ഓംപ്രകാശ് റാവത്ത് ഇനി മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണര്‍

ന്യൂഡല്‍ഹി: ഓംപ്രകാശ് റാവത്തിനെ മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. നിലവില്‍ തിരഞ്ഞെടുപ്പു കമ്മീഷണറായിരുന്നു. ചൊവ്വാഴ്ച അദ്ദേഹം ചുമതലയേല്‍ക്കും.

നിലവിലെ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ എ.കെ.ജോതി ഒഴിയുന്ന സ്ഥാനത്തേക്കാണ് ഓം പ്രകാശ് എത്തുന്നത്. ജോതി തിങ്കളാഴ്ചയാണ് സ്ഥാനമൊഴിയുക. മധ്യപ്രദേശില്‍ നിന്നുള്ള 1977 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഓംപ്രകാശ്.

2015ലാണ് തിരഞ്ഞെടുപ്പു കമ്മീഷണര്‍ സ്ഥാനത്തെത്തിയത്. അറുപത്തിനാലുകാരനായ ഇദ്ദേഹം കേന്ദ്രത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും നിര്‍ണായക സ്ഥാനങ്ങളില്‍ ചുമതല വഹിച്ചിട്ടുണ്ട്.

മുന്‍ സാമ്പത്തിക സെക്രട്ടറി അശോക് ലവാലയ്ക്ക് തിരഞ്ഞെടുപ്പു കമ്മീഷണറായി സ്ഥാനം നല്‍കിയിരുന്നു. ഇതോടെ കമ്മീഷനിലെ മൂന്ന് അംഗങ്ങളുടെയും നിയമനം പൂര്‍ത്തിയായി. സുനില്‍ അറോറയാണ് മറ്റൊരംഗം.