സി.പി.ഐയെ കടന്നാക്രമിച്ച് എം.വി. ജയരാജന്‍

തിരുവനന്തപുരം: സി.പി.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എം.വി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ജില്ലാ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ സി.പി.ഐ നേതാക്കള്‍ ഉന്നയിച്ചിരുന്നു. പിണറായി വിജയന്‍ മാധ്യമങ്ങളോട് കാണിക്കുന്ന മോദിയുടെ അതേ സമീപനമാണെന്നുള്ള ഗുരുതര ആരോപണം പോലും ഉയര്‍ന്നുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ജയരാജന്റെ മറുപടി.

പോസ്റ്റിന്‍െറ പൂര്‍ണ്ണരൂപം –

സി.പി.ഐ.എമ്മിനെ ചാരി വാര്‍ത്തയില്‍ ഇടം പിടിക്കാൻ ശ്രമിക്കുന്നവരോടുതന്നെ
==========================
‘അഞ്ജനമെന്നാല്‍ എനിക്കറിയാം, മഞ്ഞളുപോലെ വെളുത്തിട്ടെന്ന്’ പ്രഖ്യാപിക്കുന്ന ചിലരുണ്ട്. അവരുടെ നിരയില്‍ ചിലരാജാജിമാരും സ്ഥാനം കണ്ടെത്തിയിരിക്കുന്നു എന്ന് കരുതണം. പിണറായിയും മോഡിയും ഒരേ പോലെയാണത്രേ. ചൂഷണ വ്യവസ്ഥയ്ക്കെതിരായി സ്വയം സമര്‍പ്പിച്ച തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയത്തിന്‍റെ നേതാവാണ് പിണറായി. മതനിരപേക്ഷത ശക്തിപ്പെടുത്തുന്നതിന് യെച്ചൂരിയേയും പിണറായിയേയുമെല്ലാം രാജ്യത്തെ ജനങ്ങളിന്ന് പ്രതീക്ഷയോടെ നോക്കിക്കാണുകയാണ്. ഇതുകൊണ്ടുതന്നെയാണ് ബി.ജെ.പി നേതൃത്വം സി.പി.ഐ.എമ്മിനേയും ഇടതുപക്ഷത്തേയും മുഖ്യശത്രുവായി കാണുന്നതും തുടര്‍ച്ചയായി പിണറായിയെ തടയാന്‍ ശ്രമിച്ചതും സി.പി.ഐ.എം കേന്ദ്ര ഓഫീസിലേക്ക് നിരന്തരം മാര്‍ച്ച് നടത്തിയതുമെന്നത് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. എന്നാല്‍ മോഡിയും ട്രമ്പുമെല്ലാം മുതലാളിത്തത്തിന്‍റെ കാവല്‍ക്കാരും കോര്‍പ്പറേറ്റുകളുടെ ഏജന്‍റുമായാണ് ഫലത്തിൽ പ്രവര്‍ത്തിക്കുന്നത്. അവര്‍ നടപ്പാക്കുന്ന നയം അതാണ് വ്യതമാക്കുന്നത്. ഇതറിയാത്തയാളല്ല രാജാജി. ഇവിടെ, വാര്‍ത്തയാവണമെങ്കില്‍ സി.പി.ഐ.എമ്മിനെ ചേര്‍ത്ത് വിമര്‍ശിക്കണമെന്ന ഇന്നത്തെ ചില രാഷ്ട്രീയ – മാധ്യമ നിലപാടുതന്നെയാണ് രാജാജിയും നടപ്പാക്കിയത്.

പത്രക്കാരെ ഭയന്നാണ് പിണറായി പത്രസമ്മേളനം നടത്താത്തതെന്നാണ് ഇദ്ദേഹത്തിന്‍റെ കണ്ടെത്തല്‍. ബുദ്ധിമുട്ടുള്ള ചോദ്യങ്ങള്‍ ഒഴിവാക്കുന്നതിനാണത്രേ അത് !. എല്ലാദിവസവും മാധ്യമങ്ങളില്‍ മുഖം കാണിക്കണമെന്ന് വാശിയുള്ളവരുണ്ടാകാം. സി.പി.ഐ.എമ്മിനെ വെറുതേ വിമര്‍ശിച്ചുള്‍പ്പടെ അത്തരക്കാര്‍ അതിനുള്ള വഴിയും കണ്ടെത്തുന്നത് നമ്മള്‍ കാണാറും ഉണ്ട്. എന്നാല്‍ എല്ലാദിവസവും മാധ്യമങ്ങളെ കാണുന്നത് സി.പി.ഐ.എമ്മിന്റേയും പിണറായിയുടേയും രീതി അല്ലെന്ന് എല്ലാവര്‍ക്കും അറിയുന്നതാണ്. ആവശ്യമുള്ള ഘട്ടങ്ങളില്‍ പാർടിയും പിണറായിയും പത്രസമ്മേളനം നടത്താറുണ്ട്.

