രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക്; സംസ്ഥാനത്തിന് 2000 കോടി നഷ്ടം

തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കുന്ന ദേശീയ പണിമുടക്കില്‍ സംസ്ഥാന ഖജനാവിന് രണ്ടായിരം കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകും. ശബരിമല കര്‍മ്മ സമിതിയുടെ ഹര്‍ത്താലില്‍ രണ്ടായിരം കോടിയോളം നഷ്ടമുണ്ടായതിന് പിന്നാലെയാണ് ഈ പണിമുടക്ക് തീര്‍ക്കുന്ന നഷ്ടം.

ദേശീയ പണിമുടക്കാണെങ്കിലും കേരളത്തിലായിരിക്കും ഇത് ‘വന്‍ വിജയ’മാവുക. ഖജനാവിലേക്ക് പണം വരുന്ന ഉത്പാദന മേഖലകളെല്ലാം സ്തംഭിക്കും. ഭരണം നടത്തുന്ന ഇടതു മുന്നണിയുടെ എല്ലാ തൊഴിലാളി സംഘനകളും പ്രതിപക്ഷ തൊഴിലാളി സംഘടകളും സമരത്തിനുണ്ട്.

ഗതാഗതം സ്തംഭിക്കുന്നത് ടൂറിസത്തെ പ്രതികൂലമായി ബാധിക്കും. സീസണായതിനാല്‍ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും വിദേശികള്‍ ധാരാളം ഉണ്ട്. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യബസുകളും നിലയ്ക്കുന്നതോടെ ഹര്‍ത്താല്‍ പ്രതീതിയാകും. സാധാരണക്കാര്‍ക്ക് പുറത്തിറങ്ങാനാവില്ല.

നാലര ലക്ഷം കോടി രൂപയാണ് സംസ്ഥാനത്തിന്റെ ഒരു വര്‍ഷത്ത വരുമാനം. അതനുസരിച്ച് 1232 കോടി രൂപയാണ് ഒരു ദിവസത്തെ വരുമാനം. ഇതില്‍ കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിട്ടി പോലുള്ളവ മാറ്റി നിറുത്തിയാല്‍ നഷ്ടം ആയിരം കോടിയാകും. ആ കണക്കിലാണ് രണ്ട് ദിവസം കൊണ്ട് 2,000 കോടി നഷ്ടപ്പെടുന്നത്.