‘ബാങ്കിൽ നിന്ന് വീണ്ടും വിളി വന്നു’; ബാങ്ക് അധികൃതർ ആത്മഹത്യക്ക് ശേഷവും പണം ചോദിച്ചെന്ന് ഗൃഹനാഥൻ

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര മാരായമുട്ടത്ത് ജപ്തി ഭയന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ മകള്‍ മരിച്ചശേഷവും പണം ആവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ വിളിച്ചെന്ന് ഗൃഹനാഥന്‍ ചന്ദ്രന്‍. പണം എപ്പോള്‍ എത്തിക്കുമെന്ന് ചോദിച്ച് ഇന്നലെ വൈകിട്ട് അഞ്ചുവരെ ബാങ്കിന്റെ അഭിഭാഷകന്‍ വിളിച്ചു. ഫോണ്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും ചന്ദ്രന്‍ പറഞ്ഞു.

അമ്മയും മകളും ജീവനൊടുക്കിയതില്‍ ബാങ്ക് അധികൃതരെ പ്രതിയാക്കണമോയെന്ന് പൊലീസ് ഇന്ന് തീരുമാനിക്കും. ബാങ്കിന്റെ ഭാഗത്ത് നിന്ന് സമ്മര്‍ദമുണ്ടായതായി തെളിവ് ലഭിച്ചാല്‍ കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം.രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ മാരായമുട്ടത്തേയ്ക്ക് കൊണ്ടു പോകും.

ജപ്തി ചെയ്യുമെന്ന കാനറ ബാങ്കിന്റെ സമ്മർദ്ദത്തിൽലും, മാനസിക പീഡനത്തില്‍ മനംനൊന്താണ് ലേഖയും വൈഷ്ണവിയും തീകൊളുത്തി മരിച്ചതെന്നാണ് പരാതി. പല തവണ ഫോണ്‍ വിളിച്ച് സമ്മര്‍ദത്തിലാക്കിയെന്നും ബന്ധുക്കള്‍ പറയുന്നു. അതിനാല്‍ കേസെടുക്കുന്നതിന് മുന്‍പ് പ്രധാനമായും രണ്ട് കാര്യങ്ങള്‍ പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. ബാങ്കിൽ നിന്ന് ഫോണ്‍ വിളിയെത്തിയോയെന്ന് അറിയാന്‍ ഫോണ്‍ രേഖകള്‍ പരിശോധിക്കും. കൂടാതെ ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്റെയും മാതാവ് കൃഷ്ണമ്മയുടെ മൊഴികളും കേൾക്കും.

വായ്പയുമായി ബന്ധപ്പെട്ട രേഖകളും പൊലീസ് പരിശോധിക്കും. വായ്പ തിരിച്ച് പിടിക്കാനായി കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ നിർദേശപ്രകാരമായിരുന്നു നടപടിയെന്ന വാദം ബാങ്ക് മുന്നോട്ട് വയ്ക്കുന്നുണ്ട്. അതിനാല്‍ നിയമവിദഗ്ധരുമായി ആലോചിച്ചാകും പൊലീസ് തീരുമാനമെടുക്കുക.