സമാധാനത്തിനുള്ള നൊബേല്‍ നാദിയ മുറാദിനും ഡെന്നിസ് മുക്വേഗിനും; പുരസ്‌കാരം ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്

സ്റ്റോക്‌ഹോം: സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം നാദിയ മുറാദിനും ഡെന്നിസ് മുക്വേഗിനും സ്വന്തമാക്കി. ലൈംഗികാതിക്രമങ്ങളെ യുദ്ധമുറയാക്കി ഉപയോഗിക്കുന്നതിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇരുവര്‍ക്കും പുരസ്‌കാരം. സ്വന്തം ജീവന്‍ പോലും കണക്കിലെടുക്കാതെ അക്രമങ്ങള്‍ക്കിരയായവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചവരാണ് ഇവര്‍ രണ്ടുപേരുമെന്ന് നൊബേല്‍ പുരസ്‌കാര സമിതി വിലയിരുത്തി.

ഇറാഖിലെ മനുഷ്യാവകാശ പ്രവര്‍ത്തകയാണ് നാദിയ മുറാദ്. ഐ എസിന്റെ പിടിയില്‍പ്പെട്ട് ബലാത്സംഗത്തിനും കൊടിയ പീഡനങ്ങള്‍ക്കും ഇരയായ മൂവായിരത്തിലധികം യസീദി സ്ത്രീകളില്‍ ഒരാള്‍. 2014ല്‍ ഐഎസ് അവരെ തട്ടിക്കൊണ്ടുപോയിരുന്നു. 2017ല്‍ ആണ് ലൈംഗിക അടിമയായിരുന്ന അവര്‍ മോചിപ്പിക്കപ്പെട്ടത്. പിന്നീട് യുദ്ധത്തില്‍ ഇരകളായവര്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ അവര്‍ മുഴുകി. ലൈംഗികാതിക്രമങ്ങള്‍ക്കും ഐസിഎനും എതിരായും നിരവധി പ്രത്തനങ്ങള്‍ അവര്‍ നടത്തി. മനുഷ്യാവകാശ പ്രവര്‍ത്തക എന്ന നിലയില്‍ യുഎന്‍ അംബാസിഡറാണ് നാദിയ മുറാദ്.

കോംഗോയിലെ സാമൂഹ്യ പ്രവര്‍ത്തകനായ ഡെന്നിസ് മുക്വേഗ് പന്‍സി ഹോസ്പിറ്റലിന്റെ സ്ഥാപനും ഡയറക്ടറുമാണ്. ഗൈനക്കോളജിസ്റ്റായ അദ്ദേഹം രണ്ടാം കോംഗോ ആഭ്യന്തര യുദ്ധകാലത്ത് കൂട്ടബലാത്സംഗത്തിന് ഇരയായ സ്ത്രീകള്‍ക്കുവേണ്ടി നടത്തി പ്രവര്‍ത്തനങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരായ ആയിരിക്കണക്കിന് സ്ത്രീകള്‍ക്ക് ചികിത്സ ലഭ്യമാക്കുകയും അഭയമൊരുക്കുകയും ചെയ്തിട്ടുണ്ട്.