സ്വന്തം പേജിലൂടെ മൈ സ്റ്റോറിയുടെ ട്രയ്ലർ റിലീസ് ചെയ്ത് മമ്മൂക്ക; ആരാധകർ ആശയക്കുഴപ്പത്തിൽ

കൊച്ചി: മമ്മൂക്കയുടെ ആരാധകരെ അത്യധികം വേദനിപ്പിച്ച ഒരു സംഭവമായിരുന്നു കസബയിലെ ഒരു റോൾ ചെയ്തതിന്റെ പേരിൽ അദ്ദേഹത്തെ അങ്ങേയറ്റം സ്ത്രീകളോട് ബഹുമാനമില്ലാത്തവനായി ചിത്രീകരിച്ചു കൊണ്ട് നടി പാർവതി നടത്തിയ പരാമർശം.പക്ഷെ അതിനെയെല്ലാം മറക്കണമെന്നും സിനിമയെ സിനിമയായി കാണണമെന്നും അഭ്യർത്ഥിച്ചു കൊണ്ട് മമ്മൂക്ക വീണ്ടും ആരാധകരുടെ അഭിമാനമായി.പാർവതി നായികയായെത്തുന്ന പൃഥ്വിരാജ് ചിത്രമായ മൈ സ്റ്റോറിയുടെ ട്രയ്ലർ സ്വന്തം പേജിലൂടെ റിലീസ് ചെയ്തു കൊണ്ടായിരുന്നു മമ്മൂക്ക ഇത് തെളിയിച്ചത്

ഒരു ആക്ഷന്‍ പ്രണയ ചിത്രത്തിന്റെ പ്രതീതി തരുന്ന ട്രൈലറാണ് പുറത്ത് വന്നത്. മാഡ്രിഡ് നഗരത്തിന്റെ മനോഹര ദൃശ്യങ്ങളോടൊപ്പം പൃഥ്വിരാജിന്റെ സ്റ്റൈലിഷ് ലുക്കും ട്രൈലറിനെ ആകര്‍ഷകമാക്കുന്നു. നേരത്തെ പുറത്തിറങ്ങിയ മൈ സ്റ്റോറിയിലെ ഗാനത്തിനെതിരെ മമ്മൂട്ടി ആരാധകര്‍ ഡിസ്‌ലൈക്ക് ക്യാമ്പയിന്‍ നടത്തിയിരുന്നു.‘എന്ന് നിന്റെ മൊയ്തീന്’ ശേഷം പൃഥ്വിരാജും പാര്‍വ്വതിയും ഒന്നിക്കുന്ന ചിത്രമാണ് ‘മൈ സ്റ്റോറി’. നവാഗതയായ റോഷ്ണി ദിനകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ ജയ് എന്ന കഥാപാത്രമായി പൃഥ്വിയും താരയായി പാര്‍വ്വതിയും എത്തുന്നു. റൊമാന്റിക് മ്യൂസിക് ഗണത്തില്‍പ്പെടുന്ന ക്യൂട്ട് ലിറ്റില്‍ ലവ് സ്റ്റോറി എന്നാണ് സംവിധായിക ചിത്രത്തെ വിശേഷിപ്പിക്കുന്നത്. തൊണ്ണൂറുകളെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ സമകാലിക വിഷയങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നു. ഇതുവരെയുള്ള പൃഥ്വിരാജ്, പാര്‍വതി ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ പ്രമേയമാണ് ‘മൈ സ്റ്റോറി’യുടെതെന്ന് റോഷ്ണി പറഞ്ഞു. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് റോഷ്ണി ദിനകര്‍ തന്നെയാണ്.