ആൾക്കൂട്ട ആക്രമണത്തെ ഭയന്ന് മുസ്ലിം ഉദ്യോഗസ്ഥൻ പേര് മാറ്റാനൊരുങ്ങുന്നു

ഭോപ്പാല്‍: രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ഉണ്ടായ ആള്‍കൂട്ട ആക്രമണ പശ്ചാത്തലത്തിൽ തന്റെ പേര് മാറ്റാനൊരുങ്ങി മധ്യപ്രദേശിലെ മുസ്‌ലിം ഉദ്യോഗസ്ഥന്‍. ട്വിറ്ററിലൂടെയാണ് രാജ്യത്തെ മുസ്‌ലിം സമുദായത്തിന്റെ സുരക്ഷയില്‍ തനിക്കുള്ള ആശങ്ക സീനിയർ ഓഫീസറായ നിയാസ് ഖാൻ തുറന്നുപറഞ്ഞത്.

‘അക്രമികളായ ആള്‍ക്കൂട്ടത്തില്‍ നിന്നും പുതിയ പേര് എന്നെ രക്ഷിക്കും’ അദ്ദേഹം പറയുന്നു. ഒറ്റനോട്ടത്തില്‍ താന്‍ മുസ് ലീമാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ കള്ളപ്പേര് പറഞ്ഞുകൊണ്ട് തനിക്ക് അക്രമികളില്‍ നിന്ന് രക്ഷനേടാന്‍ കഴിയും. പക്ഷേ പരമ്പരാഗത മുസ്‌ലിം വേഷത്തില്‍ താടിയൊക്കെ വെച്ച് കഴിയുന്ന തന്റെ സഹോദരനെ സംബന്ധിച്ച് അദ്ദേഹം അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും ഖാന്‍ പറയുന്നു.

തന്റെ മുസ്‌ലിം ഐഡന്റിറ്റി മറച്ചുവെക്കാന്‍ മറ്റൊരു പേരു തേടുകയാണിപ്പോഴെന്നും, അതുവഴി വിദ്വേഷത്തിന്റെ വാളില്‍ നിന്നും സ്വയം രക്ഷിക്കാന്‍ കഴിയുമെന്നും ഖാന്‍ പറയുന്നു.