ഹ്യുണ്ടായി ഗ്രാന്റ് i10 നിയോസിന്റെ ബുക്കിങ് ആരംഭിച്ചു

ഗ്രാന്റ് i10 നിയോസ് എന്ന് പേരിട്ടിരിക്കുന്ന രണ്ടാം തലമുറ ഗ്രാന്റ് i10 -ന്റെ ചിത്രം പുറത്തുവിട്ട് ഹ്യുണ്ടായി. 2019 ഓഗസ്റ്റ് 20 -ന് വിപണിയില്‍ അവതരിപ്പിക്കാനിരിക്കെയാണ് ഹാച്ച്ബാക്കിന്റെ ചിത്രം കമ്പനി പങ്കുവെച്ചിരിക്കുന്നത്. ചിത്രം പങ്കുവെച്ചതിനൊപ്പം തന്നെ വാഹനത്തിനായുള്ള ബുക്കിങും കമ്പനി ആരംഭിച്ചു. ഡീലര്‍ഷിപ്പുകള്‍ വഴിയും ഓണ്‍ലൈന്‍ വഴിയും 11,000 രൂപ നല്‍കി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യമാണ് കമ്പനി നല്‍കിയിരിക്കുന്നത്. വിപണിയില്‍ അവതരിപ്പിച്ച് ഉടന്‍ തന്നെ ഉപഭോക്താക്കള്‍ക്ക് വാഹനം ലഭ്യമായി തുടങ്ങുമെന്നും കമ്പനി അറിയിച്ചു.

2013 -ല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച മോഡല്‍, പിന്നീട് 2017 -ലാണ് ഫെയ്‌സ്‌ലിഫ്റ്റില്‍ വിപണിയില്‍ എത്തുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ രണ്ടാം തലമുറ നിയോസിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്.

യൂറോപ്പ് വിപണയില്‍ വില്‍ക്കുന്ന രണ്ടാം തലമുറ ഗ്രാന്‍ഡ് i10 -ന് സമാനമായ ഫോഗ് ലാമ്പുകളും പുതിയ മോഡലില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. റേഡിയേറ്റര്‍ ഗ്രില്ലിന് മുകളിലായി ഡേടൈം റണ്ണിങ് ലാമ്പുകളും ഇടംപിടിച്ചിട്ടുണ്ട്. പുതിയ ഡിസൈനിലുള്ള അലോയി വീലുകള്‍, പരിഷ്‌കരിച്ച ഹെഡ്‌ലൈറ്റ്, പുത്തന്‍ ശൈലിയിലുള്ള ടെയില്‍ ലാമ്പ് എന്നിവയൊക്കെ രണ്ടാം തലമുറ ഗ്രാന്‍ഡ് i10 നിയോസിന്റെ സവിശേഷതകളാണ്.

എഞ്ചിന്‍ ഓപഷനുകളെക്കുറിച്ച് ഒന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും നിലവിലുള്ള 1.2 ലിറ്റര്‍ കാപ്പ പെട്രോള്‍ എഞ്ചിന്‍ പരിഷ്‌കരിച്ച് മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് 6 (ബിഎസ്6) നിലവാരത്തിലേക്ക് ഉയര്‍ത്തിയാകും പുതിയ മോഡലിനെ കമ്പനി നിരത്തിലെത്തിക്കുന്നത്.

1.2 ലിറ്റര്‍ U2 ഡീസല്‍ എഞ്ചിന്‍ പതിപ്പിനെയും ഭാരത് സ്റ്റേജ് 6 നിലവാരത്തിലേക്ക് ഉയര്‍ത്തിയാകും വിപണിയില്‍ അവതരിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപഷനുകളും ഹാച്ച്ബാക്കില്‍ പ്രതീക്ഷിക്കാം.

വാഹനത്തില്‍ രണ്ട് എയര്‍ബാഗുകള്‍, കാല്‍നട യാത്രക്കാര്‍ക്ക് പരിക്കുകള്‍ ഉണ്ടക്കാത്ത ബമ്പറുകള്‍, ABS-EBD സംവിധാനം, പിന്‍ പാര്‍കിങ് സെന്‍സറുകള്‍, സ്പീഡ് അലേര്‍ട്ട് വാര്‍ണിങ്, ഇരട്ട സീറ്റ് ബെല്‍റ്റ് റിമൈണ്ടറുകള്‍ എന്നിവ ഉണ്ടായിരിക്കും. 5 ലക്ഷം രൂപ മുതല്‍ 7.65 ലക്ഷം രൂപ വരെ മോഡലിന് വിപണിയില്‍ വില പ്രതീക്ഷിക്കാം.