നിപ്പ: പരിസ്ഥിതിയെ അട്ടിമറിച്ചതിന്റെ ഫലം

Post historial era എന്നും സത്യനന്തര ലോകം എന്നു വിശേഷിപ്പിക്കുന്ന കാലത്ത് ശാസത്രാനന്തര ചിന്തകൾക്കും അവസരം ഉണ്ടാകുക സ്വാഭാവികമാണ്. ചരിത്രത്തിൽ സംഭവിച്ച നിരന്തര സാമൂഹിക രാഷ്ട്രീയ ശാസ്ത്ര വിപ്ലവങ്ങൾ ലോകത്തിനു നൽകിയ സംഭാവനകളുടെ തുടർച്ചയായി, അവയെ (ആരാധിക്കുന്നതിനു പകരം ) പരിഗണിച്ച് നടക്കുന്ന മുന്നേറ്റങ്ങൾ കൂടുതൽ മാനവിക മൂല്യങ്ങളുള്ള ലോകത്തെ സൃഷ്ടിക്കും .

ചരിത്രത്തെ പിടിച്ചു കുലുക്കിയ സമരങ്ങൾ,ത്യാഗങ്ങൾ,വിപ്ലവങ്ങൾ ഒക്കെ നിരർത്ഥമാണെന്ന വാദം ചങ്ങാത്ത മുതലാളിത്തത്തിന്റെ തിരക്കഥയാണ്. സർ ചക്രവർത്തിയുടെ കൊലപാതകത്തിന്റെ 100 ആം വാർഷികം ലോക കാൽപന്തുകളി ചടങ്ങിൽ അനുസ്മരിക്കുവാൻ പുട്ടിനും ലോകരാജ്യങ്ങളും തയ്യാറാകുന്നത് ചരിത്രം സൃഷ്ടിക്കുന്നവർ സാധാരണക്കാരല്ല എന്ന പഴഞ്ഞൻ വാദത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ്.

രാഷ്ട്രീയ വിമുഖമായ മധ്യ വർഗ്ഗത്തിന് മുൻതൂക്കമുള്ള സമൂഹത്തിൽ രാഷ്ട്രീയത്തോടു തോന്നുന്ന പുശ്ചം മതനിരപേക്ഷ കൂട്ടങ്ങളോടും ദിനങ്ങളോടും മാത്രമല്ല ശാസ്ത്രത്തോടും ഉണ്ടാകും. ശാസ്ത്രത്തിന്റെ ഗുണഭോക്താക്കളായി തുടരുകയും ശാസ്ത്രത്തിന്റെ കണ്ടെത്തലുകളെ പുശ്ചിക്കുവാനും ഇവർ മടിക്കാറില്ല.

ശാസ്ത്രത്തിന്റെ കണ്ടെത്തലുകളെ ശാസ്ത്രയുക്തിക്കു നിരക്കാത്ത രീതികളിലൂടെ കടന്നാക്രമിക്കുമ്പോൾ അതിനായി അത്തരക്കാർ കൂട്ടുപിടിക്കുക ശാസ്ത്രലോകത്തെ നിയന്ത്രിക്കുന്ന ഇന്നത്തെ കോർപ്പറേറ്റു ചെയ്തികളെയാണ്.

ശാസ്ത്ര കണ്ടു പിടുത്തങ്ങളെ സ്വകാര്യ കുത്തകക്കാരിൽ നിന്നും രക്ഷിക്കുവാനുള്ള ഉത്തരവാദിത്തം സമൂഹം ഏറ്റെടുക്കേണ്ടതുണ്ട്. എന്നാൽ ആ പേർ പറഞ്ഞ് സ്വന്തം ചികിത്സാ ലോകം ലാഭകരമാക്കുവാൻ ശ്രമിക്കുന്നവർക്ക് കേരളത്തിൽ കേൾവിക്കാരുണ്ടാകുന്നതു പോലും അപകടകരമാണ്.

കോർപ്പറേറ്റു താൽപര്യങ്ങൾ വിവിധ ചികിത്സാരംഗത്ത് സജ്ജീവമാകുമ്പോൾ അതിന്റെ സ്വാധീനത്തിന് നമ്മൾ ഇരകളാകേണ്ടി വരുന്നു. അതിന്റെ മറവിൽ വാക്സിൻ വിരുദ്ധ പ്രചരണത്തിൽ ഏർപ്പെടുന്നവർക്കൊപ്പം മതമൗലികവാദികളിൽ ചിലരും കൂടി ചേരുമ്പോൾ ചിത്രം വ്യക്തമാണ്.

