റഫാലില്‍ മോദിക്ക് കുരുക്കായി പുതിയ വെളിപ്പെടുത്തല്‍; ആഞ്ഞടിക്കാന്‍ പ്രതിപക്ഷം

റഫാല്‍ ഇടപാടിന്റെ വിശദാംശങ്ങള്‍ അറിയിക്കണമെന്നു സുപ്രീംകോടതി ആവശ്യപ്പെട്ടതിന്റെ പിന്നാലെ കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തലവേദനയായി ഫ്രഞ്ച് മാധ്യമത്തിന്റെ പുതിയ വെളിപ്പെടുത്തല്‍. റഫാല്‍ യുദ്ധവിമാന നിര്‍മാണത്തില്‍ ഇന്ത്യയിലെ പങ്കാളിയായി റിലയന്‍സ് ഡിഫന്‍സിനെ നിയോഗിച്ചത് നിര്‍ബന്ധിതവും അതീവ പ്രാധാന്യമുള്ളതുമായ വ്യവസ്ഥയായി മുന്നോട്ട് വച്ചായിരുന്നെന്നു ഫ്രഞ്ച് മാധ്യമം’മീഡിയപാര്‍ട്ട്’ റിപ്പോര്‍ട്ട് ചെയ്തു..

റഫാല്‍ വിമാന നിര്‍മാണക്കമ്പനിയായ ഡാസോ ഏവിയേഷന്റെ ആഭ്യന്തര രേഖകള്‍ ഉദ്ധരിച്ചാണു വാര്‍ത്ത. പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ത്രിദിന സന്ദര്‍ശനത്തിനായി ഫ്രാന്‍സിലേക്കു പോകുന്നതിനു തൊട്ടുമുമ്പാണു സുപ്രധാന റിപ്പോര്‍ട്ട് മീഡിയാ പാര്‍ട്ട് പുറത്ത വിട്ടത്.റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ ഡാസോ ഏവിയേഷന്‍ തയ്യാറായില്ലെന്നും മീഡിയാ പാര്‍ട്ട് വ്യക്തമാക്കുന്നു

മീഡിയാ പാര്‍ട്ട് പ്രസിദ്ധീകരിച്ച ഫ്രഞ്ച് ഭാഷയിലുള്ള റിപ്പോര്‍ട്ട്‌

58,000 കോടി രൂപയ്ക്ക് 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനാണു ഫ്രാന്‍സുമായി ഇന്ത്യ കരാറൊപ്പിട്ടത്.കരാറില്‍ ഇന്ത്യന്‍ പങ്കാളിയായി റിലയന്‍സിനെ കൊണ്ടുവന്നത് ഇന്ത്യന്‍ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണെന്ന ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രന്‍സ്വ ഒലോന്‍ദിന്റെ വെളിപ്പെടുത്തലോടെയാണ് റഫാല്‍ ചൂടുപിടിച്ചത്. ഈ വെളിപ്പെടുത്തലും മീഡിയാ പാര്‍ട്ട് ആയിരുന്നു പുറത്തകൊണ്ടുവന്നത്. ബിജെപിക്കെതിരായ മുഖ്യപ്രചാരണായുധമായി റഫാലിനെ മാറ്റിയ കോണ്‍ഗ്രസ്, പ്രധാനമന്ത്രി മോദിയെ സംശയനിഴലിലാക്കുകയും ചെയ്തു.അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പും പൊതുതിരഞ്ഞെടുപ്പും അടുത്തിരിക്കെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനു വലിയ ഊര്‍ജമാകും പുതിയ വെളിപ്പെടുത്തല്‍.