ഒമാനില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ തുറന്ന് സര്‍ക്കാര്‍

സ്വകാര്യ മേഖലയില്‍ 25000 തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതി അതിവേഗം മുന്നേറുകയാണ്. ഈ വര്‍ഷത്തെ ആദ്യ പകുതിയില്‍ മാത്രം രണ്ടായിരത്തിലധികം സ്വദേശികള്‍ക്കാണ് വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ ലഭ്യമാക്കിയത്. ജനുവരി ഒന്ന് മുതല്‍ 15 വരെ കാലയളവില്‍ 2097 സ്വദേശികള്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിയില്‍ പ്രവേശിച്ചതായി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ജനറല്‍ എഡ്യുക്കേഷന്‍ ഡിപ്ലോമയിലും താഴെ യോഗ്യതയുള്ളവരാണ് ജോലിയില്‍ പ്രവേശിച്ചവരില്‍ അധികവും.

ജനറല്‍ എഡ്യുക്കേഷന്‍ ഡിപ്ലോമ യോഗ്യതയുള്ള 673 പേരും സര്‍വകലാശാല ബിരുദം, ഡിപ്ലോമ യോഗ്യതയുള്ള 381 പേരും ഇക്കാലയളവില്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിലാണ് സ്വദേശികള്‍ക്ക് 25000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രഖ്യാപനം മന്ത്രിസഭാ കൗണ്‍സില്‍ നടത്തിയത്. ഡിസംബര്‍ മുതലാണ് ഇതിനുള്ള നടപടികള്‍ തുടങ്ങിയത്. എണ്ണവിലയിടിവ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മൂലം സര്‍ക്കാര്‍ മേഖലയിലെ നിയമനങ്ങള്‍ ഏതാണ്ട് മരവിപ്പിച്ച സാഹചര്യത്തില്‍ സ്വകാര്യമേഖലയുടെ സഹകരണത്തോടെ ഇൌ ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നീക്കം. ഡിസംബറിലാണ് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. ഡിസംബറില്‍ മാത്രം ആറായിരത്തിലധികം സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കിയിരുന്നു.