വിശ്വാസികളെ ജാതീയമായി ചേരിതിരിക്കാനുള്ള തിടുക്കമാണ് സർക്കാരിന്: എൻ.എസ്.എസ്

കോട്ടയം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് വീണ്ടും എൻഎസ്എസ്. വിഷയം ഉപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് സർക്കാരിന്‍റെ ശ്രമമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ കുറ്റപ്പെടുത്തി. വിശ്വാസികളെ ജാതീയമായി ചേരിതിരിക്കാനുള്ള ശ്രമമാണു സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോടതിവിധി നടപ്പാക്കാൻ കഴിയാത്തതിനു കാരണം സവർണരുടെ ആധിപത്യം ആണെന്നു വരുത്തിത്തീർക്കാനുള്ള ശ്രമത്തിലാണു സർക്കാർ. സവർണനെന്നും അവർണനെന്നും വേർതിരിവ് ഉണ്ടാക്കാനുള്ള തിടുക്കമാണ് സർക്കാരിനെന്നും അദ്ദേഹം തുറന്നടിച്ചു. യുവതീ പ്രവേശനത്തിന് നവോത്ഥാനവുമായി ബന്ധമില്ലെന്നും സംസ്ഥാനത്ത് ജാതീയ വിഭാഗീയത ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സുകുമാരൻ നായർ പറഞ്ഞു

നേരത്തെ, ശബരിമലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയതിനെയും എൻഎസ്എസ് ശക്തമായി എതിർത്തിരുന്നു. സമാധാനപരമായ അന്തരീക്ഷത്തിൽ ദർശനം സാധ്യമാകണമെങ്കിൽ നിരോധനാ‍ജ്ഞ പോലെയുള്ള കരിനിയമങ്ങളും കടുംപിടിത്തങ്ങളും ഉടൻ പിൻവലിക്കണമെന്നും ശബരിമല പോലെയുള്ള പുണ്യസ്ഥലത്ത് 144 പ്രഖ്യാപിച്ചതു തെറ്റാണെന്നുമായിരുന്നു ആദ്യ വിമർശനം.