സരിതയുടെ ലൈംഗിക പീഡന ആരോപണം പുതിയസംഘം അന്വേഷിക്കും;കൂടുതല്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കും

സരിത എസ് നായരുടെ പരാതിയിലെ ലൈംഗിക പീഡന ആരോപണം ക്രൈം ബ്രാഞ്ചിന്റെ പുതിയസംഘം അന്വേഷിക്കും. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ സി വേണുഗോപാല്‍ എം പി എന്നിര്‍ക്കെതിരെ കഴിഞ്ഞദിവസം ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഉമ്മന്‍ ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിനും വേണുഗോപാലിനെതിരെ ബലാല്‍സംഗത്തിനുമാണ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

എസ് പി അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിമാരും സംഘത്തിലുണ്ടാകും. നിലവിലെ പ്രത്യേക അന്വേഷണസംഘത്തിന് കീഴില്‍ തന്നെയാണ് പുതിയ അന്വേഷണസംഘം പ്രവര്‍ത്തിക്കുക.

ഒരു പരാതിയിൽ നിരവധിപ്പേർക്കെതിരെ ബലാൽസംഗത്തിന് കേസെടുക്കാനാകില്ലെന്ന് പ്രത്യേക സംഘത്തിന്‍റെ തലവനായിരുന്ന മുൻ ഡിജിപി രാജേഷ് ധവാനും, അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശിപ്പും നിലപാടെടുത്തു. ഇതോയെയാണ് ഉമ്മൻചാണ്ടി, കെ.സിവേണുഗോപാൽ, എപി അനിൽ കുമാർ, അടൂർ പ്രകാശ് തുടങ്ങിവർക്കെതിരെ കേസെടുക്കാനുള്ള സർക്കാർ നീക്കി വഴി മുട്ടിയത്.

ഇതേതുടര്‍ന്നാണ് പ്രത്യേകം പ്രത്യേകം പരാതികളിൽ കേസെടുക്കുന്നതിൽ നിയമ തടസ്സമില്ലെന്ന് പൊലീസ് നിയമോപദേശം ലഭിച്ചത്. ഇതിന് പിന്നാലെയാണ് സരിത ഓരോരുത്തർക്കുമെതിരെ പ്രത്യേകം പരാതികളുമായായി പൊലീസിനെ സമീപിക്കുകയായിരുന്നു. എഐസിസി ജനറൽ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടിക്കും കെ സി വേണുഗോപാലിനുമെതിരെ എഡിജിപി അനില്‍ കാന്തിന് പ്രത്യേകം പരാതിയാണ് നല്‍കിയത്.