ഒരു ലക്ഷത്തോളം പേര്‍ വിദേശത്തുനിന്ന് എത്തി

തിരുവനന്തപുരം: ഇന്ന് ഉച്ചവരെ (ജൂണ്‍ 25) വിദേശത്തുനിന്ന് 98,202 പേര്‍ കേരളത്തിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. അതില്‍ 96,581 (98.35 ശതമാനം) പേര്‍ വിമാനങ്ങളിലും 1,621 (1.65 ശതമാനം) പേര്‍ കപ്പലുകളിലുമാണ് എത്തിയിട്ടുള്ളത്.
തിരികെ എത്തിയവരില്‍ 36,724 പേര്‍ കൊച്ചിയിലും 31,896 കരിപ്പൂരിലുമാണ് വിമാനമിറങ്ങിയത്. അവിടെ വരുന്ന യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ – സ്‌ക്രീനിങ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഉള്‍പ്പെടെയുള്ളവ – ആവശ്യാനുസരണം സജ്ജീകരിക്കും. തിരികെ എത്തിയവരില്‍ 72,099 പേര്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ ഏഴു ജില്ലകളില്‍ നിന്നുള്ളവരാണ്.
താജികിസ്ഥാനില്‍ നിന്നെത്തിയവരില്‍ 18.18 ശതമാനവും റഷ്യയില്‍നിന്ന് എത്തിയവരില്‍ 9.72 ശതമാനവും നൈജീരിയയില്‍ നിന്നെത്തിയവരില്‍ 6.51 ശതമാനവും കുവൈത്തില്‍ നിന്നെത്തിയവരില്‍ 5.99 ശതമാനവും സൗദിയില്‍ നിന്നെത്തിയവരില്‍ 2.33 ശതമാനവും യുഎഇയില്‍ നിന്നെത്തിയവരില്‍ 1.6 ശതമാനവും ഖത്തറില്‍ നിന്നെത്തിയവരില്‍ 1.56 ശതമാനവും ഒമാനില്‍ നിന്നെത്തിയവരില്‍ 0.78 ശതമാനവുമാണ് കോവിഡ് ബാധിതര്‍.
ജൂണ്‍ 25 മുതല്‍ 30 വരെ 111 ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റുകളും 43 വന്ദേഭാരത് ഫ്‌ളൈറ്റുകളുമാണ് വിദേശ മന്ത്രാലയം ചാര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്നലെ 72 ഫ്‌ളൈറ്റുകളാണ് വിദേശങ്ങളില്‍നിന്ന് എത്തിയത്. നാളെ മുതല്‍ ദിവസം 40-50 ഫ്‌ളൈറ്റുകളാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിക്കും കോഴിക്കോട്ടുമാണ് കൂടുതല്‍ ഫ്‌ളൈറ്റുകള്‍. ഇത് കണക്കിലെടുത്ത് എല്ലാ വിമാനത്താവളത്തിലും വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കോവിഡ് പരിശോധനയ്ക്കുള്ള ആന്റിബോഡി കിറ്റ് എല്ലായിടത്തേക്കും എത്തിച്ചു. പ്രത്യേക ബൂത്തുകള്‍ തയ്യാറാക്കിയിട്ടുണ്ട്. വിമാനത്താവളത്തില്‍ ഇതിന് ചുമതലയുള്ളവര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശവും നല്‍കി. പൊലീസിന്റെയും ആരോഗ്യവിഭാഗത്തിന്റെയും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഇക്കാര്യത്തിലെ ഇടപെടല്‍ പ്രശംസനീയമാണ്. ഇങ്ങനെ 72 വിമാനങ്ങള്‍ വന്നപ്പോള്‍ എല്ലാ കാര്യങ്ങളും സുഗമമായി കൈകാര്യം ചെയ്യാന്‍ സാധിച്ചിട്ടുണ്ട്.
കോവിഡ് രോഗികളുടെ ചികിത്സാര്‍ത്ഥം രോഗികളുടെ എണ്ണമനുസരിച്ച് സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനായി പ്ലാന്‍ എ, ബി, സി എന്നിവ തയ്യാറാക്കിയിട്ടുണ്ട്. കോവിഡ് രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്തുന്നതിനായാണ് ഇത്തരത്തില്‍ സജ്ജീകരണങ്ങള്‍ ചെയ്തിരിക്കുന്നത്.
പ്ലാന്‍ എ പ്രകാരം കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി 14 ജില്ലകളിലുമായി 29 കോവിഡ് ആശുപത്രികളും അവയോടുചേര്‍ന്ന് 29 കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ സൗകര്യങ്ങളും ഉപയോഗിക്കും. ഇത്തരത്തില്‍ സജ്ജമാക്കിയിട്ടുള്ള 29 കോവിഡ് ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്ക് മാത്രമായി 8537 കിടക്കകളും 872 ഐസിയു കിടക്കകളും 482 വെന്റിലേറ്ററുകളും നിലവില്‍ തയ്യാറാക്കിയിട്ടുണ്ട്. രോഗികള്‍ കൂടുന്ന മുറയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലെ കൂടുതല്‍ കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കും. കൂടാതെ രണ്ടാംനിര കോവിഡ് ആശുപത്രികളും തെരഞ്ഞെടുക്കും.
നിലവില്‍ സജ്ജീകരിച്ചിട്ടുള്ള 29 കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുള്ള 3180 കിടക്കകളില്‍ 479 രോഗികള്‍ ചികിത്സയിലുണ്ട്. ഇത്തരത്തില്‍ പ്ലാന്‍ എ, ബി, സി എന്ന മുറയ്ക്ക് 171 കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലായി 15,975 കിടക്കകള്‍ കുടി സജ്ജമാക്കിയിട്ടുണ്ട്.
സാധ്യമായ എല്ലാ സൗകര്യങ്ങളും നല്‍കുക എന്നതാണ് സര്‍ക്കാര്‍ സമീപനം. സര്‍ക്കാര്‍ ചെലവില്‍ ടെസ്റ്റിങ്, ക്വാറന്റൈന്‍, ചികിത്സ എന്നിവയ്ക്കായി ആംബുലന്‍സുകളില്‍ ആശുപത്രികളില്‍ എത്തിച്ച ആളുകളുടെ എണ്ണം- ഏപ്രില്‍ 7,561, മെയ് 24,695, ജൂണ്‍ 30,599 എന്നിങ്ങനെയാണ്.