അമേരിക്കന്‍ പൗരന്മാരെ മോചിപ്പിച്ചത് പണം നല്‍കിയല്ലയെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: ഉത്തരകൊറിയയില്‍ നിന്ന് മൂന്ന് അമേരിക്കന്‍ പൗരന്മാരെ മോചിപ്പിക്കാനായി പണം നല്‍കിയില്ലയെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇറാനില്‍ നിന്ന് അഞ്ച് അമേരിക്കന്‍ പൗരന്മാരെ മോചിപ്പിക്കാനായി മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ 180 കോടി ഡോളര്‍ നല്‍കിയെന്ന് അദ്ദേഹം ആരോപിച്ചു.

പണം നല്‍കിയത് മോചനത്തിനല്ലെന്നും ഇറേനിയന്‍ വിപ്ലവത്തോട് അനുബന്ധിച്ച ആയുധക്കച്ചവടക്കേസ് ഒത്തുതീര്‍പ്പാക്കുന്നതിനാണ് പണം നല്‍കിയതെന്നും ഒബാമ ഭരണക്കൂടം വ്യക്തമാക്കിയിരുന്നു.

താനും ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച്ച വന്‍ വിജയമായിരിക്കുമെന്നും ഒബാമ ഇറാനുമായി ഉണ്ടാക്കിയ ആണവക്കരാറിനു സമാനമായ ഒന്നല്ല താന്‍ ഉത്തരകൊറിയയുമായി ഉണ്ടാക്കാന്‍ പോകുന്നതെന്നും ട്രംപ് പറഞ്ഞു.