വസൂരിയും പ്ലേഗും സ്പാനിഷ് ജ്വരവും പോളിയോയും പേയ് വിഷബാധയും (നിയന്ത്രണ വിധേയമായത്) തുടച്ചു നീക്കപ്പെട്ടത്, വാക്സിനുകളുടെ മുഖ്യ പങ്കാളിത്തത്തിൽ ആണെന്നിരിക്കെ വാക്സിൻ വിരുദ്ധ പ്രചരണം നടത്തുന്നവർ ശാസ്ത്രലോകം നേടിയ നേട്ടത്തെ തളളിപ്പറയുകയാണ്. . നാടിന്റെ പ്രത്യേകതകൾ മാനിച്ച്, കാലത്തിന്റെ മാറ്റങ്ങൾ പരിഗണിച്ച് ,അനാവശ്യമായ വാക്സിനുകൾ ഒഴിവാക്കി, പ്രധാനപ്പെട്ട വാക്സിനുകൾ ( ജനകീയ ശാസ്ത്ര സമീപനങ്ങളെ മാനിച്ച് ) സ്വീകരിക്കുവാൻ നമുക്കു ബാധ്യതയുണ്ട്. അതിനു പകരം വാക്സിനുകളെ പറ്റി തെറ്റി ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുമ്പോൾ അതിന്റെ ശാസ്ത്ര വിരുദ്ധതയെ തള്ളിക്കളയുവാൻ വിദ്വാസമ്പന്നരായ സമൂഹം വേണ്ടത്ര ജാഗ്രത കാട്ടുന്നില്ല.

ഡങ്കുപനി മുതലായ വിഷയങ്ങളിൽ നിന്നും കൂടുതൽ ഗൗരവതരമായ നിപ്പ വൈറൽ ബാധ ഉണ്ടായ സാഹചര്യത്തിലും ശാസ്ത്ര സമീപനത്തെ ഒരടിസ്ഥാനവുമില്ലാതെ തള്ളിക്കളയുവാൻ ശ്രമിക്കുന്നവർ ഗുരുതരമായ തെറ്റാണ് ചെയ്തു വരുന്നത് .

നിപ്പ വൈറസ്സ് മനുഷ്യരിലേയ്ക്കും മറ്റും പകരുന്നത് ദക്ഷിണ ഏഷ്യയിൽ വ്യാപകമായി കണ്ടുവരുന്ന Indian Fruit Bat ൽ നിന്നുമാണ്.(നിപ്പാ വൈറസ്. പാരാമിക്സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്.(RNA വൈറസ് ) വവ്വാൽ മാത്രം വാഹകനായി പ്രവർത്തിക്കുന്നു.(Host)
(Nipha വൈറസ്സ് സാനിധ്യമുള്ള വവ്വാലിന് എന്തുകൊണ്ട് രോഗം ഉണ്ടാകുന്നില്ല എന്നു ചോദിക്കുന്ന മോഹനന്മാരുടെ ശാസ്ത്ര നിരക്ഷരതയെ ഓർത്തു സഹതപിക്കാം.)

