ആത്മഹത്യക്ക് പിന്നിൽ കുടുംബ പ്രശ്നം; ഭര്‍ത്താവും അമ്മയും കസ്റ്റഡിയില്‍; ആത്മഹത്യക്കുറിപ്പ് പുറത്ത്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ആത്മഹത്യയ്ക്കു പിന്നില്‍ കുടുംബപ്രശ്നങ്ങളാണെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്. ഭര്‍ത്താവിനെയും ബന്ധുക്കളെയും പഴിച്ചു കൊണ്ടുള്ളതാണ് ലേഖയുടെ ആത്മഹത്യക്കുറിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ മരിച്ച ലേഖയുടെ ഭര്‍ത്താവിനെയും അമ്മയെയും സഹോദരിമാരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ജപ്തിയുടെ ഘട്ടം എത്തിയപ്പോഴും ഭര്‍ത്താവ് ഒന്നും ചെയ്തില്ല. വസ്തു വില്‍ക്കുന്നതിന് ഭര്‍ത്താവിന്റെ അമ്മ തടസം നിന്നുവെന്നും തന്നെയും മകളെയും കുറിച്ച് അപവാദം പറഞ്ഞുവെന്നും കുറിപ്പില്‍ പറയുന്നു.

ജപ്തി ഭീഷണിയെ തുടർന്ന് ബാങ്കിന്‍റെ ഭാഗത്തുനിന്നുണ്ടായി സമ്മര്‍ദ്ദമാണ് ലേഖയുടെയും മകള്‍ വൈഷ്ണവിയുടെയും ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്ന് ആരോപണം ഉയരുന്നതിനിടെയാണ് സംഭവത്തില്‍ വഴിത്തിരിവുണ്ടാക്കി ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരിക്കുന്നത്. ആത്മഹത്യ ചെയ്ത മുറിയുടെ ചുവരില്‍ ഒട്ടിച്ച നിലയിലായിരുന്നു കുറിപ്പ്.

വസ്തു തര്‍ക്കവും കുടുംബ പ്രശ്‌നങ്ങളുമാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് കത്തിലെ സൂചന. ചന്ദ്രന്റെ അമ്മയായ കൃഷ്ണമ്മ, ഭര്‍ത്താവ് കാശി, ശാന്ത എന്നിവര്‍ക്കെതിരെയാണ് കുറിപ്പ്. സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചതായി കത്തില്‍ പറയുന്നു. തന്നെയും മകളെയും കൊല്ലുമെന്ന് കൃഷ്ണമ്മ ഭീഷണിപ്പെടുത്തിയതായും കടം തീര്‍ക്കാന്‍ വീട് വില്‍ക്കാന്‍ അനുവദിക്കുന്നില്ലെന്നും കത്തില്‍ പറയുന്നു.

മന്ത്രവാദം അടക്കമുള്ള കാര്യങ്ങള്‍ നടത്തിയതായും തങ്ങളെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും കത്തില്‍ ആരോപിക്കുന്നു. കടബാധ്യതകളുടെ പേരില്‍ എല്ലാവരും തന്നെയാണ് കുറ്റപ്പെടുത്തുന്നതെന്നും ലേഖയുടെയും മകളുടെയും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

ബുധനാഴ്ച രാവിലെ ഫോറന്‍സിക് സംഘം വീടിനുള്ളില്‍ കടന്ന് പരിശോധിച്ചപ്പോഴാണ് ആത്മഹത്യാ കുറിപ്പും ചുവരിലെഴുതിയ വാചകങ്ങളും കണ്ടെത്തിയത്. സംഭവത്തിനു ശേഷം പോലീസ് വീട് പൂട്ടിയിരുന്നു. ഇതിനാലാണ് നേരത്തെ ആത്മഹത്യക്കുറിപ്പ് കണ്ടെത്താതെ ഇരുന്നത് എന്ന് പോലീസ് വ്യക്തമാക്കി.