അടുത്ത കേന്ദ്ര ബജറ്റ് ജനകീയമാവില്ല; വികസന അജണ്ടയുമായി മുന്നോട്ടു പോകും: മോദി

ന്യൂഡല്‍ഹി: അടുത്ത കേന്ദ്ര ബജറ്റ് അത്ര ജനകീയമാകില്ലെന്ന് സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. ബജറ്റില്‍ സാധാരണക്കാരന്‍ സൗജന്യങ്ങളും ഇളവുകളും ഉണ്ടാകുമെന്നത് ഒരു സങ്കൽപ്പം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.

സര്‍ക്കാര്‍ വികസന അജന്‍ഡയുമായി മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കിയ മോദി ഇന്ത്യയെ ലോകത്തെ ദുര്‍ബലമായ അഞ്ച് രാജ്യങ്ങളില്‍ നിന്നും മോചിപ്പിക്കുമെന്നും അവകാശപ്പെട്ടു.

സര്‍ക്കാരിന്റെ സാമ്പത്തിക നവീകരണ നയങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളെ പ്രതിരോധിച്ച അദ്ദേഹം നോട്ടുനിരോധനം വന്‍ വിജയമാണെന്ന് പറഞ്ഞു. ബജറ്റുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ പൂര്‍ണമായും ധനമന്ത്രിയുടെ ചുമതലയാണെന്നും അതില്‍ ഇടപെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും മോദി വ്യക്തമാക്കി.