മനുഷ്യരില്‍ അസുഖങ്ങള്‍ പരത്തുന്ന സൂക്ഷ്മ ജീവികളില്‍ ബാക്റ്റീരിയ, ഫംഗസ്,വൈറസ്സ് മുതലായവ പെടുന്നു. ഇതില്‍ പൊതുവെ ബാക്ടീരിയ പരത്തുന്ന അസുഖങ്ങള്‍ എണ്ണത്തില്‍ കൂടുതല്‍ ആണെങ്കിലും അവയെ പ്രതിരോധിക്കുവാന്‍ ആന്‍റിബയോട്ടിക്കുകള്‍ വിജയിക്കുന്നുണ്ട്. ബാക്റ്റീരിയക്ക് ഉണ്ടാകുന്ന പരിണാമങ്ങള്‍ പുതിയ ആന്റിബയോട്ടിക്കുകള്‍ കണ്ടെത്തുവാന്‍ നിര്‍ബന്ധിതമാക്കുന്നു എങ്കിലും അത്തരം അസുഖങ്ങളെ നിയന്ത്രിക്കുവാന്‍ പുതിയ തരം മരുന്നുകള്‍ക്ക് കഴിവുണ്ട് . അയതിനാല്‍ അണുപ്രസരണത്തിലൂടെയുള്ള അസുഖങ്ങള്‍ മരണത്തിലേക്ക് ആളുകളെ നയിക്കുന്നില്ല എന്ന് പൊതുവായി പറയാം. സൂക്ഷ്മ ജീവികളില്‍ മറ്റൊന്നായ വൈറസ്സ് വ്യത്യസ്ത സ്വഭാവത്തില്‍ പെടുന്ന ജീവിയാണ് . ബാക്റ്റീരിയകള്‍ (ചെറുതെങ്കിലും) വ്യക്തമായ അവയവങ്ങള്‍ ഉള്ള, മനുഷ്യരിലും മറ്റു ജീവികള്‍ക്കും പുറത്ത് സ്വതന്ത്രമായി ജീവിക്കുവാന്‍ കഴിവുള്ളതാണ്.( രോഗങ്ങള്‍ പരത്തുന്ന സൂക്ഷ്മ ജീവികള്‍ തന്നെ എപ്പോഴും രോഗങ്ങള്‍ ഉണ്ടാക്കണം എന്നില്ല. മനുഷ്യര്‍ക്ക്‌ ഉപകാരപ്രദമായ നിരവധി സൂക്ഷ്മ ജീവികള്‍ ശരീരത്തില്‍ കാണാം.) ഇവയെ തെരഞ്ഞു പിടിച്ച് ആക്രമിക്കുവാന്‍ ആന്റിബയോട്ടിക്കുകള്‍ക്ക് കഴിയും.ആന്റിബയോട്ടിക്കുകള്‍ ബാക്ടീരിയയുടെ കോശ ഭിത്തിയിലോ അതിന്‍റെ ന്യൂക്ളിയസിലോ(കേന്ദ്രം) മറ്റോ കയറികൂടി സൂക്ഷ്മ ജീവികളുടെ വിഭജനത്തിനു തടയ്യിടുന്നു.ചിലപ്പോള്‍ അവരുടെ ഭക്ഷണം ലഭ്യമാക്കാതെ അവയെ പട്ടിണിക്കിട്ട് കൊലപെടുത്തുവാന്‍ മരുന്നുകള്‍വിജയിക്കും.അങ്ങനെ സൂക്ഷ്മ ജീവികളെ നിയന്ത്രിച്ച്‌ അസുഖം ഭേദമാക്കും.

വൈറസ്സുകള്‍ ബാക്ടീരിയക്കാള്‍ വലിപ്പം കുറഞ്ഞവയാണ്. പ്രത്യേകിച്ച് അവയങ്ങള്‍ ഇല്ലാത്ത, കുറച്ചു ന്യൂക്ലിക് ആസിഡുകൾ കോശ ഭിത്തിയാല്‍ ആവരണം ചെയ്തിരിക്കുന്ന ഒരു ഗോളമായി അതിനെ കരുതാം.വൈറസ്സുകള്‍ ജീവനുള്ള വസ്തുക്കള്‍ക്ക് പുറത്ത് നിര്‍ജ്ജീവമായി നിലനില്‍ക്കും. ഏതെങ്കിലും ശരീരത്തില്‍ കടന്നു കൂടിയാല്‍ അവയുടെ കോശ ഭിത്തി ലയിച്ചശേഷം സ്വത്രന്ത്രമാകുന്ന ന്യൂക്ലിക് ആസിഡ് കയറി കൂടിയ ശരീരത്തിലെ വിവിധ കോശങ്ങളില്‍ പ്രവേശിച്ച്, അവയുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുവാന്‍ ശ്രമിക്കുന്നു. കോശങ്ങളില്‍ എത്തുന്ന വൈറസ്സ് പദാര്‍ത്ഥങ്ങള്‍ അവക്ക് ആവശ്യമായ ഘടകങ്ങള്‍ ശരീരത്തിലെ കോശങ്ങളെ കൊണ്ട് ഉണ്ടാക്കുന്നു. അങ്ങനെ വൈറസ്സ്, കടന്നു കൂടുന്ന ശരീരത്തിന്‍റെ പ്രവര്‍ത്തനത്തെ തന്നെ കീഴടക്കുന്നു .ഈ കാരണങ്ങളാൽ അസുഖം ബാധിച്ച ശരീരത്തില്‍ കടന്നു വരുന്ന മരുന്നുകള്‍ക്ക് വൈറസ്സിനെ തിരിച്ചറിഞ്ഞ് ആക്രിമിച്ചു നിര്‍വ്വീര്യമാക്കുവാന്‍ കഴിയുകയില്ല. വൈറസ്സ് വഴി പടരുന്ന അസുഖങ്ങള്‍ക്ക് എതിരായി മരുന്നുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ല എന്ന് പൊതുവെ പറയാം. ശരീരത്തിന് പ്രതിരോധ ശേഷിയില്ല എങ്കില്‍ വൈറല്‍ രോഗത്തിന് ശരീരം കീഴടങ്ങുവാന്‍ നിര്‍ബന്ധിതമാകും.(ചിലതരം anti വൈറല്‍ മരുന്നുകള്‍ ഫലം നല്‍കുന്നുണ്ട്.ഉദാഹരണമായി Tamilfu ( Against Swine flu ,) valtrex (for chicken pox and warts മുതലായവയ) രോഗം വന്നുള്ള ചികിത്സയെക്കാള്‍ വൈറല്‍ ബാധ വരാതെ നോക്കുകയാണ് ഇവിടെ അഭികാമ്യം. വൈറസ്സ് പരത്തുന്ന രോഗങ്ങളെ നിയന്ത്രിക്കുവാന്‍ വാക്സിനുകള്‍ കൂടുതല്‍ പ്രചാരത്തില്‍ വന്നതായി കാണാം.വസൂരിയും ജ്വരവും പ്ലേഗും(വൈറല്‍ ബാധയല്ല) പോളിയോയും ഒക്കെ നിയന്ത്രിക്കുവാന്‍ വാക്സിനുകള്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്.

