എസ്.ബി.ഐ ജീവനക്കാര്‍ എമ്പക്കം വിടരുത്; പുതിയ ഡ്രെസ് കോഡും പെരുമാറ്റച്ചട്ടവും

മുംബയ്: എസ്.ബി.ഐ ജീവനക്കാര്‍ ഇനി ഓഫീസുകളിലെ മീറ്റിംഗുകളില്‍ എമ്പക്കം വിടാന്‍ പാടില്ല! അറിയാതെ വിട്ടുപോയാല്‍ എന്തു നടപടി സ്വീകരിക്കുമെന്നു മാത്രം അറിയില്ല. രാജ്യത്തെ വലിയ പൊതുമേഖലാ ബാങ്ക് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പെരുമാറ്റമുറ, വസ്ത്രധാരണ രീതി എന്നിവയും നിശ്ചയിച്ചിട്ടുണ്ട്. ജോലിസ്ഥലത്ത് സ്വീകാര്യമായ ഒരു അവസ്ഥയുണ്ടാക്കുന്നതിന് എല്ലാ ജീവനക്കാരും മാതൃകാ ഡ്രെസ് കോഡ് പാലിക്കണമെന്ന് സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്.

നല്ല വൃത്തിയുള്ള ഷൂസ് വേണം ധരിക്കാന്‍. സ്ലിപ്പറുകളിടരുത്. ടീഷര്‍ട്ടുകള്‍, ജീന്‍സ്, കനം കുറഞ്ഞ പതുപതുത്ത ഷൂസ്, സ്‌പോര്‍ട്‌സ് ഷൂസ് എന്നിവ ഇടരുത്. അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസുകളില്‍ ജോലി ചെയ്യുന്ന പുരുഷന്മാര്‍ സ്മാര്‍ട്ട് വേഷമാണ് ഇടേണ്ടത്. ടൈയും കെട്ടണം. സീനിയറായ സ്ത്രീജീവനക്കാര്‍ സാരിയോ മറ്റ് ഇന്ത്യന്‍ വേഷമോ വേണം ധരിക്കാന്‍.

പരുപരുക്കന്‍ രീതിയിലാവരുത് വേഷം. തലമുടി ഞൊറിഞ്ഞിടരുത്. വ്യക്തി വൃത്തി പാലിക്കണം. എമ്പക്കം വിടുകയോ ശരീരത്തിലെ വിയര്‍പ്പ് മണം ഉണ്ടാകുകയോ ചെയ്യരുത്. ഷൂസ് എല്ലാ ദിവസവും പോളിഷ് ചെയ്യണം. ഷൂസിനും ബെല്‍റ്റിനും ഒരേ കളറാവണം. പാന്റ്‌സിന്റെ നിറം തന്നെയാവണം സോക്‌സിനും. ഷര്‍ട്ടിന്റെ കൈയുടെ നീളത്തിനും വ്യവസ്ഥയുണ്ട്. സംഭാഷണത്തില്‍ പ്രാദേശികച്ചുവയുളള ഭാഷ ഉപയോഗിക്കരുതെന്നും ബാങ്ക് വിലക്കിയിട്ടുണ്ട്.

ഒരു സര്‍വീസ് ബ്രാന്‍ഡിന്റെ പ്രതിച്ഛായയും വൈകാരികമൂല്യവും വര്‍ദ്ധിപ്പിക്കുന്ന പ്രധാനഘടകങ്ങളിലൊന്ന് അതിന്റെ പ്രതിനിധികള്‍ ഉപഭോക്താക്കളോടും സഹജീവികളോടും ബന്ധപ്പെട്ടവരോടുമെല്ലാം പെരുമാറുന്ന രീതിയും കാഴ്ചയുമാണെന്ന് ബാങ്ക് പറയുന്നു. ഓരോ ജീവനക്കാരനും ജീവനക്കാരിയും ബാങ്കിന്റെ ബ്രാന്‍ഡ് അംബാസഡറാണ്. അവരുടെ വേഷവും മട്ടുംഭാവവുമെല്ലാം ബാങ്കിന്റെ പ്രതിച്ഛായയെയും ബാധിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

രാജ്യത്തെ ബാങ്കിംഗ് വിപണിയുടെ 20 ശതമാനവും കൈകാര്യം ചെയ്യുന്നത് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. അടുത്തിലെ എസ്.ബി.ടി ഉള്‍പ്പെടെ അഞ്ച് അസോസിയേറ്റ് ബാങ്കുകളെയും ഭാരതീയ മഹിളാ ബാങ്കിനെയും ലയിപ്പിച്ചിരുന്നു. 2016 എപ്രില്‍ വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് 24000 ശാഖകളും 2.69 ലക്ഷം ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അതിപ്പോള്‍ മൂന്നു ലക്ഷത്തിലേറെ ജീവനക്കാരും 30,000 കടന്ന ശാഖകളുമായിക്കാണും.