പീഡനത്തിനിരയായി എട്ട് വയസ്സുകാരി കൊല ചെയ്യപ്പെട്ടു ; തന്റെ മകളെയും ഒക്കത്തിരുത്തി വാര്‍ത്താ അവതാരകയുടെ കണ്ണ് നിറയ്ക്കുന്ന വാക്കുകള്‍

കസൂര്‍ :ക്രൂരമായ പീഡനത്തിനിരയായി എട്ട് വയസ്സുകാരി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ പാക്കിസ്ഥാനില്‍ പ്രതിഷേധം പുകയുന്നതിനിടെ സ്വന്തം മകളെയും കൊണ്ട് ടിവി സ്റ്റുഡിയോവില്‍ വന്ന് ഒരു വാര്‍ത്താ അവതാരക പറഞ്ഞ വികാര നിര്‍ഭരമായ വാക്കുകള്‍ ഏവരെയും കണ്ണീരിലാഴ്ത്തി.

ചൊവാഴ്ചയാണ് പാക്കിസ്ഥാനിലെ കസൂര്‍ ജില്ലയിലെ സൈനാബ് അന്‍സാരി എന്ന 8 വയസ്സുകാരിയെ ക്രൂരമായ പീഡനത്തിന് ശേഷം കൊല ചെയ്യപ്പെട്ട നിലയില്‍ പ്രദേശത്തെ ചവറ്റു കൊട്ടയില്‍ നിന്നും കണ്ടെത്തിയത്. കുട്ടിയെ കാണാതായി നാല് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു മൃതദേഹം കണ്ടെടുക്കുന്നത്.

മാതാപിതാക്കള്‍ തീര്‍ത്ഥാടനത്തിനായി വിദേശത്തേക്ക് പോയപ്പോഴാണ് സൈനബയെ കാണാതാവുന്നത്.പിഞ്ചു കുഞ്ഞിന്റെ മരണത്തില്‍ പാക്കിസ്ഥാനിലാകെ പ്രതിഷേധം അലയടിക്കുകയാണ്.

ഒരു വര്‍ഷത്തിനിടെ 12 പിഞ്ചു കുട്ടികളാണ് ഈ മേഖലയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ പ്രതികളെ പിടികൂടാന്‍ പൊലീസ് കാണിക്കുന്ന അലംഭാവത്തെ തുടര്‍ന്ന് പ്രകോപിതരായ ജനക്കൂട്ടം സംഘടിപ്പിച്ച പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചതോടെ പൊലീസിന് ആകാശത്തേക്ക് വെടി വെയ്‌ക്കേണ്ടി വന്നു.വെടിവെപ്പിനെ തുടര്‍ന്ന് പ്രതിഷേധക്കാരില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം.

ഈ സാഹചര്യത്തിലാണ് തന്റെ പിഞ്ചോമനയെ ഒക്കത്ത് ഇരുത്തി വാര്‍ത്ത വായിക്കാനായി ഈ അവതാരക എത്തിയത്. താന്‍ വാര്‍ത്ത അവതാരകയായല്ല ഇന്ന് എത്തിയിരിക്കുന്നത്. ഒരമ്മയായിട്ടാണ്,അതു കൊണ്ട് തന്നെയാണ് എന്റെ മകളോടൊപ്പം ഇരിക്കുന്നത്, എന്ന് പറഞ്ഞാണ് കിരണ്‍ നാസ് എന്ന മാധ്യമ പ്രവര്‍ത്തക തന്റെ വാര്‍ത്താ അവതരണം ആരംഭിക്കുന്നത്.

‘എന്തിനാണ് തന്നെ കൊലപ്പെടുത്തിയതെന്ന് പോലും അറിയാതെ സൈനാബ് മരിച്ചു കിടക്കുമ്പോള്‍ ഒരു രാജ്യം മുഴുവനും അവള്‍ക്ക്് മുന്‍പില്‍ തല കുനിച്ച് പോവുകയാണ്, ദൈവത്തിന്റെ കോടതിയില്‍ വെച്ച് നടക്കുന്ന വിചാരണ വേളയില്‍, പീഡനം നടത്തിയവര്‍ ദുര്‍ബലരും സൈനാബ് വളരെ ശക്തിയോടെയും ഇരിക്കുന്ന ഒരു ദിവസം വരും.

മകളെ അവിടെ നിനക്ക് പരിപൂര്‍ണ്ണമായും നീതി ലഭിക്കും’ എന്ന് കിരണ്‍ നാസ് എന്ന ഈ മാധ്യമ പ്രവര്‍ത്തക പറയുമ്പോള്‍ കണ്ണുനീരോട് കൂടിയല്ലാതെ ആ വാക്കുകളെ കേട്ട് നില്‍ക്കാന്‍ മനുഷ്യ സ്‌നേഹികള്‍ക്കാവില്ല.