാണ് മണിപ്പാല്‍ വൈറസ് റിസര്‍ച്ച് സെന്ററിലേക്ക് പരിശോധനക്കയച്ചിരിക്കുന്നത്.

അതേസമയം, നിപ്പ വൈറസ് ബാധിതര്‍ക്കുള്ള മരുന്ന് വന്‍തോതില്‍ മെഡിക്കല്‍ കോളേജിലെത്തിച്ചിട്ടുണ്ട്. നിപ്പ വൈറസ് ബാധിതരായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എട്ടുപേരും സ്വകാര്യാശുപത്രികളില്‍ 10 പേരും ചികിത്സയിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിപ്പ ലക്ഷണം സംശയിച്ച് പ്രവേശിപ്പിച്ചിരുന്ന ഒന്‍പതുപേരെ ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്തിരുന്നു.