പണം 14-ാം തീയതിയിൽ അടയ്ക്കാമെന്ന് ബാങ്കിന് കുടുംബം എഴുതി നൽകിയിരുന്നു

തിരുവനന്തപുരം: ബാങ്കിന് അടയ്ക്കാനുള്ള തുക 14-ാം തീയതിയിൽ അടയ്ക്കാമെന്ന് ചന്ദ്രനും കുടുംബവും ബാങ്കിന് എഴുതി നൽകിയിരുന്നു. ‘12.30ന് മുന്‍പായി അടച്ചു തീര്‍ക്കാം, അല്ലെങ്കില്‍ ജപ്തി നടപടികളുമായി ബാങ്കിന് മുന്നോട്ടുപോകാം ’ – ജപ്തി നടപടികള്‍ക്കായി വീട്ടിലെത്തിയ അഭിഭാഷക കമ്മിഷനു മുന്നിലാണ് ഇത്തരത്തിൽ ചന്ദ്രന്‍ കത്ത് എഴുതി നൽകിയത്. ചന്ദ്രന്റെ ഭാര്യ ലേഖയും മകള്‍ വൈഷ്ണവിയും(19) ഇതിനു താഴെ ഒപ്പിട്ടിട്ടുണ്ട്. അയല്‍വാസികളായ രണ്ടുപേര്‍ സാക്ഷികളുമാണ്.

അഭിഭാഷക കമ്മിഷനും പൊലീസും 10-ാം തീയതി വീട്ടിലെത്തിയപ്പോഴാണ് ചന്ദ്രന്‍ ഈ കത്ത് എഴുതി നൽകിയത്. എന്നാല്‍ വസ്തുവും വീടും വാങ്ങാന്‍ ആരും എത്താതായതോടെ പണം തിരിച്ചടയ്ക്കാൻ സാധിച്ചില്ല. ഇതിന്റെ സമ്മർദ്ദത്തിലായിരുന്നു ഇവർ. വീട് നഷ്ടപ്പെടുമെന്ന ആശങ്ക ലേഖ അയല്‍വാസികളോടു പങ്കുവച്ചിരുന്നു. ആത്മഹത്യ ചെയ്യത ദിനത്തിൽ ഉച്ചവരെ പണം സംഘടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു കുടുംബം. 11 മണിക്ക് ബാങ്കില്‍നിന്നു വീട് ജപ്തി ചെയ്യുമെന്ന അറിയിപ്പ് വന്നു. തുടര്‍ന്നാണ് ലേഖയും മകളും മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തിയത്.