21.99 ലക്ഷം രൂപയ്ക്ക് എംവി അഗസ്റ്റ F3 800 RC ഇന്ത്യയില്‍

വീണ്ടുമൊരു സ്പോര്‍ട്സ് ബൈക്കുമായി എംവി അഗസ്റ്റ ഇന്ത്യയില്‍. 21.99 ലക്ഷം രൂപ വിലയില്‍ എംവി അഗസ്റ്റ F3 800 RC വിപണിയില്‍ പുറത്തിറങ്ങി. സാധാരണ F3 800 -നെക്കാളും നാലു ലക്ഷം രൂപയോളം റേസിങ് കിറ്റുള്ള F3 800 RC -യ്ക്ക് വില കൂടുതലുണ്ട്.

ട്രാക്ക് കേന്ദ്രീകൃതമായതിനാല്‍ രൂപത്തിലും ഭാവത്തിലും പുതിയ പതിപ്പ് വ്യത്യസ്തമാണ്. ചുവപ്പു നിറമുള്ള പുതിയ അലോയ് വീലുകള്‍ F3 800 RC -യുടെ സ്‌പോര്‍ടി തനിമ പറഞ്ഞുവെയ്ക്കും. ഇരുണ്ട നിറമാണ് ബൈക്കിന്. ഇറ്റാലിയന്‍ പതാകയുടെ ത്രിവര്‍ണ്ണ നിറം F3 800 RC -യുടെ മാറ്റുകൂട്ടും. ഡിസൈന്‍ പരിഷ്‌കാരങ്ങളുണ്ടെങ്കിലും മോഡലിന്റെ എഞ്ചിന്‍ മുഖത്ത് മാറ്റങ്ങള്‍ വീശിയിട്ടില്ല. സാധാരണ പതിപ്പിലുള്ള 798 സിസി എഞ്ചിന്‍തന്നെ F3 800 RC -യിലും തുടരും. 13,000 rpm -ല്‍ 148 bhp കരുത്തു കുറിക്കാന്‍ ബൈക്ക് പ്രാപ്തമാണ്. 10,600 rpm -ല്‍ 88 Nm torque ഉം എഞ്ചിന്‍ അവകാശപ്പെടും.

ആധുനിക ടെക്‌നോളജിക്കും ബൈക്കില്‍ യാതൊരു കുറവുമില്ല. റൈഡ് ബൈ വയര്‍, നാലു റൈഡിങ് മോഡുകള്‍, എട്ടു ലെവല്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനം, റേസ് മോഡുള്ള ബോഷ് നിര്‍മ്മിത ആന്റി – ലോക്ക് ബ്രേക്കിങ് സംവിധാനം, റിയര്‍ വീല്‍ ലിഫ്റ്റ് അപ്പ് മിറ്റിഗേഷന്‍ തുടങ്ങിയ നിരവധി സംവിധാനങ്ങള്‍ ബൈക്കിലുണ്ട്. F3 800 RC ഉപഭോക്താക്കള്‍ക്ക് ‘റേസിങ് കിറ്റ്’ കമ്പനി സൗജന്യമായി നല്‍കും. SC പ്രൊജക്ട് ടൈറ്റാനിയം, കാര്‍ബണ്‍ ഫൈബര്‍ എക്‌സ്‌ഹോസ്റ്റ് യൂണിറ്റാണ് റേസിങ് കിറ്റിലെ മുഖ്യവിശേഷം. പ്രത്യേക ഇസിയു യൂണിറ്റും റേസിങ് കിറ്റിന്റെ ഭാഗമായി ബൈക്കിന് ലഭിക്കും.

മോഡലിന്റെ ഭാരം കുറയ്ക്കുന്ന ഫൈബര്‍ ഗ്ലാസ് പില്യണ്‍ കൗള്‍, അലൂമിനിയം റിയര്‍ സെറ്റുകള്‍, അലൂമിനിയം ബ്രേക്കുകള്‍, അലൂമിനിയം ക്ലച്ച് ലെവറുകള്‍ എന്നിവയും റേസിങ് കിറ്റിന്റെ വിശേഷങ്ങളാണ്. ഈ ഘടകങ്ങളെല്ലാം F3 800 RC -യ്ക്ക് ലഭിക്കുമ്പോള്‍ കരുത്തുത്പാദനം 5 bhp വര്‍ധിക്കും; ഭാരം 173 കിലോയില്‍ നിന്നും 165 കിലോയായി കുറയും.