ലീഗിനും സ്ഥാനാര്‍ഥികളായി; പ്രഖ്യാപനം ഉടന്‍, മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി പൊന്നാനിയില്‍ ഇ.ടി. മുഹമ്മദ് ബഷീറും

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്ന തിരക്കിലാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും. സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അതിനിടയില്‍ മുസ്ലിം ലീഗും സ്ഥാനാര്‍ഥികളെ തീരുാമനിച്ചിരിക്കുന്നു. മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇ.ടി. മുഹമ്മദ് ബഷീറും മത്സരിക്കും. ശനിയാഴ്ചയോ ഞായറാഴ്ചയോ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

നേരത്തേ, പൊന്നാനിയില്‍നിന്ന് ഇ.ടി. മുഹമ്മദ് ബഷീറിനെ മലപ്പുറത്തേക്ക് മാറ്റണം എന്ന ആവശ്യം ഉയര്‍ന്നത് നേതൃത്വത്തില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. പൊന്നാനിയിലെ മുസ്ലീംലീഗ് മണ്ഡലം കമ്മിറ്റി അംഗങ്ങള്‍ തന്നെയാണ് ഇത്തരം ആവശ്യം മുന്നോട്ട് വച്ചത്. പകരം പൊന്നാനിയില്‍ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കണം എന്നാണ് ആവശ്യ ഉയര്‍ന്നത്.

അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് നിലവിലെ രണ്ടു സീറ്റുകള്‍ മാത്രമേ നല്‍കുകയുള്ളുവെന്നാണ് യുഡിഎഫ് തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ലീഗിന് നല്‍കാമെന്ന ധാരണയിലാണ് ലീഗിന്റെ ആവശ്യം യുഡിഎഫ് തള്ളിയതെന്നാണ് സൂചന.