നിപ രണ്ടാം ഘട്ടം പ്രതീക്ഷിച്ചിരുന്നു, മുൻകരുതലും ജാഗ്രതയും തുടരുമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം: നിപ വൈറസ് ബാധയുടെ ഒന്നാം ഘട്ടം നല്ലരീതിയില്‍ തന്നെ ആരോഗ്യവകുപ്പ് നേരിട്ടതുകൊണ്ടാണ് ആളുകള്‍ മരിക്കുന്ന അവസ്ഥയും രോഗവ്യാപനവും കുറയ്ക്കാന്‍ സാധിച്ചതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. നിപ വൈറസ് രണ്ടാം ഘട്ടം പ്രതീക്ഷിച്ചിരുന്നു,1000 ത്തോളം പേർ നിരീക്ഷണത്തിലാണ്. ഭയപ്പെട്ടിട് കാര്യമില്ലെന്നും മുൻകരുതലും ജാഗ്രതയും തുടരുമെന്നും മന്ത്രി പറഞ്ഞു.

നിപ വൈറസ് വീണ്ടും പടരുന്ന സാഹചര്യത്തില്‍ ഡോക്ടർമാരോ ജീവനക്കാരോ വീഴ്ച വരുത്തിയിട്ടുണ്ടോയെന്ന് പിന്നീട് പരിശോധിക്കാമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ഓസ്ട്രേലിയയിൽ നിന്നെത്തിക്കുന്ന മരുന്നുകൾ പ്രയോഗിക്കാൻ സഹായിക്കുന്നതിനായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്‍റെ (ഐസിഎംആര്‍) വിദഗ്ധ സംഘം കേരളത്തിലെത്തും. ഉറവിടം കണ്ടെത്താനുള്ള പരിശോധന തുടരുന്നു.

വൈറസ് ബാധ ഗുരുതരമായതിന് ശേഷം മാത്രമേ പരിശോധനയിൽ തിരിച്ചറിയാൻ സാധിക്കുവെന്നത് വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു. ബാലുശ്ശേരി ആശുപത്രിയിൽ സ്വീകരിച്ചത് കരുതൽ നടപടിയെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

നിപ സ്ഥിരീകരിച്ച് സംസ്ഥാനത്ത് ഇതുവരെയായി 17 പേരാണ് മരിച്ചത്. രോഗം സ്ഥിരീകരിച്ച രണ്ട് പേർ ഇപ്പോഴും ചികിത്സയിലാണ്. ആകെ 12 പേർ രോഗ ലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുണ്ട്. രോഗികളുമായി അടുത്തിടപഴകിയിട്ടുള്ള 1450 ൽ അധികം പേരുടെ പട്ടികയാണ് ഇപ്പോൾ ആരോഗ്യ വകുപ്പ് തയ്യാറാക്കിയത്. ഇവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിപ ബാധിച്ച് മരിച്ചവരുമായി അടുത്തിടപഴകിയിട്ടുള്ള മുഴുവൻ ആളുകളോടും പൊതു ഇടങ്ങളിൽ ഇടപെടുന്നത് ഒഴിവാക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി.