ഇന്നസെന്റ് എം.പിയുടെ പരാതിയില്‍ നടപടിയില്ല; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ ഇപ്പോഴും ഇരുട്ടില്‍

തൊടുപുഴ: ഇന്നസെന്റ് എംപി നല്‍കിയ പരാതിയില്‍ 18 മാസമായിട്ടും നടപടിയില്ല.നടനും ലോക്‌സഭാംഗവുമായ ഇന്നസെന്റ് എംപി കുഴഞ്ഞു വീണു മരിച്ചു എന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതിയാണ് അന്വേഷണം ഒന്നുമാകാതെ കിടക്കുന്നത്. ഡി.ജി.പിക്ക് നേരിട്ടാണ് എം.പി ഇത്തരമൊരു പരാതി നല്‍കിയത്.

തൊടുപുഴയില്‍ നടന്ന ഷൂട്ടിംഗിനിടയിലാണ് ഇന്നസെന്റ് എം.പി കുഴഞ്ഞ് വീണു മരിച്ചതായുള്ള വ്യാജ വാര്‍ത്ത കാട്ടുതീ പോലെ പരന്നത്. എന്നാല്‍ ആ സമയം എം.പി തിരുവനന്തപുരത്തെ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ നില്‍ക്കുകയായിരുന്നു.

ഫോണ്‍ വിളികളിലൂടെയും മിക്കവരുടെയും വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലുമാണ് ഈ വാര്‍ത്ത പരന്നത്. കേട്ടവര്‍ കേട്ടവര്‍ ഇത് മറ്റുള്ളവരിലേയ്ക്ക് പകര്‍ന്നതോടെ വാര്‍ത്ത നവ മാധ്യമങ്ങള്‍ ആഘോഷിക്കുകയായിരുന്നു. വാര്‍ത്ത ശരിയാണോ എന്ന് അന്വേഷിക്കാന്‍ ബന്ധുക്കളുംമാധ്യമ പ്രവര്‍ത്തകരും സഹപ്രവര്‍ത്തകരുമടങ്ങുന്നവരുടെ നീണ്ടനിര തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഓടിയെത്തി.

പോലീസ് അധികാരികള്‍ക്കും പത്ര ഓഫീസുകളിലേക്കും മാധ്യമ പ്രവര്‍ത്തകരുടെ മൊബൈല്‍ നമ്പരിലേക്കും ഇതു സംബന്ധിച്ച് നിരവധി കോളുകളാണ് എത്തിയത്. നഗരത്തിലെ ആശുപത്രികളില്‍ ചിലര്‍ വിവരം അറിയാന്‍ എത്തുകയും ചെയ്തു.
ഒടുവില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഇന്നസെന്റ് എം.പിയുടെ ഫോണില്‍ അന്വേഷിച്ചപ്പോഴാണ് താന്‍ തിരുവനന്തപുരത്തേക്ക് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതായി വിവരം ലഭിച്ചത്. അതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് തിരശീല വീണത്. താന്‍ മരിച്ചെന്ന വിധത്തില്‍ നടത്തിയ വ്യാജ വാര്‍ത്തകള്‍ക്കെതിരെ ഇന്നസെന്റ് എം.പി പോലീസിനും സൈബര്‍ സെല്ലിലും പരാതി നല്‍കുകയും ചെയ്തു.

അന്വേഷണം ആദ്യഘട്ടത്തില്‍ തിരക്കുപിടിച്ചു നടന്നെങ്കിലും പിന്നീട് ഇതിനെക്കുറിച്ചുള്ള ഒരന്വേഷണത്തിനും പോലീസ് തയ്യാറായതുമില്ല. മുഖ്യമന്ത്രി പിണറായി വിജയനടക്കം സംഭവത്തില്‍ ഇന്നസെന്റ് പരാതി സമര്‍പ്പിച്ചിട്ടും പോലീസിന്റെ നിഷ്‌ക്രിയമായ പ്രവര്‍ത്തനത്താല്‍ വ്യാജന്‍മാര്‍ ഇന്നും ഒളിവില്‍ തുടരുകയാണ്.