ആഭ്യന്തരവിമാനയാത്രയ്ക്ക് ക്വാറന്റീന്‍ വേണ്ടെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: മേയ് 25ന് ആരംഭിക്കുന്ന ആഭ്യന്തര വിമാന സര്‍വീസുകളില്‍ യാത്രചെയ്യുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പ്രസ്താവിച്ചത് വിവാദമാകുന്നു. സര്‍വീസുകളുടെ യാത്രാസമയത്തെ മുന്‍നിര്‍ത്തി നിരക്ക് നിശ്ചയിച്ചതായും 3000 രൂപ മുതല്‍ 10,000 രൂപ വരെ നിരക്കാകുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
ആഭ്യന്തര യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ ആവശ്യമാണെന്ന് കരുതുന്നില്ലെന്ന് മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര വിമാന സര്‍വീസുകളിലെ യാത്രക്കാരെപ്പോലെ ദീര്‍ഘദൂരയാത്ര ഇവിടെ ആവശ്യമായിവരുന്നില്ല. താരതമ്യേന ചെറിയ ദൂരത്തേയ്ക്കുള്ള യാത്രയാണ്. യാത്രാസമയത്തെ മുന്‍നിര്‍ത്തി ഏഴ് വിഭാഗങ്ങളായി തിരിച്ചായിരിക്കും ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിക്കുക. 40 മിനിറ്റു മുതല്‍ 210 മിനിറ്റുവരെയുള്ള യാത്രകള്‍ക്ക് കുറഞ്ഞ/പരമാവധി നിരക്ക് നിശ്ചയിച്ചിട്ടുണ്ട്.
മെട്രോ നഗരങ്ങളില്‍നിന്ന് മറ്റു നഗരങ്ങളിലേയ്ക്ക് മൂന്നില്‍ ഒന്ന് വിമാനങ്ങള്‍ മാത്രമായിരിക്കും ആദ്യഘട്ടത്തില്‍. ഒരു വിമാനത്തിലെ 40 ശതമാനം സീറ്റുകളില്‍ യാത്ര അനുവദിക്കും. ആഴ്ചയില്‍ 100ല്‍ അധികം വിമാനങ്ങള്‍ സര്‍വീസ് നടത്തും.