പോസ്റ്റര്‍ കീറിയ യുവാവിനെക്കൊണ്ട് പോസ്റ്റര്‍ ഒട്ടിപ്പിച്ച് മോഹന്‍ലാല്‍ ഫാന്‍സ്; വൈറലായി വീഡിയോ

ഒടിയന് പിന്നാലെ കേരളത്തില്‍ മോഹന്‍ലാല്‍ ഫാന്‍സ് ആവേശത്തിലാണ്. അതിനിടയിലാണ് കഴിഞ്ഞ ദിവസം ഒടിയന്റെ പോസ്റ്റര്‍ കീറുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ‘ആ പോസ്റ്റര്‍ കീറുമ്പോള്‍ നിന്റെ ഉള്ളില്‍ ഉള്ള പേടിയുണ്ടല്ലോ അതാണ് മോഹന്‍ലാല്‍’ എന്ന തലക്കെട്ടോടെയാണ് ഈ വീഡിയോ ഫാന്‍സ് പേജുകളില്‍ ഷെയര്‍ ചെയ്യപ്പെട്ടത്. ഇതോടൊപ്പമാണ് യുവാവിനെ ആക്രമിക്കാനുള്ള ആഹ്വാനവും ഉയര്‍ന്നത്.

എന്നാല്‍ ഇന്ന് അതേ യുവാവിനെക്കൊണ്ട് അതേ സ്ഥലത്ത് പോസ്റ്റര്‍ ഒട്ടിപ്പിച്ചിരിക്കുകയാണ് മോഹന്‍ലാല്‍ ഫാന്‍സ്. ‘പണ്ട് ഏട്ടന്‍ പറഞ്ഞപോലെ കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷം ഇറക്കുന്ന പാരമ്പര്യമുണ്ട് ഞങ്ങള്‍ക്ക്. ഇനിയവന്‍ ഒരു പോസ്റ്ററും കീറില്ല. കീറിയ അതേസ്ഥലത്ത് അവനെക്കൊണ്ട് തന്നെ വീണ്ടും പോസ്റ്റര്‍ ഒട്ടിപ്പിച്ചു ഏട്ടന്റെ അനിയന്മാര്‍’ എന്ന തലക്കെട്ടോടെയാണ് ഈ ചിത്രം പ്രചരിക്കുന്നത്. മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് കാഞ്ഞിരപ്പള്ളിയാണ് യുവാവിനെക്കൊണ്ട് പോസ്റ്റര്‍ വീണ്ടും ഒട്ടിപ്പിച്ചതും അതിന്റെ ചിത്രം പകര്‍ത്തിയതുമെന്ന് പ്രചരിക്കുന്ന ചിത്രത്തില്‍ നിന്നും വ്യക്തമാണ്.