നിപ: പേടി വേണ്ട, വേണ്ടത് കരുതൽ; ശ്രദ്ധിക്കാം വ്യക്തിപരമായി ഈ ലക്ഷണങ്ങളെ

ഒരു വർഷത്തിന് മുൻപ് നിപയെ പ്രതിരോധിക്കാൻ കോഴിക്കോടിൽ സ്വീകരിച്ച മുൻകരുതലുകളെക്കാൾ ഇരട്ടി തയ്യാറെടുപ്പുകളാണ് എറണാകുളം, തൃശൂർ, ഇടുക്കിയിൽ കൈക്കൊണ്ടിരിക്കുന്നത്. പരിഭ്രാന്തരാകാതെ വേണ്ട മുൻ കരുതലുകളും നടപടിയും സ്വീകരിച്ചാൽ നിപയെ പേടിക്കേണ്ടതില്ലെന്ന് ആരോഗ്യ വിഭാഗം ചൂണ്ടിക്കാട്ടുന്നു.

എന്താണ് നിപ വൈറസ്‌

ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്സോ വൈറിഡേ ഇനത്തിലെ വൈറസാണ്. പൊതുവേ മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുമുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.

രോഗലക്ഷണങ്ങൾ വെളിവാകാൻ അഞ്ചു ദിവസം മുതൽ 14 ദിവസം വരെയെടുക്കും.

പ്രധാന ലക്ഷണങ്ങൾ:

 • പനി, തലവേദന, തലകറക്കം, ബോധക്ഷയം.

മറ്റു ലക്ഷണങ്ങൾ:

 • ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ച മങ്ങൽ
 • രോഗലക്ഷണങ്ങൾ ആരംഭിച്ച് ദിവസങ്ങൾക്കകംതന്നെ രോഗി ‘കോമ’ അവസ്ഥയിലെത്താം.
 • മസ്തിഷ്ക വീക്കം ഉണ്ടാകാനും സാധ്യത

രോഗനിർണയം:

തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള ശ്രവം, രക്തം, മൂത്രം, തലച്ചോറിലെ സെറിബ്രോ സ്പൈനൽ ഫ്ലൂയിഡ് എന്നിവയിൽനിന്ന് വൈറസിനെ വേർതിരിച്ചെടുക്കാം. എലൈസ പരിശോധനയിലൂടെയും രോഗം തിരിച്ചറിയാം.

രോഗിയിൽ നിന്ന് രോഗം പകരാതിരിക്കാൻ:

 • രോഗിയുമായി ഒരു മീറ്റർ എങ്കിലും ദൂരം പാലിക്കുകയും, രോഗി കിടക്കുന്ന സ്ഥലത്തുനിന്ന് അകലം പാലിക്കുകയും ചെയ്യുക.
 • വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
 • വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും വേണം.
 • രോഗലക്ഷണങ്ങളുമായി വരുന്നവരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുക.
 • പരിചരിക്കുന്നവർ കയ്യുറ, ഗൗൺ, എൻ95 മാസ്ക് എന്നിവ ഉപയോഗിക്കുക (വായുവിലെ തീർത്തും സൂക്ഷ്മമായ കണങ്ങളിൽ 95 ശതമാനവും ശ്വസിക്കുന്നത് തടയാൻ കഴിയുന്ന മാസ്കുകളാണ് എൻ95).
 • പരിചരിച്ച ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് 20 സെക്കന്ഡ് എങ്കിലും നന്നായി കഴുകുക.
 • രോഗികളുടെ കട്ടിലുകള് തമ്മിൽ ഒരു മീറ്റര് അകലമെങ്കിലും ഉറപ്പാക്കുക.
 • അണുനാശികാരികളായ ക്ലോറോഹെക്സിഡൈന്‍ അല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ ഹസ്ത ശുചികരണ ദ്രാവകങ്ങള്‍ (ഉദാ. സാവ്ലോണ്‍ പോലുള്ള) കൊണ്ട് ശുശ്രൂഷയ്ക്ക് ശേഷം കൈ കഴുകാവുന്നതാണ്.
 • ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഡിസ്പോസബിൾ ആയാൽ ഉത്തമം.
 • പുനരുപയോഗം അനിവാര്യമെങ്കിൽ അണു നശീകരണം നിർബന്ധം.

വവ്വാലിൽ നിന്ന് വൈറസ് ബാധ ഏൽക്കാതിരിക്കാൻ:

വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യശരീരത്തില്‍ ഉള്ളിലെത്തിയാല്‍ അസുഖം ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. ഉദാഹരണമായി വവ്വാലുകള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ നിന്നും തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക. വവ്വാലുകള്‍ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ തുടങ്ങിയ പഴങ്ങളും ഒഴിവാക്കുക.

മൃതദേഹത്തിൽ നിന്ന് പകരാതിരിക്കാൻ:

 • മൃതദേഹത്തിൽ നിന്ന് മുഖവുമായും ശാരീരികസ്രവങ്ങളുമായും സമ്പര്‍ക്കം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുക.
 • മൃതദേഹത്തെ കുളിപ്പിക്കുന്ന സമയത്ത് മുഖം മറയ്ക്കുക.
 • മൃതദേഹത്തെ കുളിപ്പിച്ചതിനു ശേഷം കുളിപ്പിച്ച വ്യക്തികള്‍ ദേഹം മുഴുവന്‍ സോപ്പ് തേച്ച് കുളിക്കേണ്ടതാണ്.
 • മരണപ്പെട്ട വ്യക്തി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ പാത്രങ്ങള്‍ തുടങ്ങിയ വീണ്ടും ഉപയോഗിക്കാവുന്ന സാധനങ്ങള്‍ സോപ്പോ ഡിറ്റര്‍ജന്റോ ഉപയോഗിച്ച് കഴുകേണ്ടതാണ്.
 • മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി ചുരുക്കുന്നതാണ് നല്ലത്.

1077, 1056 എന്നീ നമ്പരുകളില്‍ വിളിച്ചാല്‍ നിപയെക്കുറിച്ചുള്ള സംശയനിവാരണം നടത്താം. ആരോഗ്യ വകുപ്പിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദിശ ഹെല്‍പ് ലൈന്‍ നമ്പരിലേക്ക് വിളിക്കാവുന്നതാണ്. നമ്പരുകള്‍: 0471 2552056 (ടോള്‍ഫ്രീ).

പേടിക്കാതെ ജാഗ്രതയോടെ കൈകാര്യം ചെയ്യുക, മുൻകരുതലുകൾ സ്വീകരിച്ചാൽ നിപയെ പ്രതിരോധിക്കാം.