നോക്കുകൂലി നിരോധിത നിയമം നോക്കുകുത്തിയാകുന്നു

 

തൃശൂര്‍: നോക്കുക്കൂലി നിരോധനം നിലവില്‍ വന്നിട്ടും തൃശൂര്‍ നഗരത്തില്‍ ചുമട്ടുതൊഴിലാളികള്‍ ചെയ്യാത്ത ജോലിക്ക് കൂലി വാങ്ങുന്നതായി പരാതി. നോക്കുകൂലിക്ക് പകരം മറ്റ് പേരുകളിലാണ് തൊഴിലാളികള്‍ അനധികൃതമായി പണപ്പിരിവ് നടത്തുന്നത്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് തൃശൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് അറിയിച്ചു.

ഒരു ചാക്കിന് 9 രൂപ നിരക്കില്‍ 400 ചാക്ക് അരിയുള്ള ഒരു ലോഡ് ഇറക്കാന്‍ 3600 രൂപയാണ് കൂലി. എന്നാല്‍, തൃശൂര്‍ നഗരത്തിലെ മാര്‍ക്കറ്റുകളില്‍ ഒരു ലോറിയിലെ 400 ചാക്കുള്ള ലോഡില്‍ നിന്ന് 100 ചാക്ക് ഇറക്കിയാലും മുഴുവന്‍ ചാക്ക് ഇറക്കിയതിന്റെ കൂലിയും മറു കൂലിയും നല്‍കണം.

ഇതിനു പുറമെ കാപ്പിക്കാശെന്ന പേരിലുള്ള നിര്‍ബന്ധിത പിരിവും തൊഴിലാളികള്‍ നടത്തുന്നുണ്ട്. ഒരു ചാക്കിന് ഒരു രൂപ നിരക്കില്‍ ലോറി ഡ്രൈവര്‍മാരില്‍ നിന്നാണ് കാപ്പിക്കാശ് ഈടാക്കുന്നത്. അതിനാല്‍ അതും കൂടെ കണക്കിലെടുത്താണ് ഡ്രൈവര്‍മാര്‍ ലോറി വാടക കണക്കാക്കുന്നത്. ലോറിയില്‍ 50 ചാക്കിലേറെ ചരക്കു കയറ്റുന്നതിന് കെട്ടുകാശ് എന്ന പേരിലും പിരിവ് നടത്തുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള പരാതികള്‍ ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്നാണ് വിവിധ തൊഴിലാളി യൂണിയനുകളുടെ വിശദീകരണം.