ചൊവ്വാ ഗ്രഹത്തില്‍ ഡ്രോണ്‍ പറത്താനൊരുങ്ങി നാസ

ന്യൂയോര്‍ക്ക്: ചൊവ്വയ്ക്ക് മുകളിലൂടെ ഒരു ഡ്രോണ്‍ പറത്താനൊരുങ്ങി നാസ. ചുവന്ന ഗ്രഹത്തിനു വേണ്ടി പ്രത്യേകം രൂപകല്പന ചെയ്ത ഈ കുഞ്ഞന്‍ ഉപകരണത്തിന് മാര്‍സ് ഹെലികോപ്റ്റര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. 2020 ജൂലൈയില്‍ പുറപ്പെടുന്ന ചൊവ്വാ ദൗത്യ വാഹത്തിനൊപ്പം ഈ ഉപകരണം കൂടി അയയ്ക്കുമെന്ന് നാസ പ്രഖ്യാപിച്ചു.

1.8 കിലോഗ്രാം ഭാരമുള്ള ഡ്രോണ്‍ ഏറെ പ്രയോജനകരമായ പദ്ധതിയാണെന്നാണ് നാഷണല്‍ എയറോനോട്ടിക്‌സ് ആന്റ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ പറഞ്ഞത്. ഓരോ തവണയും ചുവന്ന ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ മൂന്ന് മീറ്റര്‍ ഉയരത്തില്‍ 90 സെക്കന്റ് നേരമാകും ഇത് പറക്കുക. സോളാര്‍ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണിന് മിനിറ്റില്‍ 3000 തവണ ചുറ്റുന്ന രണ്ട് ബ്ലേഡുകളുണ്ട്. റോവറില്‍ നിന്നും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഇത് പ്രവര്‍ത്തിക്കുക.