അദ്വാനിയും ജോഷിയും പോയത് മസ്ജിദ് പൊളിക്കാനല്ല, തടയാനെന്ന് വിചിത്ര വാദം

അശോക് സിംഗാളിന് പള്ളി സംരക്ഷിക്കാനും താല്പര്യമുണ്ടായിരുന്നത്രെ

ലക്‌നൗ: ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികള്‍ക്കെതിരെ സിബിഐ ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങള്‍ തന്നെ കോടതി തള്ളിയത് കൗതുകമായി. വീഡിയോയും ഫോട്ടോകളും ആധികാരികമല്ലെന്ന് പ്രത്യേക കോടതി ജഡ്ജി എസ്.കെ. യാദവ് പറഞ്ഞു. വീഡിയോ ദൃശ്യങ്ങളുടെ ഒറിജിനല്‍ അല്ല ഹാജരാക്കിയത്. അവയില്‍ പലതും എഡിറ്റ് ചെയ്തവയായിരുന്നു.
എല്‍.കെ. അദ്വാനിയും മുരളി മനോഹര്‍ ജോഷിയുമുള്‍പ്പെടെയുള്ള പ്രതികള്‍ മസ്ജിദ് പൊളിക്കുന്നത് തടയുന്നതിനായി ഇടപെട്ടെന്നും എന്നാല്‍ അക്കാര്യത്തില്‍ അവര്‍ വിജയിച്ചില്ലെന്നും കോടതി പറയുന്നു.പ്രതികള്‍ കുറ്റം ചെയ്തുവെന്ന് തെളിയിക്കാന്‍ സിബിഐ ഹാജരാക്കിയ തെളിവുകള്‍ അപര്യാപ്തമാണ്. ഹാജരാക്കിയ വിഡിയോകളില്‍ കൃത്രിമത്വം നടന്നുവെന്ന് വിധിയില്‍ പറയുന്നു. പ്രതികളില്‍ ചിലര്‍ കര്‍സേവകരെമസ്ജിദ് തകര്‍ക്കുന്നതില്‍ നിന്ന് തടയുന്ന ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് മാറ്റിയ വീഡിയോകളാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചതെന്നു കോടതി ചൂണ്ടിക്കാട്ടി.
ഇക്കാരണങ്ങളാലാണ് കേസിലെ 32 പ്രതികളെയും കോടതി വെറുതെവിട്ടത്.
പ്രതികള്‍ക്ക് മസ്ജിദ് തകര്‍ക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ല. ,മസ്ജിദിനുനേരെ കല്ലേറുണ്ടായത് പിന്നില്‍ നിന്നാണ്. മസ്ജിദിനെതിരെ ആക്രമണം നടന്നാല്‍ അത് രാംലല്ലയ്ക്ക് തകരാറുണ്ടാക്കുമെന്നതിനാല്‍ അശോക് സിംഗാളിന് പള്ളി സംരക്ഷിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും കോടതി പറയുന്നു.