അവിടെ പറയേണ്ടകാര്യങ്ങള്‍ അതിന്‍റെ സൂക്ഷ്മതയും കൃത്യതയും പാലിച്ച് അവതരിപ്പിക്കാറും ഉണ്ട്. വലതുപക്ഷനയം ഉള്ളിലുള്ളതുകൊണ്ടാകാം നിരന്തരം മാധ്യമങ്ങളെ കാണണമെന്ന് രാജാജിമാര്‍ക്ക് തോന്നുന്നതെന്ന് സംശയിക്കുന്നവരെ കുറ്റം പറയാനും കഴിയില്ല. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോള്‍ പിണറായിക്കുനേരെയുണ്ടായത് ഹിമാലയന്‍ മാധ്യമവേട്ട തന്നെയായിരുന്നു. അവിടെ തളര്‍ന്നുപോയിട്ടില്ലെന്ന് മാത്രമല്ല, അത്തരം മാധ്യമസിന്‍ഡിക്കേറ്റ് ആക്രമണത്തെ തുറന്നുകാട്ടുകയും നേരിടുകയാണ് അദ്ദേഹം ചെയ്തത്.

അത്തരത്തിലുള്ളൊരാള്‍ മാധ്യമങ്ങളെ ഭയക്കുന്നു എന്നെല്ലാം പറഞ്ഞ് ഒരു പത്രത്തിന്‍റെ എഡിറ്റര്‍ ഇങ്ങനെ കാര്യഗൌരവമില്ലാത്തയാളാകാന്‍ പാടുണ്ടോ..!? അല്ലെങ്കിലും ജനങ്ങളെ ഭയപ്പെടുന്നവരല്ല കമ്യൂണിസ്റ്റുകാര്‍. ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ജനാധിപത്യത്തിന്‍റെ നാലാം തൂണിനെ കമ്യൂണിസ്റ്റുകാര്‍ ഭയക്കുന്നില്ല.

സി.പി.ഐ.എം – ബി.ജെ.പി എന്നീ രാഷ്ട്രീയ കക്ഷികളെ ഉഭയകക്ഷി സമാധാന ചർച്ചയ്ക്കായി തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രി വിളിച്ചുചേർക്കുകയുണ്ടായി. ആ യോഗത്തിൽ മാധ്യമപ്രവർത്തകരെ വിളിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ മാധ്യമപ്രവർത്തകരോട്‌ നിങ്ങളീ യോഗത്തിൽ പങ്കെടുക്കരുത്‌ എന്ന് പറഞ്ഞതാണോ രാജാജി മാത്യുവിനെ ചൊടിപ്പിച്ചത്‌. സി.പി.ഐ സംസ്ഥാന സമ്മേളനം മലപ്പുറത്ത്‌ നടക്കാനിരിക്കുകയാണല്ലോ. ആ സമ്മേളനത്തിൽ റിപ്പോർട്ടിന്മേൽ ചർച്ച നടക്കുമ്പോൾ മാധ്യമപ്രവർത്തകരെ മുഴുവൻ വിളിച്ചുചേർക്കാൻ രാജാജി മാത്യുവിന്റെ പാർട്ടി തയ്യാറാകുമോ..!?. അത്തരത്തിൽ തയ്യാറാകില്ലെങ്കിൽ ഇവിടെ രണ്ട്‌ കക്ഷികൾ തമ്മിൽ നടത്തിയ ചർച്ചവേദിയിലും മാധ്യമപ്രവർത്തകർ പങ്കെടുക്കുന്നത്‌ ഉചിതമാവില്ല. ഇക്കാര്യം വീണ്ടും ചർച്ചയാക്കി വിവാദമുയർത്തുന്നത്‌ സദുദ്ദേശപരവുമല്ല.
– എം.വി ജയരാജൻ