സി.പി.ഐ നിലപാടിന് വിജയം; നെല്‍വയല്‍, തണ്ണീര്‍ത്തട നിയമത്തില്‍ ഇളവില്ല

തിരുവനന്തപുരം: നെല്‍വയല്‍, തണ്ണീര്‍ത്തട നിയമത്തില്‍ ഇളവു നല്‍കാന്‍ സര്‍ക്കാര്‍ നീക്കം ഉപേക്ഷിച്ചു. ഭേദഗതി ബില്‍ നിയമസഭയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി റവന്യു, കൃഷിവകുപ്പ് മന്ത്രിമാരുടെ യോഗത്തിലാണ് ഇളവ് കൊണ്ടുവരില്ല എന്ന് തീരുമാനിച്ചത്. തിരുവനന്തപുരം, എറണാകുളം നഗരങ്ങളെ നിയമത്തില്‍നിന്ന് ഒഴിവാക്കാനായിരുന്നു നീക്കം. നിയമത്തിൽ വെള്ളം ചേർക്കാൻ കഴിയില്ല എന്ന സി.പി.ഐയുടെ കടുത്ത നിലപാടാണ് നീക്കം ഉപേക്ഷിക്കാൻ കാരണമായത്.

നിയമത്തിലെ കടുത്ത നിര്‍ദേശങ്ങളില്‍ ഇളവിനും ആലോചനയുണ്ടായിരുന്നു. യോഗത്തില്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും കൃഷിമന്ത്രി വി.എസ് സുനില്‍കുമാറിനെയും പാക്കെടുത്തു. നിയമത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിനുള്ള തീരുമാനം ഉണ്ടാകുന്നതിനാണ് മന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുന്നതെന്നാണ് ആദ്യം ലഭിച്ചിരുന്ന സൂചനകൽ. എന്നാൽ സി.പി.ഐ നിലപാടിൽ ഉറച്ചു നിന്നതിനാൽ ഇളവ് നൽകേണ്ടതില്ല എന്ന തീരുമാനത്തിൽ എത്തുകയായിരുന്നു.

വി.എസ് സര്‍ക്കാരിന്റെ കാലത്താണ് നെല്‍വയല്‍, തണ്ണീര്‍ത്തട നിയമം കൊണ്ടുവന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഒരു ഭേദഗതി വരുത്തിയിരുന്നു. പൊതു ആവശ്യങ്ങള്‍ക്കായി നെല്‍വയല്‍ നികത്തുമ്പോള്‍ പ്രാദേശിക സമിതികളുടെ റിപ്പോര്‍ട്ടുകള്‍ അനുകൂലമല്ലെങ്കിലും സംസ്ഥാന സമിതിയുടെ ശുപാര്‍ശകള്‍ക്കനുസരിച്ച് തീരുമാനമെടുക്കാമെന്നായിരുന്നു പ്രധാന ഭേദഗതി. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് സുപ്രധാന നിയമത്തില്‍ സര്‍ക്കാര്‍ ഇളവ് നല്‍കുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയെ സഹായിക്കാനാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.