സൂക്ഷജീവികള്‍ക്ക് ഉണ്ടാകുന്ന പരിണാമങ്ങള്‍ പുതിയ അസുഖങ്ങള്‍ക്കും ഒപ്പം പഴയ അസുഖങ്ങള്‍ കൂടുതല്‍ കരുത്തോടെ മടങ്ങിവരുവാനും കാരണമാകുന്നുണ്ട്. അത്തരം മാറ്റങ്ങള്‍ സൂക്ഷ്മ ജീവികള്‍ക്ക് ഉണ്ടാകുവാന്‍ കാലാവസ്ഥാവ്യതിയാനവും ഒപ്പം അനാരോഗ്യകരമായ രീതിയിലുള്ള ആന്റിബയോട്ടിക്കുകളുടെ ഉപയോഗവും കാരണമാകുന്നു.ഒരിക്കല്‍ നിയന്ത്രണ വിധേയമായ മലേറിയ രോഗം പുതിയ രൂപത്തില്‍ മടങ്ങി വരുന്നതും പുതിയ തരം മസ്തിഷ്ക ജ്വരം ഉണ്ടാകുന്നതും ഉദാഹരണമാണ്. എബോളയും വിവിധ തരം പനികളും ഉണ്ടാകുവാന്‍ സൂക്ഷ്മ ജീവികള്‍ക്ക് സംഭവിക്കുന്ന പരിണാമം കാരണമാകുന്നുണ്ട്

Nipha വൈറൽ ബാധയായതിനാൽ ചികിത്സ ഇന്നത്തെ അവസ്ഥയിൽ ഫലപ്രദമായിട്ടില്ല. അതു കൊണ്ട് മുൻകരുതലുകൾക്ക് വൻ പ്രാധാന്യം നൽകേണ്ടതുണ്ട്. വൈറസ്സിന് ഏറെ നേരം പുറത്തു ജീവിക്കുവാൻ കഴിവില്ലാത്തതിനാൽ വായുവിലൂടെ രോഗം പടരുവാൻ അവസരം ഉണ്ടാകുന്നില്ല. രോഗികളുമായോ വൈറൽ ബാധയുള്ള വസ്തുക്കളുമായോ ഉണ്ടാകുന്ന നേരിട്ടുള്ള സാനിധ്യം രോഗം പടരുവാൻ ഇട ഉണ്ടാക്കും .

Ribavarin എന്ന antiviral മരുന്നും ( Hepatitis C ക്കെതിരെ ഉപയോഗിക്കുന്നതും പാർശ്വഫലങ്ങൾ അധികമുള്ളതും) choloroquine ഉം (മലേറിയക്കെതിരെ കൊടുക്കുന്ന മരുന്ന്)കൊടുത്തു കൊണ്ടുള്ള ചികിത്സ വേണ്ടത്ര ഫലം കണ്ടെത്തിയിരുന്നില്ല

