എക്സിറ്റ് പോളിൽ മുന്നിൽ എൻ.ഡി.എ; മോദി വിജയം ഉറപ്പിച്ച് ഫലം

ന്യൂഡല്‍ഹി: എൻ.ഡി.എ. ഭരണം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. എന്‍.ഡി.എ നേട്ടമുണ്ടാക്കുമെന്നാണ് ഒന്‍പത് എക്സിറ്റ് പോളുകള്‍ പറയുന്നത്. ഇതില്‍ അഞ്ചു സര്‍വേകള്‍ എന്‍.ഡി.എ മുന്നൂറ് സീറ്റിലധികം നേടുമെന്നാണ് പ്രവചനം. എന്നാൽ, ബി.ജെ.പി.യുടെ സീറ്റെണ്ണത്തിൽ 2014-നെക്കാൾ കുറവുണ്ടായേക്കുമെന്നാണ് സർവേകൾ പറയുന്നത്.

2014-ൽ ബി.ജെ.പി.യുടെ 282 സീറ്റടക്കം 336 സീറ്റാണ് എൻ.ഡി.എ.യ്ക്കു ലഭിച്ചത്. ഇക്കുറി മുന്നണിക്ക് 242 മുതൽ 336 വരെ സീറ്റാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. പുറത്തുവന്ന സർവേയിൽ ഒന്നുപോലും കോൺഗ്രസിന്റെയോ യു.പി.എ.യുടെയോ മുന്നേറ്റം പ്രവചിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. കേരളത്തിൽ ഭൂരിപക്ഷം സർവേകളിലും യു.ഡി.എഫിനാണു മുൻതൂക്കം.

2014-ൽ കൈയയച്ച് പിന്തുണച്ച ചില സംസ്ഥാനങ്ങളിലെങ്കിലും ഇത്തവണ ബി.ജെ.പി.ക്കു ക്ഷീണമുണ്ടാകും. എന്നാൽ, ബംഗാൾ, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത്തവണയുണ്ടാക്കുന്ന നേട്ടത്തിലൂടെ ബി.ജെ.പി. ഒരുപരിധിവരെ ഇതിനെ മറികടക്കും. ഉത്തർപ്രദേശിൽ മഹാസഖ്യവും പഞ്ചാബിൽ കോൺഗ്രസും ബി.ജെ.പി.യുടെ മുന്നേറ്റത്തെ പ്രതിരോധിക്കുമെന്ന് വ്യത്യസ്ത പോൾഫലങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യ ടുഡേയുടെ സര്‍വേ പ്രകാരം എന്‍ഡിഎയ്ക്ക് 339 നും 365നും ഇടയില്‍ സീറ്റ് കിട്ടും. യുപിഎ 77 നും 108നും ഇടയില്‍. മറ്റുള്ളവര്‍ക്ക് 69നും 95നും ഇടയില്‍ സീറ്റുകളേ നേടാനാകൂ.

ന്യൂസ് 18ന്‍റെ പ്രവചനം എന്‍ഡിഎ 336, യുപിഎ 82, മറ്റുള്ളവര്‍ 124 എന്നിങ്ങനെയാണ്. ടൈംസ് നൗ പ്രവചിക്കുന്നത് എന്‍ഡിഎക്ക് 306 ഉം യുപിഎയ്ക്ക് 132ഉം മറ്റു പാര്‍ട്ടികള്‍ക്ക് 104 ഉം സീറ്റാണ്. റിപ്പബ്ലിക് സി വോട്ടര്‍ സര്‍വേ പ്രകാരം എന്‍.ഡി.എ 287, യുപിഎ 129 മറ്റുള്ളവര്‍ 127. ബിജെപിയും ഒപ്പമുള്ള പാര്‍ട്ടികളും കേവലഭൂരിപക്ഷം നേടില്ലെന്നാണ് എബിപി ന്യൂസിന്‍റെ പ്രവചനം. എന്‍ഡിഎ 267, യുപിഎ 127, മറ്റുള്ളവര്‍ 148 എന്നിങ്ങനെയാണ് എബിപി ന്യൂസ് പ്രവചനം.

ന്യൂസ് എക്സും എന്‍ഡിഎയ്ക്ക് കേവലഭൂരിപക്ഷം പ്രവചിക്കുന്നില്ല. 242 സീറ്റുകള്‍ കിട്ടും. യുപിഎയ്ക്ക് 162 നേട്ടുകള്‍ നേടുമ്പോള്‍ 136 സീറ്റുകളുമായി മറ്റുള്ളവര്‍ നിര്‍ണായക ശക്തിയാകും. എന്‍ഡിഎയ്ക്ക് ടുഡേസ് ചാണക്യ 306 സീറ്റും ജന്‍കി ബാത്ത് 305 സീറ്റും പ്രവചിക്കുന്നു.