ഒമാനില്‍ നിന്ന് പണമയക്കുമ്പോള്‍ ഉറവിടം വ്യക്തമാക്കണമെന്ന് പുതിയ നിയമം

മസ്‌ക്കത്ത്: ഒമാനില്‍ നിന്ന് നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികള്‍ ശ്രദ്ധിക്കുക; ഇനി മുതല്‍ തോന്നിയ പോലെ പണമയക്കാമെന്ന് കരുതിയാല്‍ അത് നടക്കില്ല. കാരണം വരവില്‍ കൂടുതല്‍ പണം നാട്ടിലേക്ക് അയക്കുമ്പോള്‍ അതിന്റെ ഉറവിടം വ്യക്തമാക്കേണ്ടിവരും. പണമിടപാടുമായി ബന്ധപ്പെട്ട് ഒമാന്‍ ഭരണകൂടം പുതിയ നിയമങ്ങള്‍ ആവിഷ്‌ക്കരിച്ചതോടെയാണിത്. കള്ളപ്പണം തടയുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമങ്ങള്‍ ഭരണകൂടം നടപ്പിലാക്കുന്നത്. പ്രവാസികളുടെ നാട്ടിലേക്കുള്ള പണമിടപാടുകള്‍ കര്‍ശനമായി നിരീക്ഷിക്കണമെന്നാണ് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇതിന്റെ ഭാഗമായാണ് പുതിയ വ്യവസ്ഥകള്‍ മുന്നോട്ടുവച്ചിരിക്കുന്നത്.

മാര്‍ച്ച് 22 മുതലാണ് പുതിയ വ്യവസ്ഥകള്‍ നടപ്പില്‍ വരിക. എന്‍ഹാന്‍സ്ഡ് ഡ്യൂ ഡിലിജന്‍സ് എന്നു പേരിട്ടിരിക്കുന്ന പുതിയ നിരീക്ഷണ സംവിധാനം അനുസരിച്ച് 400 ഒമാന്‍ റിയാലി (1040 ഡോളര്‍) നേക്കാള്‍ കൂടുതല്‍ പണം നാട്ടിലേക്ക് അയക്കുന്ന പ്രവാസികള്‍, പണം എങ്ങനെ, എവിടെ നിന്ന് ലഭിച്ചു തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കണം. മാസ വരുമാനം 400 റിയാലിനേക്കാള്‍ കുറവുള്ള പ്രവാസികള്‍ക്കാണ് പുതിയ വ്യവസ്ഥ ബുദ്ധിമുട്ടുണ്ടാക്കുക. ടൈംസ് ഓഫ് ഒമാന്‍ ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കള്ളപ്പണം തടയല്‍ നിയമത്തിന്റെ ഭാഗമായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാനാണ് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക രംഗം ശുദ്ധമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിബന്ധനകള്‍ കൊണ്ടുവന്നിരിക്കുന്നതെന്ന് ഒമാന്‍ യുനൈറ്റഡ് എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ സെയ്ദ് ഫറസ് അഹ്മദ് അറിയിച്ചു. 400 ഒമാന്‍ റിയാലിനേക്കാള്‍ അധികം അയക്കുന്നവര്‍ വരുമാന സ്രോതസ്സ് വ്യക്തമാക്കുന്ന രേഖകള്‍ തെളിവായി ഹാജരാക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും നല്‍കിക്കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.