നാഗേശ്വര റാവു സിബിഐ താല്കാലിക ഡയറക്ടറായി ചുമതലയേറ്റു

ഡല്‍ഹി: സിബിഐ താല്കാലിക ഡയറക്ടറായി നാഗേശ്വര റാവു ചുമതലയേറ്റു. വ്യാഴാഴ്ച രാത്രിതന്നെ അദ്ദേഹം ചുമതലയേറ്റെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. അലോക് വര്‍മയെ കേന്ദ്ര സര്‍ക്കാര്‍ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് വീണ്ടും നീക്കിയതിനു പിന്നാലെയാണ് റാവു താല്കാലിക ഡയറക്ടറായി നാഗേശ്വര റാവു ചുമതലയേറ്റത്. അലേക് വര്‍മ്മയെ വീണ്ടും ഡയറക്ടറായി സുപ്രീം കോടതി നിയോഗിച്ചിരുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ വര്‍മ വീണ്ടും ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു. സിബിഐ ഡയറക്ടറെ മാറ്റണമെങ്കില്‍ അതിന് ഉന്നതാധികാര സമിതി യോഗം ചേരണമെന്നായിരുന്നു സുപ്രീം കോടതി നിര്‍ദേശം.

വിധി വന്ന് ഒരാഴ്ചയ്ക്കുള്ളില്‍ സമിതി യോഗം ചേരണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയാണ് വര്‍മയെ വീണ്ടും മാറ്റിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനും ജസ്റ്റീസ് എ.കെ. സിക്രി, കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ അംഗങ്ങളുമായ സമിതി ഖാര്‍ഗെയുടെ എതിര്‍പ്പ് തള്ളിയാണ് വര്‍മയെ വീണ്ടും മാറ്റിയത്.

ഫയര്‍ സര്‍വീസ്, സിവില്‍ ഡിഫന്‍സ് ആന്‍ഡ് ഹോം ഗാര്‍ഡ്‌സിന്റെ ഡയറക്ടര്‍ ജനറലായാണ് വര്‍മയെ മാറ്റിനിയമിച്ചത്.