ഓസ്ട്രേലിയ നിപ്പ വൈറൽ ബാധക്കെതിരെ വാക്സിനുകള്‍ കണ്ടെത്തുവാന്‍ ശ്രമം ആരംഭിച്ചു. നിപ്പയുടെ ഗണത്തില്‍പെട്ട സമാന രോഗം ബാധിച്ച കുതിരകളില്‍ പ്രതിരോധ കുത്തിവെപ്പ് വിജയകരമാണ്. മനുഷ്യരില്‍ വ്യാപകമായി ഉപയോഗിക്കുവാന്‍ ഉതകുന്ന തരം വാക്സിനുകള്‍ കഴിഞ്ഞ 10 വര്‍ഷത്തെ പരീക്ഷണങ്ങലൂടെ കണ്ടെത്തിയിട്ടുണ്ട്.. അതിന്റെ അവസാനഘട്ട റിപ്പോർട്ടുകൾ നടന്നുവരുന്നു. രോഗം നിലനിൽക്കുന്ന സ്ഥലത്തെ രോഗം വരാത്ത ആളുകളിൽ ഒരു ഡോസ് ഇംജക്ഷൻ ആകും നൽകേണ്ടി വരിക.പ്രതിരോധ ശേഷി ഒരു വർഷം ഉണ്ടാകും.

ആഗോള കാലാവസ്ഥാ പ്രതിഭാസമായ എൽനിനോ മലേഷ്യയിലെ കാടുകളെ വരൾച്ചയിലേക്ക് നയിച്ചു. മൃഗങ്ങളും പക്ഷികളും നാട്ടിലേക്ക് ഇറങ്ങുവാന്‍ നിര്‍ബന്ധിതമാക്കി.കാടുകളിലെ പഴങ്ങളും മറ്റും തിന്നു ജീവിച്ച മലേഷ്യൻ നരിച്ചീറുകൾ കൃഷിയിടങ്ങളിലേക്ക് പറന്നിറങ്ങി. അധികം വൈകാതെ മലേഷ്യയിലെ വൻ പന്നിഫാമുകളിലെ പന്നികളെ അജ്ഞാതമായ ഒരു രോഗം ബാധിച്ചുതുടങ്ങി. പന്നികൾ കൂട്ടമായി മരണത്തിന് കീഴടങ്ങി.

നമ്മുടെ നാട്ടിലെ ജീവികൾക്ക് ഭക്ഷിക്കേണ്ട പഴങ്ങളുടെയും മറ്റു സ്വാഭാവിക ലഭ്യത കുറവ് അവയുടെ പ്രതിരോധ ശേഷി കുറയുവാൻ കാരണമാകും. അവയെ പലതരത്തിലുള്ള രോഗവാഹകരും അസുഖക്കാരുമാക്കും എന്നത് മനുഷ്യരുടെ കൂടി നിലനിൽപ്പിനെ ചോദ്യം ചെയ്യുന്നതാണ്.

കാലാവസ്ഥയിലെ മാറ്റങ്ങള്‍, ജീവിത രീതികള്‍ പുതിയ തരം അസുഖങ്ങള്‍ ഉണ്ടാകുന്നതിനു കാരണമാകുന്നു. മാലിന്യം നിറഞ്ഞ പൊതു ഇടം, ഒഴുക്കു നിലച്ച നീര്‍ച്ചാലുകള്‍, തെറ്റായ ഭൂ വിനിയോഗം ഒക്കെ പല തരം രോഗങ്ങള്‍ പടര്‍ന്നു പിടിക്കുവാന്‍ കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാക്കുന്നുണ്ട്..

പ്രകൃതിയെ പരിഗണിക്കാതെയുള്ള സർക്കാർ കോർപ്പറേറ്റു വികസനം മനുഷ്യരെ പുതിയ രോഗങ്ങളിലേക്കു നയിക്കുന്നുണ്ട്.

പകർച്ചവ്യാധി ഉണ്ടാകുമ്പോൾ മാത്രം ഉണർന്നു പ്രവർത്തിക്കുന്ന സർക്കാർ സമീപനങ്ങളെ തിരുത്തേണ്ടതുണ്ട്.

നിപ്പ വൈറല്‍ ബാധയെ ഫലപ്രദമായി തടയുവാന്‍ കഴിയും എന്ന പ്രതീക്ഷ നിലനില്‍ക്കുമ്പോഴും പൊതു ജനാരോഗ്യ വിഷയത്തില്‍ കഴിഞ്ഞ നാളുകളെക്കാള്‍ ശ്രദ്ധ കൊടുക്കുവാന്‍ നമ്മള്‍ ജാഗരൂപരാകേണ്ടതുണ്ട്.